Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജി.സി.സി രാജ്യങ്ങളുടെ ടൂറിസം വരുമാനം 131.9 ബില്യൺ ഡോളർ; 9.7 ശതമാനം വർധന

text_fields
bookmark_border
ജി.സി.സി രാജ്യങ്ങളുടെ ടൂറിസം വരുമാനം 131.9 ബില്യൺ ഡോളർ; 9.7 ശതമാനം വർധന
cancel

മസ്‌കത്ത്: ജി.സി.സി രാജ്യങ്ങളുടെ ടൂറിസം വരുമാനം 2025ൽ 9.7 ശതമാനം വർധിച്ച് 131.9 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ജി.സി.സി രാജ്യങ്ങൾ സന്ദർശിച്ച വിനോദസഞ്ചാരികളുടെ എണ്ണം 7.57 കോടിയായി ഉയർന്നു. 2024നെ അപേക്ഷിച്ച് 4.9 ശതമാനമാണ് വർധനവാണിത്. ജി.സി.സി സ്റ്റാറ്റിസ്റ്റിക്കൽ സെന്ററിന്റെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജി.സി.സി രാജ്യങ്ങൾക്കിടയിൽ യാത്ര ചെയ്ത വിനോദസഞ്ചാരികളുടെ എണ്ണം 2.01 കോടിയായി. മുൻവർഷത്തെ അപേക്ഷിച്ച് 3.6 ശതമാനമാണ് വർധന. മേഖലയിലെ ഹോട്ടൽ സ്ഥാപനങ്ങളുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തി. 2025ൽ ഹോട്ടൽ സ്ഥാപനങ്ങളുടെ എണ്ണം 4.8 ശതമാനം ഉയർന്ന് 12,400 ആയി.

ജി.സി.സി രാജ്യങ്ങളുടെ സാമ്പത്തിക വൈവിധ്യവത്കരണത്തിൽ ടൂറിസം മേഖല നിർണായക പങ്കുവഹിക്കുന്നതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഗതാഗതം, വ്യോമയാനം, ഹോട്ടൽ മേഖല, വ്യാപാരം, വിനോദം തുടങ്ങിയ മേഖലകളുടെ വളർച്ചയ്ക്കും ഇത് സഹായകരമായി. നിക്ഷേപം വർധിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലും ജി.സി.സി രാജ്യങ്ങൾ മുന്നേറ്റം കൈവരിച്ചു. 2025ലെ പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗ സൂചികയിൽ ജി.സി.സി രാജ്യങ്ങൾ 34 മുതൽ 99 വരെ പോയിന്റുകൾ നേടി. ഇതിൽ മൂന്ന് രാജ്യങ്ങൾ ആഗോളതലത്തിൽ ആദ്യ 20 സ്ഥാനങ്ങളിൽ ഇടംപിടിച്ചു. മൊബൈൽ ആപ്ലിക്കേഷൻ വികസന സൂചികയിൽ രാജ്യങ്ങൾ 60 മുതൽ 77 വരെ പോയിന്റുകൾ നേടി.

ഓൺലൈൻ സർക്കാർ സേവന സൂചികയിൽ 56 മുതൽ 99 വരെ പോയിന്റുകളും ലഭിച്ചു. ഈ വിഭാഗത്തിൽ മൂന്ന് ജി.സി.സി രാജ്യങ്ങൾ ആഗോളതലത്തിൽ ആദ്യ 25 സ്ഥാനങ്ങളിൽ ഇടംപിടിച്ചു.വിനോദസഞ്ചാരികൾക്ക് യാത്രാ വിവരങ്ങൾ, ബുക്കിങ്, ഗതാഗതം, മറ്റ് സേവനങ്ങൾ എന്നിവ എളുപ്പത്തിൽ ലഭ്യമാക്കാൻ ഡിജിറ്റൽ സംവിധാനങ്ങൾ സഹായിക്കും. എ.ഐ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളുടെ ഉപയോഗവും മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കുമെന്ന് റിപ്പോർട്ടിലുണ്ട്. ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഗതാഗതം, വിനോദപരിപാടികൾ, വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ ഉൾപ്പെട്ട സംയോജിത ഡിജിറ്റൽ സംവിധാനങ്ങൾ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗൾഫ് രാജ്യങ്ങൾക്കിടയിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും മേഖലയിലെ പ്രകൃതി, സാംസ്‌കാരിക, പൈതൃക വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്താനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - GCC Tourism Revenue Surges
Next Story