Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആഗോള മത്സരക്ഷമതാ...

ആഗോള മത്സരക്ഷമതാ സൂചികയിൽ മിന്നും പ്രകടനവുമായി ജി.സി.സി രാജ്യങ്ങൾ

text_fields
bookmark_border
ആഗോള മത്സരക്ഷമതാ സൂചികയിൽ മിന്നും പ്രകടനവുമായി ജി.സി.സി രാജ്യങ്ങൾ
cancel

മസ്‌കത്ത്: ആഗോള മത്സരക്ഷമതാ സൂചികകളിൽ മുൻനിര സ്ഥാനങ്ങൾ സ്വന്തമാക്കി ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾ. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (ഐ.എം.ഡി) പുറത്തുവിട്ട ‘വേൾഡ് കോംപറ്റിറ്റീവ്‌നെസ് ഇയർബുക്ക് 2026’ അടിസ്ഥാനമാക്കി ജി.സി.സി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് ഗൾഫ് രാജ്യങ്ങളുടെ ഈ നേട്ടം വ്യക്തമാക്കുന്നത്.

അതേസമയം, ‘വേൾഡ് കോംപറ്റിറ്റീവ്‌നെസ് ഇയർബുക്ക് 2026’ ൽ സ്വിറ്റ്‌സർലൻഡിനെ മറികടന്ന് സിംഗപ്പൂർ ലോകത്തിലെ ഏറ്റവും മത്സരക്ഷമതയുള്ള സമ്പദ്‌വ്യവസ്ഥയായി ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ഹോങ്കോങ് രണ്ടാം സ്ഥാനത്തും സ്വിറ്റ്‌സർലൻഡ് മൂന്നാം സ്ഥാനത്തുമാണ്. ലോകത്തിലെ 70 രാജ്യങ്ങളെ അടിസ്ഥാനമാക്കിയാണ് 2026-ലെ സൂചിക തയാറാക്കിയിരിക്കുന്നത്.

സാമ്പത്തിക പ്രകടനം, ഗവൺമെന്റ് കാര്യക്ഷമത, ബിസിനസ് കാര്യക്ഷമത, അടിസ്ഥാന സൗകര്യങ്ങൾ എന്നീ നാല് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വിലയിരുത്തൽ. ആഗോള റാങ്കിങ്ങിൽ ജി.സി.സി രാജ്യങ്ങൾ വലിയ കുതിച്ചുചാട്ടം നടത്തി. യു.എ.ഇ ആഗോളതലത്തിൽ അഞ്ചാം സ്ഥാനം നിലനിർത്തിയപ്പോൾ, ഖത്തർ 11 ആം സ്ഥാനത്തും, സൗദി അറേബ്യ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 13 ആം സ്ഥാനത്തും എത്തി. ഒമാൻ 25 ആം സ്ഥാനത്തേക്കും കുവൈത്ത് 31 ആം സ്ഥാനത്തേക്കും ഉയർന്നു.

വ്യാപാരത്തിൽ ഒന്നാമതായി യു.എ.ഇ

അന്താരാഷ്ട്ര വ്യാപാര സൂചികയിലും മൊത്തത്തിലുള്ള സാമ്പത്തിക പ്രകടനത്തിലും യുണൈറ്റഡ് അറബ് എമിറേറ്റ്സ് ലോകത്ത് ഒന്നാം സ്ഥാനം നിലനിർത്തി. ആഗോള വിപണിയോടുള്ള തുറന്ന വ്യാപാര സമീപനവും ശക്തമായ സാമ്പത്തിക അടിത്തറയുമാണ് യു.എ.ഇയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചത്

തൊഴിൽ വിപണിയിൽ തിളങ്ങി ഖത്തർ

ബിസിനസ് കാര്യക്ഷമത വിഭാഗത്തിന് കീഴിലുള്ള തൊഴിൽ വിപണി സൂചികയിൽ ലോകത്ത് രണ്ടാം സ്ഥാനം ഖത്തർ കരസ്ഥമാക്കി. മികച്ച തൊഴിൽ സാഹചര്യങ്ങളും വൈദഗ്ധ്യമുള്ള തൊഴിലാളികളെ ആകർഷിക്കാനുള്ള രാജ്യത്തിന്റെ ശേഷിയുമാണ് ഈ നേട്ടത്തിന് പിന്നിൽ. സിംഗപ്പൂരാണ് ഈ വിഭാഗത്തിൽ ഒന്നാമത്. സ്വിറ്റ്സർലൻഡ്, ഡെന്മാർക്ക് എന്നിവയെ ഖത്തർ പിന്നിലാക്കി.

