സ്വർണ ഇടപാടുകൾ: മാർഗ നിർദേശവുമായി ഉപഭോക്തൃ സംരക്ഷണ സമിതി
text_fieldsമസ്കത്ത്: സ്വർണ വ്യാപാര മേഖലയിലെ തട്ടിപ്പുകൾ ഒഴിവാക്കാൻ മാർഗ നിർദേശവുമായി ഉപഭോക്തൃ സംരക്ഷണ സമിതി. സ്വർണ വില ഉയരുന്ന സാഹചര്യത്തിൽ ഈ മേഖലയിൽ നടക്കുന്ന ചെറിയ തട്ടിപ്പ് പോലും ഉപഭോക്താവിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും.
സ്വർണാഭരണങ്ങളുടെ വില ഈടാക്കുന്നതടക്കമുള്ള രീതികൾ അടക്കം സമിതിയുടെ ബോധവത്കരണത്തിലുണ്ട്. ഉപഭോക്താവിന് ആറ് മാർഗ നിർദേശങ്ങളാണ് സമിതി നൽകുന്നത്. എല്ലാ സ്വർണ വ്യാപാര സ്ഥാപനത്തിലും വില കാണിക്കുന്നതിന് പ്രത്യേക ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ സ്വർണം വാങ്ങുന്നതിന് മുമ്പ് വില പരിശോധിക്കണം.
സ്ഥാപനത്തിലെ വിൽപനക്കാരൻ ബോർഡിൽ നൽകിയ വില തന്നെയാണ് ഈടാക്കുന്നതെന്ന് ഉറപ്പു വരുത്തണം. ആഭരണങ്ങളുടെ വില കണ്ടുപിടിക്കുന്ന രീതി ഉപഭോക്താക്കൾ മനസ്സിലാക്കിയിരിക്കണം. ഇത് മനസ്സിലാക്കിയാൽ പണിക്കൂലിയുടെ പേരിലുള്ള തട്ടിപ്പുകൾ ഒഴിവാക്കാനാകും. ഒരു ഗ്രാം സ്വർണത്തിന്റെ വിലയോടൊപ്പം പണിക്കൂലി കൂട്ടുകയും ഈ കിട്ടുന്ന സംഖ്യയെ സ്വർണത്തിന്റെ മൊത്തം തൂക്കം കൊണ്ട് ഗുണിക്കുകയുമാണ് വേണ്ടത്. ഇതോടെ ആഭരണത്തിന്റെ മൊത്തം വില കണ്ടെത്താനാവും.
സ്വർണവില കാണിക്കുന്ന ബോർഡ് ആവശ്യമായ വലുപ്പമുള്ളതാണെന്നും ഉപഭോക്താക്കൾക്ക് കാണാൻ പറ്റുന്നിടത്താണ് സ്ഥാപിച്ചിരിക്കുന്നതെന്നും ഉറപ്പാക്കണം. ആഭരണത്തിൽ സ്വർണത്തിന്റെ കാരറ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. ഇടപാടുകൾ നടത്തുമ്പോൾ ബില്ലുകൾ നൽകുകയും ഇടപാടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ബില്ലിൽ കാണിക്കുകയും വേണം. വില, തൂക്കം, കാരറ്റ്, പണിക്കൂലി അടക്കമുള്ള വിവരങ്ങൾ ബില്ലിൽ രേഖപ്പെടുത്തിയിരിക്കണം.
നിലവിൽ ഉപഭോക്തൃ സംരക്ഷണ സമിതി നൽകിയ മാർഗനിർദേശങ്ങൾ ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനം ചെയ്യും. ഒമാനിലെ പ്രധാന ജ്വല്ലറികളെല്ലാം നിയമങ്ങൾ പാലിച്ചാണ് സ്വർണവ്യാപാരം നടത്തുന്നത്.
എന്നാൽ, അടുത്തിടെ റൂവി അടക്കമുള്ള നഗരങ്ങളിൽ നിരവധി സ്വർണ വ്യാപാരസ്ഥാപനങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്.
ഇവയിൽ ഉപഭോക്തൃ നിയമങ്ങൾ പൂർണമായി പാലിക്കാത്ത ചില സ്ഥാപനങ്ങളുമുണ്ട്. ഇത്തരം, സ്ഥാപനങ്ങൾക്ക് നിയന്ത്രണമുണ്ടാക്കാൻ ഈ നിർദേശങ്ങൾക്ക് കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

