ജി.സി.സി-യു.എസ് സംയുക്ത മന്ത്രിതല യോഗം; ഇറാനുമായുള്ള ധാരണയിൽ സുരക്ഷ ഉറപ്പുമായി അമേരിക്ക
text_fieldsമസ്കത്ത്/മനാമ: ജി.സി.സി രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള സംയുക്ത മന്ത്രിതല യോഗം മനാമയിൽ ചേർന്നു. മേഖലയിലെ സുരക്ഷ, സ്ഥിരത, ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ എന്നിവയായിരുന്നു യോഗത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ. ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനിയും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ഇറാനുമായി ഏതെങ്കിലും തരത്തിലുള്ള ധാരണയിൽ എത്തുമ്പോൾ ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷയും താൽപ്പര്യങ്ങളും പൂർണമായും സംരക്ഷിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉറപ്പുനൽകി. ഇറാൻ ആണവായുധങ്ങൾ നേടുന്നത് തടയുക എന്നത് അമേരിക്കയുടെ പ്രധാന ലക്ഷ്യമാണെന്നും, ഇക്കാര്യത്തിൽ പരിശോധിക്കാവുന്നതും ഉറപ്പുള്ളതുമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര ജലപാതകൾ ഒരു രാജ്യത്തിന്റേതുമല്ലെന്നും അവയിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ടോളോ ഫീസോ ചുമത്താൻ ഒരു രാജ്യത്തിനും അവകാശമില്ലെന്നും റൂബിയോ ശക്തമായി പ്രഖ്യാപിച്ചു. ഹുർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കുമെന്നും യോഗം ആവർത്തിച്ചു. കൂടാതെ, ഒമാൻ പ്രഖ്യാപിച്ച താൽക്കാലിക സമുദ്ര ഇടനാഴിയെയും മന്ത്രിമാർ സ്വാഗതം ചെയ്തു. മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ ചർച്ച ചെയ്ത ജി.സി.സി വിദേശകാര്യ മന്ത്രിമാർ, ഇറാൻ തങ്ങളുടെ ബാധ്യതകൾ പൂർണമായും നിറവേറ്റണമെന്നും, മിസൈൽ-ഡ്രോൺ ആക്രമണങ്ങളും സായുധ ഗ്രൂപ്പുകൾക്കുള്ള പിന്തുണയും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. മേഖലയിലെ രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കണമെന്നും യോഗം ഓർമ്മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

