ജി.സി.സി ഉച്ചകോടി; സുൽത്താൻ ഹൈതം ബിൻ താരിഖ് പങ്കെടുക്കും
text_fieldsബുധനാഴ്ച ആരംഭിക്കുന്ന 46ാമത് ജി.സി.സി ഉച്ചകോടി ഭാഗമായി തിങ്കളാഴ്ച ചേർന്ന വിദേശകാര്യ
മന്ത്രിതല യോഗത്തിൽ നിന്ന്
മസ്കത്ത്: ബഹ്റൈനിൽ നടക്കുന്ന 46ാമത് ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കാൻ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ബുധനാഴ്ച യാത്ര തിരിക്കും. സുൽത്താന്റെ സന്ദർശനം ഗൾഫ് രാജ്യങ്ങളുടെ നേതാക്കളുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനും ജി.സി.സിയുടെ കൂട്ടായ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനുള്ള ഒമാന്റെ പ്രതിബദ്ധതയെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഉച്ചകോടിയിൽ ജി.സി.സിയുടെ സാമ്പത്തിക -സുരക്ഷ മേഖലകളിലെ സഹകരണവും ഏകീകരണവും വർധിപ്പിക്കുക, കൂടാതെ പ്രാദേശികവും അന്തർദേശീയവുമായി ബന്ധപ്പെട്ട പ്രധാന വികസനങ്ങളെ വിലയിരുത്തുക എന്നിവയാണ് പ്രധാന ചർച്ച വിഷയങ്ങൾ. ഗൾഫ് മേഖലയിൽ വളർച്ച, സമൃദ്ധി, സ്ഥിരത എന്നിവക്കായി പുതിയ വഴികൾ തേടുകയും ഏകീകരണ ശ്രമങ്ങൾ ശക്തമാക്കുകയും ചെയ്യുന്ന സമയത്താണ് മനാമ ഉച്ചകോടി നടക്കുന്നത്.
ബഹ്റൈനിൽ ബുധനാഴ്ച ആരംഭിക്കുന്ന 46ാമത് ജി.സി.സി
ഉച്ചകോടി ഒരുക്കത്തിൽ നിന്ന്
ഒന്നിച്ചു വളരുന്ന വികസനരീതി രൂപപ്പെടുത്തുക, പ്രാദേശിക-അന്തര്ദേശീയ വിഷയങ്ങളിലെ ഏകോപിത രാഷ്ട്രീയ നിലപാട് രൂപപ്പെടുത്തൽ എന്നിവ ഉച്ചകോടിയിൽ ചർച്ചയാവും.
ഗൾഫ് മുന്നണിയുടെ ഐക്യം, സ്ഥിരത എന്നിവ ഉറപ്പാക്കുന്ന അടിസ്ഥാന തത്ത്വത്തിലാണ് ഒമാൻ ഈ വിഷയങ്ങളെ സമീപിക്കുന്നത്. ജി.സി.സി അംഗരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ഏകീകരണം ഉറപ്പിക്കുന്ന എല്ലാ ശ്രമങ്ങൾക്കും ഒമാൻ പിന്തുണ അറിയിച്ചിട്ടുണ്ട്.
ജി.സി.സി വൈദ്യുതി ഗ്രിഡ് ഇന്റർകണക്ഷൻ പദ്ധതിയുടെ വികസനവും വിപുലീകരണവും, ഗ്രീൻ ഹൈഡ്രജൻ പോലുള്ള പുതിയ ഊർജ സംരംഭങ്ങൾക്ക് പ്രത്യേക പ്രോത്സാഹനം, കസ്റ്റംസ് തീരുവ കുറക്കൽ, പ്രധാന കടൽപാതകളുടെ സുരക്ഷ ഉറപ്പാക്കൽ തുടങ്ങിയവയും ഒമാന്റെ നിലപാടാണ്. പ്രാദേശിക-ആഗോള വേദികളിൽ ജി.സി.സി സ്വീകരിക്കുന്ന ഏകോപിത നിലപാടുകൾ അറബ് ലോകത്തിന്റെ കൂട്ടായ ശബ്ദത്തെ ശക്തിപ്പെടുത്തുന്നുവെന്നും ഒമാൻ വിലയിരുത്തുന്നു.
ഉച്ചകോടിക്ക് മുന്നോടിയായി ജി.സി.സി അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത കൗൺസിൽ യോഗം നടന്നു. ജി.സി.സി മന്ത്രിതല സെഷൻ ചെയർമാനും ബഹ്റൈൻ വിദേശകാര്യ മന്ത്രിയുമായ ഡോ. അബ്ദുല്ലത്തീഫ് ആൽ സയാനി അധ്യക്ഷത വഹിച്ച യോഗത്തിൽ ഒമാൻ പ്രതിരോധ മന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ് അടക്കമുള്ളവർ പങ്കെടുത്തു.
ബുധനാഴ്ച ബഹ്റൈൻ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയുടെ അജണ്ടയിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങളും മന്ത്രിതല യോഗം ചർച്ച ചെയ്തു. മുൻ ഉച്ചകോടികളിലെ തീരുമാനങ്ങളുടെയും പ്രത്യേക സമിതികളുടെ മന്ത്രിതല കൗൺസിൽ ശിപാർശകളുടെയും പുരോഗതി വിലയിരുത്തി. രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷ, പ്രതിരോധ, വികസന, സാമൂഹിക സഹകരണം സംബന്ധിച്ച സെക്രട്ടേറിയറ്റ് റിപ്പോർട്ടുകൾ അവലോകനം ചെയ്തു. ജി.സി.സിയും മറ്റ് രാജ്യങ്ങളും അന്താരാഷ്ട്ര ബ്ലോക്കുകളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകളുടെ ഏറ്റവും പുതിയ വിവരങ്ങൾ ചർച്ചചെയ്തു. സംയുക്ത യോഗങ്ങളുടെ ഫലങ്ങളും വരാനിരിക്കുന്ന ഉച്ചകോടികൾ, കോൺഫറൻസുകൾ, തന്ത്രപരമായ സംവാദങ്ങൾ എന്നിവക്കുള്ള തയാറെടുപ്പുകളും വിലയിരുത്തി. നിലവിലെ പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളെക്കുറിച്ചും സുരക്ഷയിലും സ്ഥിരതയിലും അവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും മന്ത്രിമാർ ചർച്ചചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

