ജി.സി.സിയിൽനിന്ന് കഴിഞ്ഞ വർഷം ഒമാനിലെത്തിയത് 1.4 ദശലക്ഷം സഞ്ചാരികൾ
text_fieldsമസ്കത്ത്: ഒമാനിൽ കഴിഞ്ഞവർഷം എത്തിയത് മൂന്ന് ദശലക്ഷത്തിലധികം സഞ്ചാരികൾ. 1.4 ദശലക്ഷം പേരും ജി.സി.സി രാജ്യങ്ങളിൽനിന്നുള്ളവരാണ്. ദുബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ കഴിഞ്ഞ ദിവസമാണ് ഇൗ കണക്കുകൾ പുറത്തുവിട്ടത്. മസ്കത്ത്, സലാല, കസബ് തുറമുഖങ്ങളിലായി കഴിഞ്ഞ വർഷം രണ്ടു ലക്ഷത്തോളം ക്രൂയിസ് കപ്പൽ യാത്രികർ എത്തിയതായും കണക്കുകൾ കാണിക്കുന്നു. ഒമാനിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ പ്രവർത്തനങ്ങൾ വിനോദ സഞ്ചാര മന്ത്രാലയം നടത്തിവരുകയാണെന്ന് മന്ത്രാലയത്തിലെ ടൂറിസം പ്രൊമോഷൻ ഡയറക്ടർ ജനറൽ സാലെം ബിൻ ഒദയ് അൽ മഅ്മരി പറഞ്ഞു. വൈവിധ്യ കാഴ്ചകളാൽ നിറഞ്ഞ ഒമാെൻറ ടൂറിസം മേഖലയെക്കുറിച്ച വിവരങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടാണ് വിവിധ അന്താരാഷ്ട്ര മേളകളിൽ പെങ്കടുക്കുന്നത്. തങ്ങളുടെ സേവനങ്ങളെക്കുറിച്ച് അറിയിക്കുന്നതിന് ഏറ്റവും അനുയോജ്യമായ വേദിയായാണ് മന്ത്രാലയവും മറ്റു സ്ഥാപനങ്ങളും അറേബ്യൻ ട്രാവൽ മാർക്കറ്റിനെ കാണുന്നതെന്നും അൽ മഅ്മരി പറഞ്ഞു.
2017-18 കാലയളവിൽ രാജ്യത്തെ ഹോട്ടലുകളുടെ എണ്ണം 12.3 ശതമാനം വർധിച്ചു. മൊത്തം മുറികളുടെ എണ്ണത്തിലുണ്ടായത് 7.8 ശതമാനത്തിെൻറ വർധനയാണ്. സലാലയിലെ ഖരീഫ് സഞ്ചാരികളുടെ എണ്ണത്തിലാണ് വലിയ വർധന. 28 ശതമാനം. ഒമാെൻറ ആതിഥ്യമര്യാദ, സംസ്കാരം, പൈതൃകം തുടങ്ങിയവയെ കുറിച്ച വിവരങ്ങൾ കൂടുതൽ പേരിലേക്ക് എത്തുന്നതിനാൽ വരുംവർഷങ്ങളിലും സഞ്ചാരികളുടെ എണ്ണത്തിൽ വർധനവുണ്ടാകാനാണിട. ടൂറിസം മേഖലയിൽ അടുത്തിടെയുണ്ടായ വളർച്ച സന്തോഷം നൽകുന്നതാണെന്ന് സാലെം അൽ മഅ്മരി പറഞ്ഞു. മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ വിവിധ ലോക രാജ്യങ്ങളിലടക്കം നടത്തിയ കാമ്പയിനുകളുടെയും പ്രൊമോഷൻ പരിപാടികളുടെയും നിക്ഷേപ പ്രോത്സാഹനത്തിെൻറയും ഭാഗമാണിത്. ഇതോടൊപ്പം ഇ-വിസ സംവിധാനവും സഞ്ചാരികളുടെ വരവ് വർധിക്കാൻ വഴിയൊരുക്കി. 2040ഒാടെ 11 ദശലക്ഷം വിനോദ സഞ്ചാരികളെ ഒമാനിലെത്തിക്കുക എന്ന കർമ പരിപാടിയുടെ ഭാഗമാണ് ഇൗ പദ്ധതികളെന്നും അൽ മഅ്മരി പറഞ്ഞു.
ഇൗ വർഷം കൂടുതൽ ഹോട്ടലുകളും താമസകേന്ദ്രങ്ങൾ തുറക്കുമെന്ന് ടൂറിസം വകുപ്പ് അടുത്തിടെ അറിയിച്ചിരുന്നു. 31 ഹോട്ടലുകൾ, മോട്ടലുകൾ, റിസോർട്ട് എന്നിവയാണ് തുറക്കുക. 3260ലധികം മുറികളാണ് ഹോട്ടൽ ശൃംഖലയിൽ പുതുതായി കൂട്ടിച്ചേർക്കപ്പെടുക. പഞ്ചനക്ഷത്ര ഹോട്ടലായ ജെ.ഡബ്ല്യു മാരിയറ്റ് ഇൗ വർഷം മൂന്നാം പാദത്തിൽ തുറക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
