ആഗോള വ്യോമയാന സുരക്ഷ; വമ്പൻ കുതിപ്പുമായി ഒമാൻ
text_fieldsമസ്കത്ത്: ആഗോള വ്യോമയാന സുരക്ഷയിൽ വൻ മുന്നേറ്റവുമായി സുൽത്താനേറ്റ്. ആഗോള തലത്തിൽ അഞ്ചാം സ്ഥാനമാണ് ഒമാനുള്ളത്. 2020ൽ 133ാം സ്ഥാനത്തുണ്ടായിരുന്ന ഒമാൻ 127 രാജ്യങ്ങളെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു. ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ പ്രസിഡന്റ് സർട്ടിഫിക്കറ്റ് സുൽത്താനേറ്റ് പ്രതിനിധി ഏറ്റുവാങ്ങി. കാനഡയിൽ ഐ.സി.എ.ഒ അസംബ്ലിയുടെ 42ാമത് സെഷന്റെ ഉദ്ഘാടന ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്.
ആഗോള വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുള്ള അംഗീകാരമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. വ്യോമയാന സുരക്ഷയിൽ മിഡിൽ ഈസ്റ്റിലും ജി.സി.സിയിലുമായി രണ്ടാംസ്ഥാനമാണ് സുൽത്താനേറ്റിനുള്ളത്. ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിരന്തരമായ പരിശ്രമങ്ങളെയും ഈ പുരോഗതി പ്രതിഫലിപ്പിക്കുന്നുണ്ട്. വ്യോമയാന സുരക്ഷയിൽ ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലുള്ള പ്രതിബദ്ധത ഒമാൻ ആവർത്തിക്കുകയായിരുന്നു. ഐ.സി.എ.ഒയുടെ ശിപാർശകൾ കൃത്യമായി നടപ്പാക്കിയതും സുസ്ഥിര സംവിധാനങ്ങളെ ചലിപ്പിച്ചതുമാണ് ഒമാനെ ഈ അംഗീകാരത്തിന് അർഹമാക്കിയത്.
അംഗരാജ്യങ്ങൾ ഐ.സി.എ.ഒ മാനദണ്ഡങ്ങളും ശിപാർശകളും പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്തിയതിനുശേഷമാണ് ആഗോള വ്യോമയാന സുരക്ഷാ റാങ്കിങ് പ്രഖ്യാപിക്കുക. അതുവഴി ആഗോളതലത്തിൽ വ്യോമയാന സുരക്ഷ മെച്ചപ്പെടുത്തുന്നതിന് പിന്തുണ നൽകുന്നതാണ് ഐ.സി.എ.ഒയുടെ ഇടപെടലുകൾ.
ഐ.സി.എ.ഒ കൗൺസിൽ പ്രസിഡന്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നത് ഞങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെയും സിവിൽ ഏവിയേഷൻ സുരക്ഷയും അവ ശക്തിപ്പെടുത്തുന്നതിനുള്ള വ്യക്തമായ കാഴ്ചപ്പാടിന്റെയും ഭാഗമാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ് എൻജിനീയർ നായിഫ് ബിൻ അലി അൽ അബ്രി പറഞ്ഞു. വ്യോമയാന സുരക്ഷയിൽ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുള്ള തങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

