ജി.സി.സി-മധ്യേഷ്യ ഉച്ചകോടി; സഹകരണവശങ്ങൾ ഊന്നിപ്പറഞ്ഞ് സയ്യിദ് അസദ്
text_fieldsമസ്കത്ത്: ജിദ്ദയിൽ നടന്ന മധ്യേഷ്യ-ജി.സി.സി സംയുക്ത ഉച്ചകോടിയിലും പങ്കെടുത്ത് അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രി സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദ് മടങ്ങി. ഒമാന്റെ പ്രതിനിധി സംഘത്തെ നയിച്ച അദ്ദേഹം സുൽത്താന്റെ പ്രതിനിധിയായിട്ടായിരുന്നു പരിപാടിയിൽ സംബന്ധിച്ചിരുന്നത്.
സമ്പദ്വ്യവസ്ഥ, നിക്ഷേപം, വ്യാപാരം എന്നീ മേഖലകളിൽ സംയുക്ത സഹകരണം വർധിപ്പിക്കുന്നതിന് അവസരമൊരുക്കുന്ന വലിയ വിഭവങ്ങൾ ഇരു മേഖലകൾക്കും ഉണ്ടെന്ന് ചടങ്ങിൽ സംസാരിച്ച സയ്യിദ് അസദ് പറഞ്ഞു. ഇരു കക്ഷികളും തമ്മിലുള്ള ബന്ധത്തിൽ പുതിയ യുഗം തുറക്കാൻ ഈ കൂടിക്കാഴ്ച സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ജി.സി.സി-മധ്യേഷ്യൻ രാജ്യങ്ങളിലെ നേതാക്കൾക്ക് സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആശംസകളും കൈമാറി.
വിദേശകാര്യ മന്ത്രി, സയ്യിദ് ബദർ ഹമദ് അൽ ബുസൈദി, ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ഹമൂദ് അൽ മവാലി, സാമ്പത്തിക മന്ത്രി ഡോ. സഈദ് മുഹമ്മദ് അൽ സഖ്രി, സൗദി അറേബ്യയിലെ ഒമാൻ അംബാസഡർ സയ്യിദ് ഫൈസൽ തുർക്കി അൽ സഈദ്, സയ്യിദ് അസദിന്റെ ഓഫിസിലെ രണ്ട് ഉപദേഷ്ടാക്കൾ എന്നിവർ ഉപപ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു. മധ്യേഷ്യയിലെ രാജ്യങ്ങളുമായുള്ള ദീർഘകാല ബന്ധമാണ് ഉച്ചകോടി ഉൾക്കൊള്ളുന്നതെന്നും ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്ക് ഐക്യശ്രമങ്ങൾ ആവശ്യമാണ് ഗൾഫ് ഉച്ചകോടിയുടെ ഉദ്ഘാടനചടങ്ങിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് പറഞ്ഞു. ഗൾഫ്-മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള സംയുക്ത പ്രവർത്തനപദ്ധതിയുടെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഗൾഫ് രാജ്യങ്ങളുടെയും മധ്യേഷ്യയുടെയും ഉച്ചകോടിയിൽ ബന്ധങ്ങൾ വികസിപ്പിക്കാനുള്ള പൊതുവായ ആഗ്രഹമാണ് ഉച്ചകോടി പ്രതിഫലിക്കുന്നതെന്ന് കുവൈത്ത് കിരീടാവകാശി സൂചിപ്പിച്ചു. ഗൾഫും മധ്യേഷ്യയും തമ്മിലുള്ള എല്ലാ മേഖലകളിലും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് ഇത് സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

