ജി.സി.സി വിസയുള്ളവർക്ക് ഒമാനിലേക്ക് ഇനി എവിടെനിന്നും വരാം
text_fieldsമസ്കത്ത്: ജി.സി.സി കമേഴ്സ്യൽ പ്രഫഷനൽ വിസയുള്ളവരുടെ ഒമാനിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കി അധികൃതർ. യാത്രവിലക്കുള്ള രാജ്യങ്ങളിൽനിന്നൊഴികെ വരുന്ന വിദേശികൾക്ക് സുൽത്താനേറ്റിൽ ഓൺ അറൈവൽ വിസ ലഭ്യമാകും.
ഒമാൻ എയർപോർട്ട് അധികൃതർ വിമാനക്കമ്പനികള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും നല്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റോയല്‍ ഒമാന്‍ പൊലീസ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്പോർട്സ് ആൻഡ് റസിഡന്‍സ് വിഭാഗത്തിന്റെ നിര്‍ദേശപ്രകാരമാണ് ഒമാന്‍ എയര്‍പോർട്സ് വിഭാഗം സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. നേരത്തേ ഇത്, ഏതു രാജ്യങ്ങളിലാണോ വിസയുള്ളത് അവിടെനിന്നു വരുന്നവർക്കു മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഇത്തരത്തിൽ വിസയില്ലാതെ സുൽത്താനേറ്റിൽ എത്താൻ ജി.സി.സി രാജ്യങ്ങളിലെ വിസക്ക് ചുരുങ്ങിയത് മൂന്നു മാസത്തെയെങ്കിലും കാലാവധി ഉണ്ടായിരിക്കണം. യാത്രവിലക്കുള്ള രാജ്യങ്ങളിലെ പൗരന്മാർക്ക് ഈ സേവനം ലഭ്യമായിരിക്കില്ല.
മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവ്, സെയില്‍സ് മാനേജര്‍, സെയില്‍സ് പ്രമോട്ടര്‍, മാര്‍ക്കറ്റിങ് മാനേജര്‍, സെയില്‍സ് എക്സിക്യൂട്ടിവ് തുടങ്ങി വിവിധ തസ്തികകളാണ് കമേഴ്സ്യൽ പ്രഫഷനൽ വിസയുടെ പരിധിയിൽ വരുകയെന്ന് യാത്രാമേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു.
മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് പുതിയ നിർദേശമെന്ന് സ്കൈ റെയ്സ് ഗ്ലോബൽ മാനേജിങ് ഡയറക്ടർ സി. മുഹമ്മദ് റസൽ പറഞ്ഞു.

