നിറഞ്ഞാടി ഗരുഡൻ പറവ; ആവേശമായി ത്രിപുടോത്സവം
text_fieldsജാൻ ഹൈറ്റ്സിൽ നടന്ന ‘ത്രിപുടോത്സവ’ത്തിൽനിന്ന്
മസ്കത്ത്: മജാൻ ഹൈറ്റ്സിൽ ത്രിപുട മസ്കത്ത് ഒരുക്കിയ ‘ത്രിപുടോത്സവം’ കാണികൾക്ക് നവ്യാനുഭവമായി. ചന്തു മിറോഷിന്റെ സോപാന സംഗീതത്തോടെ തുടങ്ങിയ ഉത്സവം കലാമണ്ഡലം ശിവദാസൻ മാരാർ ഉദ്ഘാടനം ചെയ്തു. അജീഷ് കാളികാവ് അധ്യക്ഷതവഹിച്ചു. കലാമണ്ഡലം ശിവദാസൻ മാരാരെ വേദിയിൽ ആദരിച്ചു. പത്തോളം വരുന്ന പുതിയ വിദ്യാർഥികളെ പഞ്ചാരിമേളം പരിശീലിപ്പിച്ച അമൽ കോരപ്പുഴയെയും കൊമ്പ് പരിശീലിപ്പിച്ച കലാപീഠം പ്രതീഷിനെയും, സോപാന സംഗീതം അവതരിപ്പിച്ച ചന്തു മിറോഷിനെയും ആദരിച്ചു. സതീഷ് കുമാർ ആശംസ നേർന്നു. അശോകൻ എളവള്ളി സ്വാഗതവും സുധി പിള്ള നന്ദിയും പറഞ്ഞു.
റിതം ഡാൻസ് ആൻഡ് മ്യൂസിക്കിന്റെ അവതരണ നൃത്തവും നടന്നു. ശേഷം കലാമണ്ഡലം ശിവദാസൻ മാരാരുടെ നേതൃത്വത്തിൽ അമൽ കോരപ്പുഴയുടെ ശിക്ഷണത്തിൽ പഞ്ചാരിമേളം പഠിച്ചിറങ്ങിയ 10 പേരടങ്ങുന്ന സംഘത്തിന്റെ അരങ്ങേറ്റം വേദിയിൽ അരങ്ങേറി. ജി.സി.സിയിൽതന്നെ ആദ്യമായി ഗരുഡൻ പറവ എന്ന ക്ഷേത്ര കലാരൂപത്തിന്റെ അവതരണവും ത്രിപുട മസ്കത്തിന്റെ വേദിയിൽ നടന്നു. ഗരുഡൻ പറവ നിറഞ്ഞാടിയത് കാണികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു. സദസ്സിലേക്ക് ഇറങ്ങിച്ചെന്ന പ്രകടനം കാണികളെ ഹരം കൊള്ളിച്ചു. തൃശൂർ പൂരത്തിലെ മുഖ്യ ആകർഷണമായ ഇലഞ്ഞിത്തറ മേളം കലാമണ്ഡലം ശിവദാസൻ മാരാരുടെ പ്രമാണത്തിൽ കൊട്ടിക്കയറിയത് പൂരത്തിന്റെ ഓർമകൾ സമ്മാനിക്കുന്നതായി. ഐഡിയ സ്റ്റാർ സിങ്ങർ ഫെയിമും ഗായകനുമായ വയലിനിസ്റ്റ് വിവേകാനന്ദൻ അവതരിപ്പിച്ച വയലിൻ ഫ്യൂഷനും മികച്ച പ്രശംസ പിടിച്ചുപറ്റി.
ത്രിപുട അംഗങ്ങൾ ചേർന്നവതരിപ്പിച്ച ഫ്യൂഷനും വേറിട്ട അനുഭവമായിരുന്നു കാണികൾക്ക്. ത്രിപുട മസ്കത്ത് ഇനിയും ഇതുപോലുള്ള മികച്ച പ്രോഗ്രാമുകളുമായി എത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

