ജർമൻ പ്രസിഡന്‍റ് ഒമാനിൽ; സുൽത്താനുമായി കൂടിക്കാഴ്ച നടത്തും
text_fieldsമസ്കത്ത്: ജർമൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമിയറിന്‍റെ ഒമാൻ സന്ദർശനത്തിന് തുടക്കമായി. തിങ്കളാഴ്ച രാത്രിയോടെ മസ്കത്തിലെത്തിയ സ്റ്റെയിൻമിയറിനും ഭാര്യക്കും ഊഷ്മളമായ വരവേൽപ്പാണ് അധികൃതർ നൽകിയത്.
റോയൽ എയർപോർട്ടിൽ എത്തിയ ജർമൻ പ്രസിഡന്റിനെയും സംഘത്തെയും വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി സഈദ് ബിൻ ഹമൂദ് അൽ മഅ്വാലി, ഉന്നതവിദ്യാഭ്യാസ, ഗവേഷണ മന്ത്രി ഡോ. റഹ്മ ബിൻത് ഇബ്രാഹിം അൽ മഹ്‌റൂഖിയ്യ, ജർമനിയിലെ ഒമാൻ അംബാസഡർ മൈത ബിൻത് സെയ്ഫ് അൽ മഹ്‌റൂഖിയ, സുൽത്താനേറ്റിലെ ഒമാൻ അംബാസഡർ ഡിർക്ക് ലോൽകെ, മസ്കത്തിലെ ജർമൻ എംബസി അംഗങ്ങൾ എന്നിവരും പ്രസിഡന്‍റിനെയും സംഘത്തെയും വരവേൽക്കാൻ എത്തിയിരുന്നു.
ജർമൻ വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. ടോബിയാസ് ലിൻഡ്‌നർ, ഒമാനിലെ ജർമൻ അംബാസഡർ ഡിർക്ക് ലോൽകെ, പ്രസിഡന്റിന്റെ ഓഫിസിലെ ഫോറിൻ പോളിസി വിഭാഗം മേധാവി വുൾഫ്ഗാംഗ് സിൽബർമാൻ, നിരവധി ഉദ്യോഗസ്ഥർ എന്നിവരാണ് പ്രസിഡന്‍റിന്റെ സംഘത്തിലുള്ളത്.
മൂന്നുദിവസത്തെ ഔദ്യോഗിക സന്ദശനത്തിന്‍റെ ഭാഗമായി പ്രസിഡന്‍റ് ഒമാൻ ഭാരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായും മറ്റ് ഉന്നത നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണങ്ങളും വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ച ചെയ്യും. ഇരുകൂട്ടർക്കും താത്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ കാഴ്ചപ്പാടുകളും കൈമാറും. സന്ദർശനം പൂർത്തിയാക്കി ബുധനാഴ്ച മടങ്ങും.
കഴിഞ്ഞ വർഷം ജൂലൈയിൽ സുൽത്താൻ ജർമനി സന്ദർശിച്ചിരുന്നു. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണത്തിനുള്ള സാധ്യതകൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

