അനീഷ് കടവിലിന് ജി.സി.സി കൾചറൽ എക്സലൻസ് അവാർഡ്
text_fieldsപെരുമ്പാവൂർ പ്രവാസി അസോസിയേഷന്റെ ജി.സി.സി കൾചറൽ എക്സലൻസ് അവാർഡ് അനീഷ് കടവിലിന് അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ സമ്മാനിക്കുന്നു
മസ്കത്ത്: ദുബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പെരുമ്പാവൂർ നിവാസികളുടെ സാംസ്കാരിക കൂട്ടായ്മയായ പെരുമ്പാവൂർ പ്രവാസി അസോസിയേഷന്റെ ഈ വർഷത്തെ മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് ഒമാനിലെ സാമൂഹിക പ്രവർത്തകൻ അനീഷ് കടവിലിന് സമ്മാനിച്ചു. ഷാർജ-അജ്മാൻ റിയൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയാണ് അവാർഡ് നൽകിയത്. ചലച്ചിത്ര നിർമാതാവും അഭിനേതാവുമായ ദിനേശ് പണിക്കർ മുഖ്യാതിഥിയായി.
സംഘടന പ്രസിഡന്റ് നസീർ പെരുമ്പാവൂർ അധ്യക്ഷത വഹിച്ചു. രണ്ടു പതിറ്റാണ്ടായി ഒമാനിൽ ജീവിക്കുന്ന അനീഷ് കടവിൽ ഒമാനിലെ സാമൂഹിക-സാംസ്കാരിക -പൊതു മണ്ഡലത്തിൽ സജീവമാണ്.കോവിഡ് മഹാമാരി കാലത്ത് അടിയന്തര സഹായം എത്തിക്കാനും നാട്ടിലേക്ക് പോകേണ്ടവർക്ക് സൗകര്യമൊരുക്കാനും മുന്നിട്ടുനിന്നിരുന്നു.
ബാത്തിന മേഖലയിലുണ്ടായ ശഹീൻ ചുഴലിക്കാറ്റിന്റെ സമയത്തു ദുരിതബാധിത മേഖലകളിൽ സേവനപ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗത്തിന്റെ ജോയൻറ് ട്രഷററും സേവ് ഒ.ഐ.സി.സി ഒമാന്റെ നാഷനൽ പ്രസിഡന്റുമാണ്. സമീറയാണ് ഭാര്യ. ഫാത്തിമ സഹറ, മറിയം സൽവ എന്നിവർ മക്കളാണ്.

