മാർ ഗ്രിഗോറിയോസ് ഓര്ത്തഡോക്സ് മഹാ ഇടവക സുവർണ ജൂബിലിയുടെ പ്രകാശനം നടന്നു
text_fieldsമസ്കത്ത് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ സുവർണ ജൂബിലി ആഘോഷം ഡോ. ഗീവർഗീസ് മാർ യൂലിയോസ് ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഒമാനിലെ ആദ്യ ദേവാലയമായ മാർ ഗ്രിഗോറിയോസ് മഹാ ഇടവകയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം. റുവി സെന്റ് തോമസ് ചർച്ചിൽ സഭയുടെ അഹ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ് തിരുമേനിയുടെ കാർമികത്വത്തിൽ നടന്ന പുതുവത്സര കുർബാനക്ക് ശേഷമാണ് ആഘോഷത്തിന് തുടക്കമായത്. ഡോ. ഗീവർഗീസ് മാർ യൂലിയോസ് തിരുമേനി ഒരുവർഷം നീളുന്ന ആഘോഷങ്ങൾക്ക് ഭദ്രദീപം തെളിച്ചു. ജൂബിലി എന്നാൽ ദൈവത്തെ സ്തുതിക്കുക എന്നതാണ്. അമ്പതാണ്ടുകളിൽ വഴിനടത്തിയ ദൈവത്തെ സ്തുതിക്കുന്നതിനും ധർമംകൊണ്ടും കർമംകൊണ്ടും നയിച്ച പൂർവികരെ സ്മരിക്കാനുമുള്ള അവസരമാണ് ജൂബിലി വർഷമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സുവർണ ജൂബിലിയുടെ ലോഗോ പ്രകാശനവും നടന്നു.
ഇടവക വികാരി ഫാ. വർഗീസ് ടിജു ഐപ്പ് അധ്യക്ഷത വഹിച്ചു. സി.എസ്.ഐ മധ്യകേരള ഭദ്രാസന ബിഷപ് റൈറ്റ് റവറന്റ് ഡോ. മലയിൽ സാബു കോശി ചെറിയാൻ അനുഗ്രഹപ്രഭാഷണം നടത്തി. സുവർണ ജൂബിലിയോടനുബന്ധിച്ച് സാമൂഹിക കാഴ്ചപ്പാടുകളോടെയുള്ള ബൃഹത്തായ പദ്ധതികളും പരിപാടികളുമാണ് നടപ്പാക്കുകയെന്ന് വികാരി ഫാ. വർഗീസ് ടിജു ഐപ്പ് പറഞ്ഞു. ചടങ്ങിൽ ഒമാൻ മാർത്തോമ ഇടവക വികാരി സാജൻ വർഗീസ്, ഇടവക ട്രസ്റ്റി സാബു കോശി, കോ-ട്രസ്റ്റി കോശി എം. തരകൻ എന്നിവർ സംസാരിച്ചു. സെന്റ് ജെയിംസ് സി.എസ്.ഐ ഇടവക വികാരി അനിൽ തോമസ്, ഒമാൻ മാർത്തോമ ഇടവക അസി. വികാരി ബിനു തോമസ്, ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗം തോമസ് ഡാനിയേൽ, സ്ഥാപക അംഗവും ഭദ്രാസന കൗൺസിൽ അംഗവുമായ ഡോ. സി. തോമസ് എന്നിവർ സംബന്ധിച്ചു.
അംഗങ്ങൾ ഗാനമാ ലപിച്ചു. തുടർന്ന് പുതുവത്സര ജാഗരണവും നടന്നു. കോവിഡ് മാനദണ്ഡങ്ങൾക്കു വിധേയമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഇടവകയുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും തത്സമയ സംപ്രേഷണവും ഉണ്ടായിരുന്നു. സുവർണ ജൂബിലി ആഘോഷ സമിതി ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ, ജനറൽ കൺവീനർ അഡ്വ. ഏബ്രഹാം മാത്യു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

