സഞ്ചാരികളെ ആകർഷിക്കൽ; മസ്കത്തിൽ പ്രമോഷനൽ കാമ്പയിനുമായി ഗോവ
text_fieldsമസ്കത്തിൽ നടന്ന പ്രമോഷനൽ റോഡ്ഷോ
മസ്കത്ത്: ഇന്ത്യയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഗോവയിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ മസ്കത്തിൽ പ്രമോഷനൽ റോഡ്ഷോ നടത്തി. ഗോവ ടൂറിസം പരിപാടിയിൽ യാത്ര പ്രഫഷനലുകൾ, ടൂർ ഓപറേറ്റർമാർ, മാധ്യമങ്ങൾ, സാധ്യതയുള്ള നിക്ഷേപകർ എന്നിവർ ഗോവയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ടൂറിസം ഓഫറുകൾ പര്യവേക്ഷണം ചെയ്യാൻ ഒത്തുകൂടി.
ഗോവ ടൂറിസം ഡെവലപ്മെന്റ് കോർപറേഷന്റെ മാനേജിങ് ഡയറക്ടർ കുൽദീപ് അരോൽക്കർ, ഒമാന്റെ യാത്ര, ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഒമാനിൽനിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാനും മിഡിലീസ്റ്റ് വിപണിയിൽ സാന്നിധ്യം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടായിരുന്നിത്. ഗോവയിൽനിന്നുള്ള പ്രതിനിധി സംഘത്തിൽ പ്രസിഡന്റ് ജാക്ക് സുഖിജ നയിക്കുന്ന ട്രാവൽ ട്രേഡ് അസോസിയേഷൻ ഓഫ് ഗോവയിലെ അംഗങ്ങൾ, ചാർട്ടർ ഓപറേറ്റർമാർ, ഹോട്ടലുടമകൾ, ട്രാവൽ ഏജന്റുമാർ എന്നിവരാണുള്ളത്.
സംസ്ഥാനം വിശാലമായ ഒരു ടൂറിസം ഐഡന്റിറ്റി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗോവയുടെ ടൂറിസം മന്ത്രി റോഹൻ എ ഖൗണ്ടെ പറഞ്ഞു. ഒമാനിലെ ഈ റോഡ്ഷോയിലൂടെ, മിഡിലീസ്റ്റ് വിപണിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം.
ഗോവയുടെ ഊർജസ്വലമായ സംസ്കാരം, പ്രകൃതി സൗന്ദര്യം, ഒരു സമഗ്ര ടൂറിസം കേന്ദ്രമെന്ന നിലയിൽ വളരുന്ന സാധ്യതകൾ എന്നിവ കണ്ടെത്താൻ സഞ്ചാരികളെയും ബിസിനസുകളെയും ഒരുപോലെ ക്ഷണിക്കുകയണെന്നും അദ്ദേഹം പറഞ്ഞു.
ഗോവയെ ആഗോള ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ദീർഘകാല തന്ത്രത്തിന്റെ ഭാഗമാണ് റോഡ്ഷോ പോലുള്ള അന്താരാഷ്ട്ര സമ്പർക്ക ശ്രമങ്ങളെന്ന് ഗോവ ടൂറിസം ഡയറക്ടർ കേദാർ നായിക് പറഞ്ഞു. ഗോവ എല്ലായ്പ്പോഴും സംസ്കാരങ്ങളുടെ ഒരു സങ്കലനമാണ്.
സന്ദർശകർക്ക് സമ്പന്നമായ പൈതൃകം, ശാന്തമായ പ്രകൃതിദൃശ്യങ്ങൾ, ആഴത്തിലുള്ള അനുഭവങ്ങൾ എന്നിവയുടെ മിശ്രിതം വാഗ്ദാനം ചെയ്യുന്നു. തന്ത്രപരമായ അന്താരാഷ്ട്ര ഇടപെടലുകളിലൂടെ, ടൂറിസം പങ്കാളിത്തം ശക്തിപ്പെടുത്താനും കണക്ടിവിറ്റി വർധിപ്പിക്കാനും പുനരുജ്ജീവിപ്പിക്കുന്നതും സുസ്ഥിരവുമായ ടൂറിസത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രകടിപ്പിക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോകോത്തര ടൂറിസം കേന്ദ്രമാകാനുള്ള ഗോവയുടെ അഭിലാഷങ്ങൾക്ക് മസ്കത്ത് പരിപാടി അടിവരയിടുന്നതായി അരോൽക്കർ പറഞ്ഞു. ഒമാൻ ഗോവക്ക് ഒരു പ്രധാന വിപണിയാണെന്നും നമ്മുടെ പ്രദേശങ്ങൾ തമ്മിലുള്ള ടൂറിസം സഹകരണം ശക്തിപ്പെടുത്തുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

