ആഗോള നൂതന ആശയ സൂചിക: ഒമാന്‍ 84ാം സ്ഥാനം
text_fieldsമസ്കത്ത്: ആഗോള നവീനാശയ സൂചികയിൽ (ജി.െഎ.െഎ) ഒമാന്‍ 84ാം സ്ഥാനം. സാമ്പത്തിക പുരോഗതിക്കും സുസ്ഥിര വികസനത്തിനും നവീന ആശയങ്ങള്‍ നടപ്പാക്കുന്ന 131 സമ്പദ് വ്യവസ്ഥകളെ ഉൾപ്പെടുത്തിയാണ് സൂചിക തയാറാക്കിയിട്ടുള്ളത്. െഎക്യരാഷ്ട്ര സംഘടനക്ക് കീഴിലുള്ള പ്രത്യേക ഏജൻസിയായ ലോക ബൗദ്ധികാവകാശ സംഘടനയും കോർണെൽ സർവകലാശാലയും ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് സ്കൂളുകളിൽ ഒന്നായ ഇൻസീഡും ചേർന്നാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. സമ്പദ്ഘടനയുടെ വളർച്ചക്ക് നവീനാശയങ്ങൾ നടപ്പാക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളെ രേഖപ്പെടുത്തുന്ന സൂചിക ഇത് 13ാം വർഷമാണ് പുറത്തിറക്കുന്നത്.
കഴിഞ്ഞ മൂന്നു വർഷമായി സൂചികയിൽ ഒമാെൻറ സ്ഥാനം താഴേക്ക് പോവുകയാണ്. 2018ൽ 69ാം സ്ഥാനത്തായിരുന്ന ഒമാൻ കഴിഞ്ഞ വർഷം 80ാം സ്ഥാനത്തെത്തി.80 വിവിധ ഘടകങ്ങളെ ആസ്പദമാക്കിയാണ് സൂചിക തയാറാക്കിയിട്ടുള്ളത്. റിപ്പോർട്ടിൽ ഉൾപ്പെടുന്ന വടക്കൻ ആഫ്രിക്കയിലെയും പടിഞ്ഞാറൻ ഏഷ്യയിലെയും 19 സമ്പദ്ഘടനകളിൽ ഒമാന്‍ 15ാം സ്ഥാനമാണുള്ളത്. ഇന്നവേഷൻ ഇൻപുട്ട്സ് വിഭാഗത്തിൽ ഒമാന്‍ 68ാം സ്ഥാനവും ഒൗട്ട്പുട്ട് വിഭാഗത്തിൽ 109ാം സ്ഥാനവുമാണുള്ളത്.
ഇൻസ്റ്റിറ്റ്യൂഷൻ, വ്യവസായ സൗഹൃദം, മനുഷ്യ മൂലധനം, ഗവേഷണം, വിദ്യാഭ്യാസം, ഗവൺമെൻറ് ഫണ്ടിങ്, അധ്യാപിക-വിദ്യാർഥി അനുപാതം, സയൻസ്-എൻജിനീയറിങ് ബിരുദധാരികളുടെ എണ്ണം, അടിസ്ഥാന സൗകര്യം, െഎ.സി.ടി ലഭ്യത, നേരിട്ടുള്ള വിദേശനിക്ഷേപം തുടങ്ങിയ സൂചികയുടെ പ്രധാന വിഭാഗങ്ങളിലും ഉപ വിഭാഗങ്ങളിലും ഒമാന്‍ മികച്ച സ്ഥാനമാണുള്ളത്.