മസ്കത്തിൽ 10 ലക്ഷം റിയാലിന്റെ സ്വർണക്കൊള്ള; പ്രതികൾ പിടിയിൽ
text_fieldsമസ്കത്ത് ഗുബ്രയിലെ ജ്വല്ലറിയിലെ സ്വർണക്കവർച്ച കേസിൽ പിടിയിലായ പ്രതികളും കണ്ടെടുത്ത ആഭരണങ്ങളും
സ്കത്ത്: മസ്കത്ത് ഗുബ്രയിലെ ജ്വല്ലറിയിൽനിന്ന് 10 ലക്ഷം ഒമാനി റിയാൽ മൂല്യം വരുന്ന സ്വർണാഭരണങ്ങൾ കൊള്ളയടിച്ച കേസിൽ രണ്ടു വിദേശികൾ അറസ്റ്റിലായി. ടൂറിസ്റ്റ് വിസയിൽ ഒമാനിലെത്തിയ രണ്ടു യൂറോപ്യൻ വിനോദ സഞ്ചാരികളാണ് അറസ്റ്റിലായത്. ഡയറക്ടററേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനുമായി ചേർന്ന് മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് നടത്തിയ ഓപറേഷനിലാണ് തൊണ്ടി മുതൽ സഹിതം പ്രതികൾ പിടിയിലായത്.
ഗുബ്ര മേഖലയിലെ പ്രധാന ജ്വല്ലറി ഷോപ്പുകളെല്ലാം പ്രതികൾ ആദ്യമേ നോട്ടമിട്ടിരുന്നു. തുടർന്ന് ഗുബ്രയിലെ ഹോട്ടലിൽ താമസിച്ച് പ്രതികൾ കവർച്ച ആസൂത്രണം ചെയ്തു. മോഷണത്തിനു വേണ്ട തയാറെടുപ്പുകൾ പൂർത്തിയാക്കിയ പ്രതികൾ പുലർച്ച നാലോടെ ജ്വല്ലറിയുടെ പിൻഭാഗത്തെ മതിൽ മെഷീൻ ഉപയോഗിച്ച് തകർത്ത് അകത്തുകയറി. വൻതോതിൽ ആഭരണം കവർന്ന സംഘം സേഫ് കുത്തിത്തുറന്ന് അതിലെ പണം കൈക്കലാക്കുകയും ചെയ്തു. കവർച്ച ചെയ്യപ്പെട്ട വസ്തുക്കൾക്ക് പത്ത് ലക്ഷം ഒമാനി റിയാൽ വിലമതിക്കുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വിനോദയാത്രയുടെ മറവിൽ ഇരുവരും ചേർന്ന് ബോട്ട് വാടകക്കെടുത്തിരുന്നു. ഇതിലാണ് ആഭരണം കടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മോഷണ വസ്തുക്കൾ സെയ്ഫ പ്രദേശത്തെ കടൽത്തീരത്ത് പ്രതികൾ ഒളിപ്പിച്ച നിലയിലായിരുന്നു. മോഷണ വസ്തുക്കൾ സെയ്ഫ കടൽതീരത്തുനിന്ന് അന്വേഷണ സംഘം കണ്ടെടുത്തു. മോഷണത്തിന് ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു. പ്രതികൾക്കെതിരായ നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

