ഫലസ്തീൻ അവകാശങ്ങൾക്കായി ആഗോളതലത്തിൽ നടപടിവേണം -ഒമാൻ
text_fieldsജനീവയിൽ നടന്ന മനുഷ്യാവകാശ കൗൺസിലിന്റെ 59-ാമത് സെഷനിൽ ഒമാൻ പ്രതിനിധി
ഇദ്രിസ് അബ്ദുൽ റഹ്മാൻ അൽ ഖൻജാരി സംസാരിക്കുന്നു
മസ്കത്ത്: ജനീവയിൽ നടന്ന മനുഷ്യാവകാശ കൗൺസിലിന്റെ 59ാമത് സെഷനിൽ അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ മനുഷ്യാവകാശങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള പ്രത്യേക റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ ഒമാൻ പങ്കെടുത്തു.
നിയമപരവും മാനുഷികവുമായ മാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിശദമായ റിപ്പോർട്ടിന്റെ പ്രാധാന്യം ഒമാൻ ഊന്നിപ്പറഞ്ഞു. നിയമവിരുദ്ധമായ കുടിയേറ്റ പദ്ധതികൾക്ക് ചില കമ്പനികൾ സേവനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ അല്ലെങ്കിൽ സാങ്കേതികവിദ്യകൾ നൽകുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയിലേക്കും ജനീവയിലെ മറ്റു അന്താരാഷ്ട്ര സംഘടനകളിലേക്കുമുള്ള ഒമാന്റെ സ്ഥിരം പ്രതിനിധി ഇദ് രീസ് അബ്ദുൽറഹ്മാൻ അൽ ഖൻജാരി നടത്തിയ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
ഇത് അന്താരാഷ്ട്ര നിയമപ്രകാരം, പ്രത്യേകിച്ച് ജനീവ കൺവെൻഷനുകളിലും ബിസിനസ്, മനുഷ്യാവകാശങ്ങൾ എന്നിവയെക്കുറിച്ചുള്ള യു.എൻ മാർഗനിർദേശ തത്ത്വങ്ങളിലും ആശങ്കകൾ ഉയർത്തുന്നു. ഈ സാഹചര്യം പരിഹരിക്കുന്നതിന് സ്വകാര്യ മേഖല, അന്താരാഷ്ട്ര നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് രാജ്യങ്ങളിൽനിന്നും പ്രസക്തമായ സ്ഥാപനങ്ങളിൽനിന്നും ഫലപ്രദമായ പ്രതിബദ്ധത ആവശ്യമാണെന്ന് ഒമാൻ ഊന്നിപ്പറഞ്ഞു.
അന്താരാഷ്ട്ര നിയമം ഉയർത്തിപ്പിടിക്കുന്നതിനും ശിക്ഷാ ഇളവ് തടയുന്നതിനും ഉത്തരവാദിത്ത സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം, അത്തരം ലംഘനങ്ങൾ തടയുന്നതിന് മെച്ചപ്പെട്ട നിയന്ത്രണ ചട്ടക്കൂടുകളും നിരീക്ഷണ ഉപകരണങ്ങളും ആവശ്യമാണെന്ന് ഒമാൻ ആവശ്യപ്പെട്ടു.
അധിനിവേശം അവസാനിപ്പിക്കുന്നതിനും ഫലസ്തീൻ ജനതക്ക് അവരുടെ ന്യായമായ അവകാശങ്ങൾ, അന്താരാഷ്ട്ര നിയമസാധുത പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്വയം നിർണയാവകാശം, പ്രാദേശിക സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദ്വിരാഷ്ട്ര പരിഹാരം എന്നിവ വിനിയോഗിക്കാൻ പ്രാപ്തമാക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കന്നതിൽ ഒമാന്റെ ഉറച്ച നിലപാട് ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

