ജോര്‍ജ് സാറന്മാര് പണി തുടരുന്നു...
text_fieldsഡോ. സജി ഉതുപ്പാൻ
കേരളത്തില്‍ കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് വ്യക്തികളെ, പ്രത്യേകിച്ച് പൊതുപ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയിൽ വെച്ച് മർദ്ദിച്ചവശരാക്കുന്നു എന്നത്. ഇത് അങ്ങേയറ്റത്തെ മനുഷ്യാവകാശ ലംഘനവും ഭരണകൂട ഭീകരതയുമാണ്.
ചൊവന്നൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സുജിത്തിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങൾ ഈ ദിവസങ്ങളില്‍ മാധ്യമങ്ങളിലൂടെ നമ്മളെല്ലാം കണ്ടിരുന്നു. സുജിത്തിന്റെ വര്‍ഷങ്ങളോളം നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവിലാണ് ഈ തെളിവുകള്‍ പുറത്തുവരുന്നത്. നാം കണ്ടതിലും എത്ര ക്രൂരമായ അക്രമമാണ് ക്യാമറ ഇല്ലാത്ത പൊലീസ് സ്റ്റേഷന്റെ ഇരുട്ടുമുറികളില്‍ നടന്നത് എന്ന് നമുക്ക് ഊഹിക്കാന്‍ സാധിക്കും. കാലിന്റെ വെള്ളയില്‍ ലാത്തി കൊണ്ട് അടിച്ചും, മുഖത്തും മുതുകിലും വയറിലും ഇടിച്ചും തൊഴിച്ചും, മൃഗീയമായ ആക്രമണമാണ് സുജിത്തിന് നേരെ പോലീസ് നടത്തിയത്.
ആ പൊലീസ് ഉദ്യോഗസ്ഥര്‍ ഇനി ജോലിയില്‍ തുടരാന്‍ പാടില്ല എന്നതില്‍ രണ്ടഭിപ്രായമില്ല. ഗുണ്ടകളെപ്പോലെ പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കേരളത്തിലെ പൊലീസ് സേനക്കുതന്നെ നാണക്കേടാണ്. വര്‍ഷങ്ങള്‍ക്കു മുൻപ് ഉദയകുമാര്‍ എന്നൊരു ചെറുപ്പക്കാരനെ ഉരുട്ടിക്കൊന്ന കേസിന്റെ ഇപ്പോഴത്തെ അവസ്ഥ ആരും മറക്കരുത്. അതിനിപ്പോള്‍ ആരും ഉത്തരവാദികള്‍ ഇല്ലാ എന്നുള്ളത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
ഗുണ്ടകളേയോ കൊലപാതകികളേയോ കൊടുംകുറ്റവാളികളേയോ പൊലീസ് കൈകാര്യം ചെയ്താല്‍ ജനം കൈയടിച്ചേക്കും. ഇത്തരക്കാര്‍ക്ക് പൊലീസിനെ ഭയമുള്ളത് സമൂഹത്തിന് നല്ലതുമാണ്. എന്നാല്‍, നിരപരാധികളെ ഇല്ലാത്ത അധികാരമുപയോഗിച്ച് കൈകാര്യംചെയ്യാനും കള്ളക്കേസില്‍ കുടുക്കി നശിപ്പിക്കാനും തുനിഞ്ഞാല്‍ അതിവിടെ നടപ്പില്ല എന്നു പറയേണ്ടത് ജനാഭിമുഖ്യമായ നയങ്ങളുള്ള സര്‍ക്കാരാണ്. ദൗര്‍ഭാഗ്യവശാല്‍ അങ്ങനെയൊന്ന് നിലവിലില്ല എന്നതാണ് സത്യം.
ദൃശ്യങ്ങള്‍ വെളിയില്‍ വരുമ്പോഴാണ് പൊലീസ് സ്റ്റേഷനുകളില്‍ നടക്കുന്ന അക്രമങ്ങള്‍ നമ്മള് മനസ്സിലാക്കുന്നത്. നിരപരാധിയായ സുജിത്തിനെ മൃഗീയമായി ആക്രമിച്ചവര്‍ ഇന്നും പൊലീസ് സേനയിലും മറ്റ് സര്‍ക്കാര്‍ ഓഫിസുകളിലും നമ്മുടെ നികുതി പണം പറ്റി അവരുടെ ‘സേവനം’ നിര്‍ബാധം തുടരുന്നു. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട നിയമ പരിപാലന സംവിധാനത്തിന്റെ ഉത്തരവാദിത്തം ഒരു നിലയിലും നിര്‍വഹിക്കാന്‍ ഈ ക്രിമിനലുകള്‍ക്ക് യോഗ്യതയില്ല. ഇവരെ സേനയില്‍ നിന്നും പിരിച്ചുവിടുക തന്നെ ചെയ്യണം. കൊടും ക്രിമിനല്‍ കുറ്റങ്ങള്‍ക്കു കടുത്ത ശിക്ഷ നല്കുകതന്നെ വേണം.
