ജി.സി.സി 42ാം വാർഷികം ആഘോഷിച്ചു
text_fieldsജി.സി.സി രാജ്യങ്ങളുടെ ആദ്യ ഉച്ചകോടിയിൽ സ്ഥാപക നേതാക്കൾ
മസ്കത്ത്: ഗൾഫ് അറബ് സഹകരണ കൗൺസിലിന്റെ (ജി.സി.സി) 42ാം വാർഷികം ഒമാനിലും ആഘോഷിച്ചു. ജി.സി.സിയുടെ ആദ്യത്തെ ഉച്ചകോടി 1981 മേയ് 25ന് അബൂദബിയിലായിരുന്നു നടന്നത്. ആറു ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന കൗൺസിലിന്റെ ചട്ടത്തിൽ അംഗങ്ങൾ ഒപ്പുവെച്ചു. ആദ്യ ഉച്ചകോടിയിൽ സ്ഥാപക നേതാക്കളായ സൗദി രാജാവ് ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ്, ഷെയ്ഖ് ഇസ ബിൻ സൽമാൻ അൽ ഖലീഫ, സുൽത്താൻ ഖാബൂസ് ബിൻ സഈദ്, ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ശൈഖ് ഖലീഫ ബിൻ ഹമദ് അൽ താനി, ശൈഖ് ജാബർ അൽ അഹ്മദ് അസ്സബാഹ് എന്നിവരായിരുന്നു പങ്കെടുത്തിരുന്നത്.
42ാം വാർഷികത്തിന്റെ ഭാഗമായി ആദ്യ ഉച്ചകോടിയുടെ ഫോട്ടോ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കി. സഹകരണ മേഖലകളെ ശക്തിപ്പെടുത്തുന്നതിനും പൂരകമാക്കുന്നതിനുമായി കൗൺസിലിന്റെ യാത്ര ആത്മവിശ്വാസത്തോടെയാണ് മുന്നേറുന്നതെന്ന് വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽബുസൈദി പ്രസ്താവനയിൽ പറഞ്ഞു. വാർഷികത്തിന്റെ ഭാഗമായി ശ്രദ്ധേയമായ നേട്ടങ്ങളും ജി.സി.സി രാജ്യങ്ങൾ എല്ലാ മേഖലകളിലും കൈവരിച്ച വികസന സൂചകങ്ങളും നാം എടുത്തുപറയേണ്ടതാണ്.
അത് നമുക്ക് കൂടുതൽ ആത്മവിശ്വാസവും സഹകരണത്തിന്റെ യാത്രയുമായി മുന്നോട്ടുപോകാനുള്ള ഇച്ഛാശക്തിയും നൽകും. സഹകരണ കൗൺസിൽ അതിന്റെ പ്രാദേശിക സ്ഥാനം, അന്താരാഷ്ട്ര സാന്നിധ്യം എന്നിവ ശക്തിപ്പെടുത്തുന്നതിൽ വിജയിച്ചു. ലോകമെമ്പാടുമുള്ള സുരക്ഷയുടെയും സ്ഥിരതയുടെയും ഏകീകരണത്തിന് ഫലപ്രദവും വിശ്വസനീയവുമായ പങ്കാളിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. വാർഷികത്തിന്റെ ഭാഗമായി വിദേശകാര്യമന്ത്രി ജി.സി.സിയുടെ നേതാക്കൾക്കും ഉന്നതർക്കും അഭിനന്ദനങ്ങൾ നേരുകയും ചെയ്തു.