വിലസ്ഥിരതയുമായി ബഹ്‌റൈൻ

വിലസ്ഥിരതാ സൂചികയിൽ അന്താരാഷ്ട്ര തലത്തിൽ മൂന്നാം സ്ഥാനം ബഹ്‌റൈൻ നേടി. ആഗോള വിപണിയിലെ വിലക്കയറ്റങ്ങൾക്കിടയിലും ആഭ്യന്തര വിപണിയിൽ മികച്ച സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിൽ ബഹ്റൈൻ ഭരണകൂടം നടപ്പാക്കുന്ന നയങ്ങളുടെ വിജയമാണിത്.

അടിസ്ഥാന സൗകര്യ വികസനത്തിൽ സൗദി കുതിപ്പ്

അടിസ്ഥാന സൗകര്യ വികസന സൂചികയിൽ സൗദി അറേബ്യ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ്. വിഷൻ 2030-ന്റെ ഭാഗമായി ദീർഘകാല സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് വൻകിട ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ടുകളിൽ സൗദി നടത്തുന്ന നിക്ഷേപങ്ങളാണ് ഈ ആഗോള അംഗീകാരത്തിലേക്ക് നയിച്ചത്. സിംഗപ്പൂരും സ്വിറ്റ്സർലൻഡുമാണ് സൗദിക്ക് മുന്നിലുള്ളത്.

ശക്തമായ പൊതുധനകാര്യവുമായി കുവൈത്ത്

പൊതു ധനകാര്യ സൂചികയിൽ കുവൈത്ത് മൂന്നാം സ്ഥാനം സ്വന്തമാക്കി. കുവൈത്തിന്റെ ശക്തമായ സാമ്പത്തിക ഭദ്രതയും പൊതുവിഭവങ്ങൾ കൃത്യവും കാര്യക്ഷമവുമായി വിനിയോഗിക്കുന്നതുമാണ് ഈ റാങ്കിങ്ങിലൂടെ പ്രതിഫലിക്കുന്നത്. നോർവെയും സിംഗപ്പൂരുമാണ് ഈ വിഭാഗത്തിൽ കു​വൈത്തിന് മുന്നിലുള്ളത്.

വിദേശ നിക്ഷേപകരെ ആകർഷിച്ച് ഒമാൻ

സർക്കാറിന്റെ കാര്യക്ഷമത എന്ന പ്രധാന വിഭാഗത്തിന് കീഴിലുള്ള നികുതി നയ സൂചികയിൽ ആഗോളതലത്തിൽ ഒമാൻ ആറാം സ്ഥാനം സ്വന്തമാക്കി. രാജ്യത്ത് നിലവിലുള്ള സുതാര്യവും സുരക്ഷിതവുമായ നികുതി അന്തരീക്ഷത്തിന്റെ വിജയമാണിത്. വിദേശ നിക്ഷേപകർക്ക് ഒമാനെ ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിൽ ഈ നികുതി നയം വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് റിപ്പോർട്ട് അടിവരയിടുന്നു.

ബിസിനസ് അന്തരീക്ഷം കൂടുതൽ ശക്തമാക്കുന്നതിനും വിദേശ നിക്ഷേപങ്ങൾ വൻതോതിൽ ആകർഷിക്കുന്നതിനുമായി ഗൾഫ് മേഖലയിലുടനീളം കഴിഞ്ഞ കുറച്ചുകാലങ്ങളായി നടപ്പാക്കി വരുന്ന സാമ്പത്തിക പരിഷ്കാരങ്ങളുടെയും ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളുടെയും വിജയമാണ് ഈ ആഗോള റാങ്കിങ്ങിലെ ജി.സി.സി രാജ്യങ്ങളടെ നേട്ടത്തിലൂടെ പ്രകടമാകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:competitiveness indexGCC nations
News Summary - GCC Nations Shine in Global Competitiveness Index
Next Story