ഒ.സി.ഇ.സിയിൽ മേളപ്പെരുക്കം
text_fieldsഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ
മസ്കത്ത്: രാജ്യത്തെ പ്രധാന പരിപാടികൾ നടക്കുന്ന വേദികളിലൊന്നായ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ(ഒ.സി.ഇ.സി) കഴിഞ്ഞവർഷമെത്തിയത് 1.2 ദശലക്ഷത്തിലധികം സന്ദർശകർ. മീറ്റിങ്ങുകൾ, കോൺഫറൻസുകൾ, എക്സിബിഷനുകൾ തുടങ്ങി 215 പരിപാടികളാണ് 2022ൽ ഇവിടെ നടന്നത്. 85 രാജ്യങ്ങളിൽനിന്ന് 10,000ത്തിലധികം പേർ പങ്കാളികളാകുകയും ചെയ്തു. കഴിഞ്ഞവർഷത്തെ വിജയത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് കൂടുതൽ പരിപാടികൾ നടത്താനൊരുങ്ങുകയാണ് സംഘാടകർ. ഏഴ് അന്താരാഷ്ട്ര ഷോകൾ ഉൾപ്പെടെ പുതിയ ഇവന്റുകളും ഈ വർഷം നടത്തും.
മസ്കത്ത് ഇന്റർനാഷനൽ എയർപോർട്ട് വഴി എത്തുന്നവരുടെ എണ്ണം വർധിപ്പിക്കുകയും ഹോസ്പിറ്റാലിറ്റി മേഖലയെ പിന്തുണക്കുകയും ചെയ്ത് ദേശീയ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ അന്തർദേശീയ, പ്രാദേശിക പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഒ.സി.ഇ.സി സി.ഇ.ഒ സഈദ് ബിൻ സാലിം അൽ ഷാൻഫരി പറഞ്ഞു. ഒ.സി.ഇ.സി ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര ഇവന്റുകൾ വിദേശ നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനും അറിവ് കൈമാറുന്നതിനും ഒമാന്റെ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ജനുവരി 15 മുതൽ 21വരെ നടന്ന ലോക വെറ്ററൻ ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിച്ചാണ് ഒ.സി.ഇ.സി വർഷം ആരംഭിച്ചത്. ചാമ്പ്യൻഷിപ്പിൽ 69 രാജ്യങ്ങളിൽനിന്നുള്ള 1,600ലധികം കളിക്കാർ പങ്കെടുത്തു. ഇത് സുൽത്താനേറ്റിലെ ടൂറിസത്തിനും അനുബന്ധ വ്യവസായങ്ങൾക്കും ഉണർവ് പകരുകയും ചെയ്തു. ഫെബ്രുവരി ഒന്നുമുതൽ മൂന്നുവരെ ഒമാൻ ബ്രൈഡ് ഷോ, 23മുതൽ 26വരെ നടക്കുന്ന നബ്താത്ത് കാർണിവൽ, മേയ് എട്ടുമുതൽ പത്തുവരെ മസ്കത്ത് ആർട്ട് എക്സിബിഷൻ, 31മുതൽ ജൂൺ നാലുവരെ പെർഫ്യൂം ഷോ തുടങ്ങിയ പരിപാടികൾക്കായി ഒ.സി.ഇ.സി തയാറെടുക്കുകയാണ്. കർഷകരും ഹരിതഗൃഹ നടത്തിപ്പുകാരും പ്ലാന്റ് പ്രേമികളും ഒരുമിച്ചുകൂടുന്ന വാർഷിക പരിപാടിയാണ് നബ്താത്ത് കാർണിവെൽ. തങ്ങളുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും കൃഷിയും കൃഷിയിലെ വൈദഗ്ധ്യവും കൈമാറ്റം ചെയ്യുന്നതിനും മേള സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

