ടൂർ പാക്കേജിന്റെ മറവിൽ വീണ്ടും തട്ടിപ്പുമായി സംഘം; ഇരകൾ ഏറെയും മലയാളികൾ
text_fieldsസലാല: ടൂർ പാക്കേജിന്റെ മറവിൽ വീണ്ടും തട്ടിപ്പുമായി സംഘം. സലാലയടക്കം ഒമാന്റെ വിവിധ ഭാഗങ്ങളിൽ മലയാളികളടക്കമുള്ള നിരവധി പേർ കഴിഞ്ഞ വർഷം കബളിക്കപ്പെട്ടിരുന്നു. ഇതിനിടെയാണ് സംഘം വീണ്ടും രംഗ പ്രവേശനം നടത്തിയിരിക്കുന്നത്. കുടുംബങ്ങളെ ലക്ഷ്യമാക്കിയാണ് സംഘം പ്രധാനമായും തട്ടിപ്പ് നടത്തുന്നത്.
സൂപ്പർ മാർക്കറ്റുകൾക്കു പുറത്ത് റാഫിൽ കൂപ്പൺ കൗണ്ടറുകൾ സ്ഥാപിച്ചാണ് തട്ടിപ്പ് സംഘം ഇരകളെ കണ്ടെത്തുന്നത്. ഫ്രീ റാഫിൾ കൂപ്പണിൽ പേരു വിവരങ്ങൾ എഴുതി ഇടുന്നത് പ്രവാസ ലോകത്തെ പതിവ് കാഴ്ചയാണ്. ഇങ്ങനെ ലഭിക്കുന്ന ഫോൺ നമ്പറിലേക്ക് രണ്ടു ദിവസം കഴിഞ്ഞാൽ അഭിനന്ദനങ്ങൾ അറിയിച്ച് വിളി വരും. 5000 പേരിൽനിന്ന് താങ്കളും കുടുംബവും ടൂർ പാക്കേജിനായി തെരഞ്ഞെടുത്തിരിക്കുന്നവെന്നും പ്രമുഖ ഹോട്ടലിൽ നിങ്ങളുടെ ഒഴിവനുസരിച്ച് കുടുംബവുമായി വന്ന് നേരിൽ കാണാനുള്ള ക്ഷണവും സംഘം നൽകും. ഇങ്ങനെ ഹോട്ടലിൽ ചെല്ലുമ്പോൾ അവരുടെ ടൂർ കമ്പനിയെക്കുറിച്ചും ആകർഷകമായ പാക്കേജുകളെ കുറിച്ചും വിശദീകരിക്കും. മാത്രവുമല്ല തട്ടിപ്പാണെന്ന് തോന്നാതിരിക്കാൻ മികച്ച സ്വീകരണവുമായിരിക്കും നൽകുക.
900 റിയാൽ, 1250 റിയാൽ, 2500 റിയാൽ എന്നിവക്ക് ഏഴ്, 21, 35 ദിവസങ്ങളിൽ കുടുംബ സമേതം 175 രാജ്യങ്ങളിൽ ടൂർ പോവാനുള്ള പാക്കേജുകളാണ് സംഘം മുന്നോട്ടുവെക്കുന്നത്. വിമാന ടിക്കറ്റ്, ഹോട്ടൽ ഭക്ഷണം എല്ലാം ഉൾപ്പെടെയാണ് ഈ പാക്കേജെന്നും അതിനകത്ത് പരമാവധി ഇളവ് നൽകാം എന്നും വാഗ്ദാനം നൽകുന്നു. ഇരകളെ വീഴ്ത്താനായി ഒരു വർഷത്തെ ജിം അപ്പോയൻമെന്റ്, കുട്ടികൾക്കുള്ള നീന്തൽ, ഫുട്ബാൾ, ഡാൻസിങ് പരിശീലനം എന്നിവയുടെ വൗച്ചറുകൾ, 30 ശതമാനം കുറവിൽ ഫ്ലൈറ്റ് ടിക്കറ്റ് വർഷങ്ങളോളം ബുക്ക് ചെയ്ത് നൽകാമെന്നും വാഗ്ദാനം ചെയ്യും.
ഇപ്പോൾ 300 റിയാലോ, 200 റിയാലോ അടച്ച് ബ്ലോക്ക് ചെയ്തുവെക്കാനും ബാക്കി മാസംതോറും അടച്ചാൽ മതിയെന്നും പറയും. മസ്കത്തിലെ ഇല്ലാത്ത ഓഫിസിന്റെ വിശദാംശങ്ങൾ നൽകിയാണ് സംഘം കഴിഞ്ഞ വർഷം സലാലയിൽ തട്ടിപ്പ് നടത്തിയത്.
രണ്ടു തവണ അടവ് കഴിഞ്ഞാൽ പിന്നെ ഈ സംഘത്തെ കുറിച്ച് ഒരു വിവരവും ഉണ്ടാവില്ല. നേരത്തെ തന്ന് കാർഡിലെ സി.ആർ നമ്പറും അഡ്രസുമെല്ലാം വ്യാജമായിരുന്നുവെന്ന് പിന്നീട് ആണ് നമ്മൾക്ക് മനസ്സിലാകുകയെന്ന് തട്ടിപ്പിനിരയായവർ ഗൾഫ് മാധ്യത്തോട് പറഞ്ഞു. സലാലയിൽ നിന്ന് മാത്രം ബിസിനസ്സുകാർ ഉൾപ്പടെ നിരവധി ആളുകൾ ഈ റാക്കറ്റിന്റെ തട്ടിപ്പിന് ഇരയായിരുന്നു.
മലയാളിയായ രാധാക്രഷ്ണനും സലീനയും ചേർന്നാണ് കഴിഞ്ഞ വർഷം സലാലയിൽനിന്ന് നിരവധി പേരെ കബളിപ്പിച്ചത്. അതിനുശേഷം ഇവർ ബഹറൈനിലും ഷാർജയിലും സമാനമായ തട്ടിപ്പുകൾ നടത്തിയെന്നാണ് വിവരം.
പ്രത്യക്ഷത്തിൽ തട്ടിപ്പെന്ന് തോന്നാതിരിക്കാനുള്ള നിരവധി നമ്പറുകളാണ് ഇവരുടെ കയ്യിലുള്ളതെന്ന് തട്ടിപ്പിനരയായ മലയാളി വ്യവസായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

