ഗസ്സ പ്രതിസന്ധി: യുദ്ധം ഉടൻ അവസാനിപ്പിക്കണം -ഒമാൻ
text_fieldsഇ.യു-ജി.സി.സി ജോയന്റ് മിനിസ്റ്റീരിയൽ കൗൺസിലിൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി സംസാരിക്കുന്നു
മസ്കത്ത്: ഗസ്സയിൽ അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽബുസൈദി. മസ്കത്തിൽ നടന്ന 27ാമത് യൂറോപ്യൻ യൂനിയൻ-ജി.സി.സി ജോയന്റ് മിനിസ്റ്റീരിയൽ കൗൺസിലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംയമനം പാലിക്കുക, എല്ലാ വശത്തുനിന്നും തടവുകാരെ മോചിപ്പിക്കുക, ഫലസ്തീൻ-ഇസ്രായേൽ പ്രശ്നവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കാനും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശനിയാഴ്ച മുതൽ അരങ്ങേറിയ സംഭവവികാസങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് യൂറോപ്യൻ യൂനിയൻ ഫോർ ഫോറിൻ ആൻഡ് സെക്യൂരിറ്റി പോളിസിയുടെ ഉന്നത പ്രതിനിധിയും യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്റുമായ ജോസഫ് ബോറെൽ പറഞ്ഞു. ഈ ആക്രമണം നിരപരാധികളായ സാധാരണക്കാർക്ക് ഉണ്ടാക്കുന്നത് കഷ്ടപ്പാടുകളാണ്. ആക്രമണം അവസാനിപ്പിക്കുന്നതിനാണ് ഇപ്പോൾ മുൻഗണന. ഇത് സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും തടവുകാരെ മോചിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
മസ്കത്തിൽ കഴിഞ്ഞ ദിവസം തുടങ്ങിയ ഇ.യു-ജി.സി.സി ജോയന്റ് മിനിസ്റ്റീരിയൽ കൗൺസിൽ സമ്മേളനത്തിൽ പ്രധാനമായും മൂന്നു കാര്യങ്ങളിൽ ഊന്നിയാണ് സയ്യിദ് ബദർ സംസാരിച്ചത്. ഊർജത്തിന്‍റെയും ഹരിത സംക്രമണത്തിന്റെയും പ്രാധാന്യത്തെപ്പറ്റി പറഞ്ഞ ബദർ, ഊർജത്തിനും കാലാവസ്ഥ വ്യതിയാനത്തിനുമായി സമർപ്പിതരായ ഒരു വിദഗ്ധ സംഘം രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടു. സൈബർ സുരക്ഷയുടെ പ്രാധാന്യം എടുത്തുകാട്ടുകയും ഇരു യൂനിയനുകളും തമ്മിലുള്ള വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പങ്കാളിത്തം ഡിജിറ്റൽ സുരക്ഷയെ ആശ്രയിച്ചിരിക്കുന്നുവെന്നും മന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

