Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്വർണം വെള്ളി തീരുവ...

സ്വർണം വെള്ളി തീരുവ വർധന പ്രവാസികൾ അറിയേണ്ട കാര്യങ്ങളും നിക്ഷേപ മാർഗനിർദേശങ്ങളും

text_fields
bookmark_border
സ്വർണം വെള്ളി തീരുവ വർധന പ്രവാസികൾ അറിയേണ്ട കാര്യങ്ങളും നിക്ഷേപ മാർഗനിർദേശങ്ങളും
cancel

ഇക്കഴിഞ്ഞയാഴ്ച കേന്ദ്ര സർക്കാർ സ്വർണത്തിനും വെള്ളിക്കും ഇറക്കുമതി തീരുവ ആറു ശതമാനത്തിൽ നിന്നും 15 ശതമാനമായി ഉയർത്തി. വാസ്തവത്തിൽ 2024 ൽ കേന്ദ്ര സർക്കാർ 15 ശതമാനത്തിൽ നിന്നും ആറു ശതമാനമായി ഡ്യൂട്ടി കുറച്ചിരുന്നു. ഇന്ത്യ ക്രൂഡ് ഓയിലിന് പുറമെ ധാരാളം വിദേശ നാണ്യം, സ്വർണം, വെള്ളി, ഇലക്ട്രോണിക് സാധനങ്ങൾ എന്നിവയുടെ ഇറക്കുമതിക്ക് വേണ്ടി ചിലവഴിക്കുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഉണ്ടായിട്ടുള്ള പുതിയ സാഹചര്യത്തിൽ വിദേശ നാണ്യ ശേഖരം കരുതലോടെ ഉപയോഗിക്കാൻ വേണ്ടിയാണു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ഒപ്പം പ്രധാനമന്ത്രി സ്വർണം വാങ്ങുന്നത് ഉൾപ്പെടെയുള്ള ചില നടപടികൾക്ക് ആഹ്വാനം ചെയ്തതും.

പരിധിക്ക് മുകളിൽ കൈവശംവെച്ചാൽ പിഴ

സ്വർണത്തിനുള്ള ഇറക്കുമതി തീരുവ ഇരട്ടിയിലധികം വർധിപ്പിച്ചതോടെ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളിലും ആശങ്ക ഉയരുന്നുണ്ട്. ഇന്ത്യയിലെ സ്വർണവിലയിൽ നേരിട്ടുള്ള വർധനവുണ്ടാകുന്നതിനാൽ വിവാഹ ആവശ്യങ്ങൾക്കും നിക്ഷേപ ആവശ്യങ്ങൾക്കും സ്വർണം വാങ്ങുന്ന പ്രവാസികൾക്ക് കൂടുതൽ ചെലവ് വരാനിടയുണ്ട്. ഇതിനെന്താണു പരിഹാരം എന്നതാണ് നോക്കേണ്ടത്. ഡ്യൂട്ടി വർധനവിനെ തുടർന്ന് വിമാനത്താവളങ്ങളിൽ കസ്റ്റംസ് പരിശോധന ശക്തമാക്കാനും സാധ്യതയുണ്ട്. നിയമപരമായ പരിധിക്ക് മുകളിലുള്ള സ്വർണം കൈവശം വെക്കുന്നവർക്ക് അധിക നികുതിയും പിഴയും നേരിടേണ്ടി വരാം. നിലവിലെ നിയമം അനുസരിച്ചു ഒരു വർഷമെങ്കിലും വിദേശത്തു താമസിക്കുന്ന പുരുഷന്മാർക്ക് 20 ഗ്രാം സ്വർണവും വനിതകൾക്ക് 40 ഗ്രാം സ്വർണ ആഭരണങ്ങളുമാണ് ഡ്യൂട്ടി അടക്കാതെ കൊണ്ടുപോകാൻ കഴിയുന്നത്. ഈ പരിധി ശ്രദ്ധിക്കുന്നത് എയർപോർട്ടിൽ ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാം. നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന് 10 മുതൽ 15 പവൻ വരെ സ്വർണം ഡ്യൂട്ടി അടക്കാതെ കൊണ്ടുപോകാം. നിലവിലെ വിലയനുസരിച്ചു ഇത് നല്ല ഒരു തുക വരും. ഒമാനിൽ വിലയുടെ അഞ്ചു ശതമാനം വാറ്റ് കൊടുക്കണം (24 കാരറ്റ് ബിസ്‌ക്കറ്റിനു വാറ്റ് ഇല്ല ). നാട്ടിൽ സ്വർണത്തിനു ജി.എസ്.ടി മൂന്നു ശതമാനമാണ്.

