ജി.സി.സി വനിത ട്വന്റി 20 ചാമ്പ്യൻഷിപ്പിന് ഒമാനിൽ ഇന്നു തുടക്കം
text_fieldsകഴിഞ്ഞ ദിവസം സമാപിച്ച ത്രിരാഷ്ട്ര സീരീസിൽ ജേതാക്കളായ ഒമാൻ ദേശീയ വനിത ടീം&മത്സര ശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങുന്ന ഒമാൻ വനിത ക്രിക്കറ്റ് ടീം അംഗങ്ങൾ
മസ്കത്ത്: ജി.സി.സി വനിത ട്വന്റി 20 ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച ഒമാനിൽ തുടക്കമാവും. മേഖലയിലെ വനിത ക്രിക്കറ്റിന്റെ ഹബ്ബാവാനുള്ള ഒമാന്റെ പരിശ്രമങ്ങളുടെ തുടർച്ചയായാണ് ജി.സി.സി വനിത ട്വന്റി 20 ചാമ്പ്യൻഷിപ്പിന് സുൽത്താനേറ്റ് വീണ്ടും ആതിഥ്യമരുളുന്നത്. 2022ലെ ചാമ്പ്യൻഷിപ്പിനും ഒമാനായിരുന്നു വേദി. ആമിറാത്ത് ക്രിക്കറ്റ് മൈതാനത്ത് ഒമാൻ സമയം രാവിലെ 9.30ന് നടക്കുന്ന ആദ്യമാച്ചിൽ ഖത്തർ കുവൈത്തിനെ നേരിടും. ഉച്ചക്ക് രണ്ടിന് നടക്കുന്ന രണ്ടാം മത്സരത്തിൽ ആതിഥേയരായ ഒമാൻ യു.എ.ഇയോട് ഏറ്റുമുട്ടും. സൗദി അറേബ്യ, ബഹ്റൈൻ എന്നിവയാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മറ്റു ടീമുകൾ.
ചാമ്പ്യൻഷിപ്പിനായി ഒമാൻ ദേശീയ ടീം പൂർണ സജ്ജമായി കഴിഞ്ഞതായും ഒമാൻ ടീം കോച്ച് ഡെസ്മണ്ട് ബെറാർത് പറഞ്ഞു. ഖത്തറും ബഹ്റൈനുമായി ത്രിരാഷ്ട്ര സിരീസ് കളിച്ചായിരുന്നു ഒമാന്റെ മുന്നൊരുക്കം. ബുധനാഴ്ച സമാപിച്ച ത്രിരാഷ്ട്ര സിരീസ് ടൂർണമെന്റിൽ ഒമാനായിരുന്നു വിജയികൾ. ഇതിനുപുറമെ, അടുത്തിടെ ആരംഭിച്ച ഒമാനിലെ ആഭ്യന്തര ലീഗിലെ പ്രകടനവും ദേശീയ താരങ്ങൾക്ക് പ്രതിഭ തേച്ചുമിനുക്കാനുള്ള അവസരങ്ങളായിരുന്നു.
ത്രിരാഷ്ട്ര സീരീസ് ടൂർണമെന്റിലെ പ്രകടനത്തിലൂടെ തന്റെ ശിഷ്യർക്ക് മികച്ച പരിശീലനമാണ് ലഭിച്ചതെന്ന് കോച്ച് പറഞ്ഞു. കഴിഞ്ഞ കുറച്ചു മാസങ്ങളായി താരങ്ങളുടെ ശാരീരികക്ഷമത ഉയർത്തുന്നതിലാണ് ശ്രദ്ധ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. അർപ്പണമനോഭാവമുള്ള കളിക്കാരാണ് ടീമിലുളളത്. അവരുടെ കായികക്ഷമത മെച്ചപ്പെടുത്തുക എന്നത് പ്രധാനമാണ്. അവർക്ക് വരാനിരിക്കുന്ന ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം തന്നെ ഒമാൻ ടീമിന് കാഴ്ച വെക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രിയങ്ക മെൻഡോൻസയെ ക്യാപ്റ്റനായും ഫിസ ജാവേദിനെ വൈസ് ക്യാപ്റ്റനായും നിശ്ചയിച്ചു.
മറ്റു ടീം അംഗങ്ങൾ: ജയധന്യ ഗുണശേഖർ, ഹിന ജാവേദ്, അമാൻഡ ഡികോസ്ററ, തൃപ്തി പാവ്ഡെ, സിന്ദ്യ മേരി സൽദാന, സമീറ ഖാൻ, നിത്യ ജോഷി, ആൽഫിയ സെയ്ദ്, ലുജൈന സാജിദ്, അഫിദ അഫ്താബ്, സഹാന ജീലാനി, സുശാന്തിക അശോക്. അസി. കോച്ച്: അമീർ അലി, ഫിസിയോ: അനിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

