ഗെറ്റ്... സെറ്റ്... ഗോ... ആയിരങ്ങൾ ഇന്ന് ട്രാക്കിൽ
text_fields
ദോഹ: ഖത്തറിലെ ഓട്ടക്കാരുടെ വാർഷിക പോരാട്ടമായി മാറിയ ‘ഗൾഫ് മാധ്യമം’ ഖത്തർ റൺ ഏഴാം പതിപ്പിന് ഇന്ന് ട്രാക്കുണരും. വ്യത്യസ്ത ദേശക്കാരും പലഭാഷകൾ സംസാരിക്കുന്നവരുമായ ആയിരത്തിലേറെ ഓട്ടക്കാർ... കുട്ടികളും യുവാക്കളും സ്ത്രീകളും മുതൽ മുതിർന്നവർ വരെ ഒരേ സ്റ്റാർട്ടിങ് പോയന്റിൽ ഒരു ലക്ഷ്യത്തിലേക്കായി കുതിക്കുന്ന ഖത്തർ റൺ ഇന്ന് രാവിലെ ഏഴിന് ആസ്പയർ ട്രാക്കിൽ വിസിൽ മുഴങ്ങും. വെള്ളയാഴ്ച രാവിലെ മുതൽ ഖത്തറിലെ ഏറ്റവും വലിയ പാർക്കായ ആസ്പയർ പാർക്ക് ഓട്ടക്കാരാൽ നിറയും. ആറു മണിക്ക് വാം അപ്പ് സെഷനോടെ ട്രാക്ക് സജീവമാകും. ഏഴ് മണിക്കാണ് മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്നത്. മത്സരങ്ങൾ തുടങ്ങും മുമ്പേ സുംബ, ഇന്റർവെൽ ട്രെയിനിങ്, പ്രീ റൺ വാംഅപ് ആന്റ് പോസ്റ്റ് റൺ കൂൾ ഡൗൺ എക്സഴ്സൈസ് ഉൾപ്പെടെ വാംഅപ്പ് സെഷനുകൾ നടക്കും.
60ഓളം രാജ്യങ്ങളിൽ നിന്നായി ആയിരത്തിലേറെ താരങ്ങളാണ് ഇക്കുറി മത്സരിക്കാൻ കച്ച മുറുക്കുന്നത്. മുൻ സീസണുകളേക്കാൾ വിവിധ രാജ്യക്കാരുടെയും അത്ലറ്റുകളുടെ പങ്കാളിത്തം ഇത്തവണ ശ്രദ്ധേയമാണ്. പങ്കെടുക്കുന്നവരിൽ 25 ശതമാനത്തോളം ഖത്തരികളാണ്. കൂടാതെ, ഓട്ടക്കാരിൽ 30 ശതമാനത്തോളം വനിതകളാണെന്ന പ്രത്രേകതയുമുണ്ട്. ആരോഗ്യ സംരക്ഷണത്തിന് പ്രധാന്യം നൽകി പുതിയ ഓട്ടക്കാർ ഇത്തവണ കൂടുതലായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്ട്രേഷൻ നടപടികൾ നേരത്തെ അവസാനിപ്പിച്ചതിനു പിന്നാലെ ഓട്ടക്കാർക്കുള്ള ബിബ് നമ്പറും ജഴ്സിയും ഉൾപ്പെടെയുള്ള റേസ് കിറ്റ് വിതരണം വ്യാഴാഴ്ച അവസാനിച്ചു.
നാല് ദൂര വിഭാഗങ്ങളിലായി പുരുഷ -വനിതകൾക്കായി വിവിധ കാറ്റഗറികളിലായി മത്സരം നടക്കും. 10 കി.മീ, 5 കി.മീ, 2.5 കി.മീ വിഭാഗങ്ങളിൽ ഓപൺ, മാസ്റ്റേഴ്സ് വിഭാഗങ്ങളിലും, 2.5 കിമീ ജൂനിയർ വിഭാഗത്തിലും, കുട്ടികൾക്കുള്ള 800 മീറ്റർ എന്നിവയിലാണ് മത്സരങ്ങൾ നടക്കുന്നത്. എല്ലാം വിഭാഗത്തിലെയും വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ കാത്തിരിക്കുന്നുണ്ട്. ഇതിനു പുറമെ, പങ്കെടുത്ത് മത്സരം പൂർത്തിയാക്കുന്ന എല്ലാ അത്ലറ്റുകൾക്കും ‘ഖത്തർ റൺ’ മെഡലും സമ്മാനിക്കും. ഇലക്ട്രോണിക് ബിബ് ഉപയോഗിച്ചാണ് മത്സരം നടക്കുന്നത്. മത്സരത്തിന്റെ തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