നിക്ഷേപത്തിന് സ്വർണം എങ്ങനെ വാങ്ങണം?

ഒരു നിക്ഷേപമെന്ന നിലയിൽ സ്വർണമോ വെള്ളിയോ വാങ്ങുന്നവർ കഴിയുന്നതും സ്വർണാഭരങ്ങൾ അല്ലെങ്കിൽ കോയിൻസ് വാങ്ങാതിരിക്കുക. വിൽക്കുമ്പോൾ കൊടുത്ത ജി.എസ്.ടി, പണിക്കൂലി ഇവ നഷ്ടപ്പെടും. ഇതിനു പുറമെ സൂക്ഷിക്കൽ, സ്വർണത്തിന്റെ പരിശുദ്ധി ഇവയൊക്കെ നാളെ ചോദ്യം ചെയ്യപ്പെടാം. അതുകൊണ്ടു സ്വർണവും വെള്ളിയും ഡിജിറ്റൽ ആയി വാങ്ങുക. എത്ര ചെറിയ തുകക്കും ഇങ്ങനെ ഡിജിറ്റൽ ആയി സ്വർണവും വെള്ളിയും വാങ്ങാം. സ്വർണക്കടകളിൽ നിന്നും ഒന്നോ രണ്ടോ ഗ്രാമിൽ കുറയാതെയുള്ള വാങ്ങൽ ബുദ്ധിമുട്ടുള്ളപ്പോൾ തീരെ ചെറിയ തുകക്ക് ഡിജിറ്റൽ ആയി വാങ്ങാം. ഇങ്ങനെ വാങ്ങുന്ന സ്വർണവും വെള്ളിയും എപ്പോൾ വേണമെങ്കിലും വിൽക്കാം എന്നുള്ളതും ഒരു സൗകര്യമാണ്. പലപ്പോഴും നമ്മുടെ കൈയിലുള്ള സ്വർണം വിൽക്കാൻ കടകളിൽ പോകുമ്പോൾ തുക കിട്ടാനുള്ള താമസം, പണിക്കൂലി , ജി.എസ്.ടി ഇവയുടെ നഷ്ടം, ഇവക്കു പുറമെ സ്വർണം മാറ്റി വാങ്ങുകയല്ലെങ്കിൽ എത്ര പരിശുദ്ധി ഉള്ള സ്വർണം ആണെകിലും മാർക്കറ്റ് വില കിട്ടുകയില്ല എന്നതാണ് വാസ്തവം. എന്നാൽ ഡിറ്റിൽ സ്വർണം വിൽക്കുമ്പോൾ ഈ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ല. മാത്രമല്ല തുക നേരെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ വരും. വീട് വാങ്ങൽ, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവക്കൊക്കെ ഇങ്ങനെ നിക്ഷേപിക്കുന്ന തുക ഉപയോഗിക്കാം.

