ഗസ്സ: അറബ് ആരോഗ്യ മന്ത്രിമാരുടെ കൗൺസിൽ ആശങ്ക രേഖപ്പെടുത്തി
text_fieldsമസ്കത്ത്: ഗസ്സ മുനമ്പിൽ ഫലസ്തീൻ ജനതക്കെതിരെ വംശഹത്യ തുടരുന്നതിന്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അറബ് ആരോഗ്യ മന്ത്രിമാരുടെ കൗൺസിൽ മുന്നറിയിപ്പ് നൽകി. ചികിത്സ കേന്ദ്രങ്ങളെയും ആശുപത്രികളെയും ലക്ഷ്യംവെച്ചാണ് ആക്രമണം നടത്തുന്നത്. മെഡിക്കൽ ടീമുകൾ, അഭയകേന്ദ്രങ്ങൾ, പാർപ്പിട കെട്ടിടങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നശിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വെള്ളം, മരുന്നുകൾ, വൈദ്യുതി, ഇന്ധനം തുടങ്ങിയ അടിസ്ഥാന വിഭവങ്ങളും ആവശ്യങ്ങളും ഗസ്സ മുനമ്പിൽ തടയുന്നത് സാധാരണക്കാരായ ജനങ്ങളുടെ ജീവഹാനിക്ക് കാരണമാകുമെന്ന് വിഡിയോ കോൺഫറൻസിലൂടെ നടത്തിയ അസാധാരണ സെഷനിൽ ഗസ്സ മുനമ്പിലെ ആരോഗ്യ-മാനുഷിക സാഹചര്യങ്ങളെക്കുറിച്ച് കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.
ഗസ്സ മുനമ്പിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധക്കുറ്റങ്ങളെയും ക്രൂരമായ കൂട്ടക്കൊലകളെയും അപലപിക്കുകയും യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഗസ്സക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണത്തിലൂടെ 8000ത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടമാകുകയും 22,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അവരിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും പ്രായമായവരുമാണ്. നൂറുകണക്കിന് ആളുകളെ കാണാതാകുകയും ചെയ്തിട്ടുണ്ട്. 1,77,781ലധികം ഭവനങ്ങൾ തകരുകയും ചെയ്തു.
ഈ ക്രൂരമായ കൂട്ടക്കൊലകൾ അവസാനിപ്പിക്കാനും സുരക്ഷിതവും സുസ്ഥിരവുമായ മാനുഷിക ഇടനാഴികൾ തുറക്കാനും മാനുഷിക, ദുരിതാശ്വാസ സഹായങ്ങളുടെ ലഭ്യതയും പ്രവാഹവും ഉറപ്പാക്കാനും, ഫലസ്തീൻ ജനത അനുഭവിക്കുന്ന മാനുഷിക ദുരന്തത്തിന്റെ ഭാരം ലഘൂകരിക്കാനും അന്താരാഷ്ട്ര സമൂഹം അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം.
അധിനിവേശ സേന ഗസ്സ മുനമ്പിലെ ഉപരോധം പിൻവലിക്കുകയും സാധാരണക്കാരെയും ആരോഗ്യ സംഘങ്ങളെയും ആരോഗ്യ സൗകര്യങ്ങളെയും അഭയകേന്ദ്രങ്ങളെയും ആരാധനാലയങ്ങളെയും സംരക്ഷിക്കുകയും വേണം. ആശുപത്രികളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും ആംബുലൻസുകളിലേക്കും ഇന്ധനം കടത്തിവിടാൻ അടിയന്തരമായും അനുവദിക്കണം.
ക്രൂരമായ ഇസ്രായേലി ആക്രമണത്തിന്റെ ഇടയിലും ഗസ്സ മുനമ്പിൽ അചഞ്ചലമായി പ്രവർത്തിക്കുന്ന മെഡിക്കൽ ടീമുകളെ പ്രശംസിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

