നിക്ഷേപ വളർച്ചക്ക് വഴിയൊരുക്കി ‘ഗോൾഡൻ റസിഡൻസി’
text_fieldsസലാലയിൽ നടന്ന ‘സുസ്ഥിര ബിസിനസ് പരിസ്ഥിതി’ ഫോറം
മസ്കത്ത്: നിക്ഷേപ വളർച്ചക്ക് വഴിയൊരുക്കുന്നതിനായി ‘ഗോൾഡൻ റെസിഡൻസി’ പ്രോഗ്രാം, ഔട്ട്സ്റ്റാൻഡിങ് കമ്പനീസ് സംരംഭം, വാണിജ്യ രജിസ്ട്രേഷൻ കൈമാറ്റങ്ങൾക്കായുള്ള പുതിയ ഡിജിറ്റൽ സേവനം എന്നിവയുൾപ്പെടെ നിരവധി പ്രധാന സംരംഭങ്ങൾ ആരംഭിക്കുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. സലാലയിലെ സുൽത്താൻ ഖാബൂസ് യൂത്ത് സെന്റർ ഫോർ കൾച്ചർ ആൻഡ് എന്റർടൈൻമെന്റിൽ നടന്ന ‘സുസ്ഥിര ബിസിനസ് പരിസ്ഥിതി’ ഫോറത്തിലാണ് പ്രഖ്യാപനങ്ങൾ നടത്തിയത്. ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദിന്റെ രക്ഷാകർതൃത്വത്തിലായിരുന്നു പരിപാടി. പുതിയ നടപടികൾ ആഗസ്റ്റ് 31 മുതൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വരും.
പ്രമുഖ ആഗോള നിക്ഷേപ കേന്ദ്രമായി മാറുക എന്ന ഒമാന്റെ ദർശനത്തിനനുസൃതമായി സ്ഥിരതയും അവസരങ്ങളും വാഗ്ദാനം ചെയ്ത് ദീർഘകാല നിക്ഷേപകരെ ആകർഷിക്കുന്നതിനാണ് ഗോൾഡൻ റെസിഡൻസി പ്രോഗ്രാം രൂപകൽപന ചെയ്തിരിക്കുന്നത്. അതേസമയം, ഗ്ലോറിയസ് കമ്പനീസ് സംരംഭം ഉയർന്ന പ്രകടനം കാഴ്ചവെക്കുന്ന ഒമാനി സ്ഥാപനങ്ങളെ പ്രാദേശികമായും ആഗോളമായും വികസിപ്പിക്കുന്നതിന് പ്രോത്സാഹനങ്ങളും സൗകര്യങ്ങളും നൽകി പിന്തുണക്കും. ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോമിൽ ഇലക്ട്രോണിക് സർട്ടിഫിക്കേഷൻ വഴി വാണിജ്യ രജിസ്ട്രേഷൻ ട്രാൻസ്ഫർ സേവനം അവതരിപ്പിക്കുന്നത് നടപടിക്രമങ്ങൾ സുഗമമാക്കുകയും പൂർണ ഡിജിറ്റൽ സംയോജനത്തിലൂടെ നിക്ഷേപകരുടെ ചെലവുകളും സമയവും കുറക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സുസ്ഥിരവും ഉത്തേജകവുമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുക, ഒമാന്റെ ആഗോള മത്സരശേഷി വർധിപ്പിക്കുക, വാണിജ്യ ഇടപാടുകളിൽ ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുക എന്നിവയാണ് ഈ സംരംഭങ്ങളുടെ ലക്ഷ്യമെന്ന് മന്ത്രാലയത്തിലെ പ്ലാനിങ് ഡയറക്ടർ ജനറലും ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ ടീം മേധാവിയുമായ മുബാറക് ബിൻ മുഹമ്മദ് അൽ ധോഹാനി ഊന്നിപ്പറഞ്ഞു.
നിർമാണ മേഖല വികസിപ്പിക്കുന്നതിനായി സുൽത്താൻ ഖാബൂസ് സർവകലാശാല, ജർമൻ സാങ്കേതിക സർവകലാശാല, ഒമാൻ എനർജി അസോസിയേഷൻ, ബിന പ്രഫഷണൽ സർവിസസ് എന്നിവയുമായി സഹകരണ കരാറുകളിൽ ഒപ്പുവെച്ചു. ഈ പങ്കാളിത്തങ്ങൾ ദേശീയ കഴിവുകൾ വളർത്തിയെടുക്കുന്നതിനും, നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും, സുസ്ഥിര വളർച്ചാ നിലവാരം ഉറപ്പാക്കുന്നതിനും സഹായിക്കും.ഒമാൻ വിഷൻ 2040ന് അനുസൃതമായി സ്വകാര്യമേഖലയിലെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും, ഒമാനിയിലെ മികച്ച കമ്പനികളെ ശാക്തീകരിക്കുന്നതിനും, സമ്പദ്‌വ്യവസ്ഥ വൈവിധ്യവൽക്കരിക്കുന്നതിനുമായി മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്ന് അൽ ധോഹാനി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