മ്യൂച്ചൽ ഫണ്ട് എസ്.ഐ.പിഏറ്റവും നല്ല മാർഗം

ഇന്ത്യയിലെ എല്ലാ പ്രമുഖ മ്യൂച്ചൽ ഫണ്ടുകൾക്കും ഗോൾഡ് /സിൽവർ ഇ.ടി.എഫ് ഉണ്ട്. ഇതല്ലാതെ ഗോൾഡ് സേവിങ്സ് സ്കീം ഫണ്ടുകളും ഉണ്ട്. മ്യൂച്ചൽ ഫണ്ടുകളിലെ നിക്ഷേപം ഇപ്പോൾ സർവ സാധാരണവും അതുപോലെ വളരെ ലളിതവുമാണ്. ചെറിയ തുകകൾ ദീർഘ കാലത്തേക്ക് കൃത്യമായ ഇടവേളകളിൽ വാങ്ങുക. 1000 രൂപ വീതം എല്ലാ ആഴ്ചകളിലും സ്വർണം/ വെള്ളി ഇവയിൽ നിക്ഷേപിക്കാം. നിങ്ങളുടെ സമ്പാദ്യത്തിന്റെ 10 മുതൽ 15 ശതമാനം വരെ ഇങ്ങനെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റമെന്റ് പ്ലാൻ (എസ്.ഐ.പി) വഴി ഇൻവെസ്റ്റ് ചെയ്യുക. ആവശ്യം വരുമ്പോൾ തുക ഭാഗികമായി പിൻവലിക്കുമ്പോഴും നിക്ഷേപം തുടർന്ന് കൊണ്ടേയിരിക്കുക. കൃത്യമായ ഇടവേളകളിൽ സ്വർണം വാങ്ങുന്നതുകൊണ്ടു എല്ലാ വിലകളിലും വാങ്ങുന്നു. അതുകൊണ്ടു തന്നെ സ്വർണ വില കൂടിയാലും കുറഞ്ഞാലും വില ആവറേജ് ചെയ്യപ്പെടുന്നു എന്നുള്ളത് ഇതിന്റെ ഒരു പ്രത്യേകതയാണ് . ഇങ്ങനെ ഡിജിറ്റൽ സ്വർണം വാങ്ങുന്നതിനു ജി.എസ്.ടി കൊടുക്കേണ്ടെങ്കിലും മ്യൂച്ചൽ ഫണ്ടുകൾ ചെറിയ ചാർജുകൾ ഈടാക്കും. ഒന്നും സൗജന്യമായി കിട്ടില്ല എന്നോർക്കുക. ഇന്ത്യയിലെ മ്യൂച്ചൽ ഫണ്ടുകൾ സെബി യുടെ കർശന നിയന്ത്രണത്തിലായതു കൊണ്ട് നിക്ഷേപം പൂർണ സുരക്ഷിതമാണ്. ഡിജിറ്റൽ ആപ്പ് വഴി ഉള്ള ഡിജിറ്റൽ ഗോൾഡ് നിക്ഷേപങ്ങകൾക്ക് മേൽപറഞ്ഞ സുരക്ഷാ ഇല്ല എന്ന കാര്യാ ശ്രദ്ധിക്കുക. ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ വിവാഹ ആവശ്യങ്ങൾക്കും മറ്റു ചടങ്ങുകൾക്കും ധാരാളം സ്വർണം വാങ്ങാറുണ്ട്. എന്നാൽ ആഭരണ ങ്ങളല്ലാതെ, നിക്ഷേപമെന്ന നിലയിൽ സ്വർണം വെള്ളി ഇവയിലെ നിക്ഷേപം നല്ല ആദായം കിട്ടുമെന്ന കാര്യത്തിൽ സംശയം വേണ്ട. മേൽപറഞ്ഞ രീതിയിൽ സ്വർണം വാങ്ങുന്നവർക്ക് കൂട്ടികളുടെ വിവാഹം വരുമ്പോൾ അന്നത്തെ ഫാഷൻ അനുസരിച്ചുള്ള സ്വർണം മേൽപറഞ്ഞ ഡിജിറ്റൽ ഗോൾഡ് വിറ്റു വാങ്ങാവുന്നതാണ്. പ്രവാസികൾ സൗജന്യ സ്വർണ ബാഗേജ് അലവൻസ് ഉപയോഗിക്കുമ്പോൾ, ഡിജിറ്റൽ സ്വർണം എന്ന കാര്യം വിസ്മരിക്കാതിരിക്കുക. പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ സ്വർണ സങ്കൽപത്തിൽ ഒരു മാറ്റം ആവശ്യമാണ്. സർക്കാരും വരും കാലങ്ങളിൽ സ്വർണം സൂക്ഷിക്കുന്നതിന് നിയന്ത്രണങ്ങൾ കൊണ്ട് വരാം. (തുടരും )

(മസ്കത്തിലെ ഗ്ലോബൽ മണി എക്സ്ചേഞ്ച്എക്സിക്യൂട്ടീവ് അഡ്വൈസറാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriateimport duty hikeGuidelinesgold and silver
News Summary - Gold and silver duty hike: Things expatriates should know and investment guidelines
Next Story