കൂടാതെ സുജിത്തിനെ ഇത്രയും പൈശാചികമായി പീഡിപ്പിച്ച വീഡിയോ ഇതിനുമുമ്പ് കണ്ടിട്ടും യാതൊരു നടപടിയുമെടുക്കാത്ത, ഉത്തവാദപ്പെട്ട ഉദ്യോഗസ്ഥരും കള്ളക്കേസ് പ്രോത്സാഹിപ്പിച്ചവരും നിയമത്തിന്റെ മുന്പില് വരണം. സുജിത്തിന് മാനസികവും ശാരീരികവുമായി നേരിട്ട പീഡനങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഈ സാമൂഹിക ദ്രോഹികള്‍ ഈ ചെയ്ത ക്രിമിനല്‍ പ്രവര്‍ത്തി ജീവന്‍രക്ഷാ പ്രവര്‍ത്തനമെന്ന് നമ്മുടെ മുഖ്യന് പറയുമോ എന്ന് ഭയക്കുന്നുമുണ്ട്.
സ്വന്തം ജയില്‍ ദുരന്തത്തിന്റ കഥകള്‍ പറയാറുള്ള മുഖ്യമന്ത്രി നിരന്തരമായി പുറത്തുവന്നുകൊണ്ടിരിക്കുന്ന ലോക്കപ്പ് പീഡനങ്ങളെക്കുറിച്ചും അധികാര ദുര്വിനിയോഗങ്ങളെക്കുറിച്ചും ഒരു വാക്കെങ്കിലും പറഞ്ഞു കേട്ടില്ല. സുപ്രീം കോടതി ആവര്‍ത്തിച്ച് ഉത്തരവിട്ടിരിക്കുന്ന ഒന്നാണ് സ്റ്റേഷനുകളിലെ എല്ലായിടങ്ങളിലും സി.സി.ടി.വി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നത്. അതും പേരിന് നടപ്പാക്കിയെന്നു വരുത്തി ഏമാന്മാര്ക്ക് സൗകര്യത്തിന് ഇടിമുറികളൊരുക്കാന് കൂട്ടുനില്‍ക്കുകയാണോ അധികാരികള്‍.
മനുഷ്യത്വത്തെ പറ്റി നിരന്തരം പ്രഘോഷിക്കുന്ന നമ്മുടെ സാഹിത്യ സാംസ്കാരിക നായകന്മാര് ഏതു മാളത്തിലാണ് ഒളിച്ചിരിക്കുന്നത്? നിങ്ങളുടെ സ്വാര്‍ത്ഥത മുറ്റിയ കാപട്യം മലയാളികള്‍ തിരിച്ചറിയുന്നു. ഏറ് പടക്കം പൊട്ടുമ്പോഴും മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പ്രശ്നങ്ങളുണ്ടാകുമ്പോഴും മാത്രം ഞെട്ടുന്ന ഈ പ്രത്യേകതരം മനോഭാവക്കാരോട് കലര്‍പ്പില്ലാത്ത പുച്ഛം മാത്രം. മുഖ്യമന്ത്രിയും മറ്റുഉയര്ന്ന ഉദ്യോഗസ്ഥരും ഈ വിഷയത്തില്‍ ശക്തമായി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നല്ല നീതിബോധമുള്ള ഉദ്യോഗസ്ഥര്‍ നിരവധിയുള്ള സേനയാണ് കേരളാ പൊലീസ് എന്നത് മറക്കുന്നില്ല. അവരോടുള്ള ആദരവ് നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് നരാധമന്മാരെ പുറത്താക്കണം എന്നും ക്രമിനല്‍ നടപടിയെടുക്കണം എന്നും ജനം ആവശ്യപ്പെടുന്നത്. പൊലീസ് ജോര്‍ജ് സാറിന്റെ പണിയെടുത്താല്‍ പൊതുജനം ബെൻസിന്റെ പണിയുമായി ഇറങ്ങാന്‍ നിര്‍ബന്ധിതരാവും എന്ന് ആരോ പറഞ്ഞത് ഇവിടെ ഓര്‍മപ്പെടുത്തട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

