ലഗേജ് വർധിപ്പിച്ച് ഗോ ഫസ്റ്റ് എയർലൈൻ
text_fieldsമസ്കത്ത്: ഒമാന്റെ ദേശീയ ദിനത്തോടനുബന്ധിച്ചു കണ്ണൂർ സെക്ടറിലേക്ക് ലഗേജ് കൊണ്ടുപോകുന്നതിന്റെ തൂക്കം വർധിപ്പിച്ച് ഗോ ഫസ്റ്റ് എയർലൈൻ. 30 കിലോ ഉണ്ടായിരുന്ന മസ്കത്ത്-കണ്ണൂർ സെക്ടറുകളിൽ ഇനിമുതൽ 40 കിലോ ബാഗേജ് കൊണ്ടുപോകാം. ഹാൻഡ് ബാഗേജ് ഏഴു കിലോക്ക് പുറമെയാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചത്. നവംബർ മുതൽ ഡിസംബർ 15 വരെയുള്ള ദിവസങ്ങളിലായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. മറ്റു വിമാന കമ്പനികളും ആനുകൂല്യങ്ങൾ പ്രഖ്യാപിക്കും എന്നുള്ള പ്രതീക്ഷയിലാണ് പ്രവാസികൾ നിലവിൽ കണ്ണൂരിൽനിന്ന് മസ്കത്തിലേക്കും തിരിച്ചുമാണ് ഗോ ഫസ്റ്റ് നേരിട്ട് സർവിസ് നടത്തുന്നത്.
ക്രിസ്മസ്, ന്യൂ ഇയർ യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വൻ വർധനയാണ് വിമാന കമ്പനികൾ ഈടാക്കുന്നത്. ഡിസംബറിൽ 90 റിയാൽ മുതലാണ് കേരളത്തിലേക്കുള്ള യാത്ര നിരക്ക്. ഇനിയും ഉയരാനാണ് സാധ്യതയെന്ന് ട്രാവൽ മേഖലയിലുള്ളവർ പറയുന്നു.

