ജി20 അധ്യക്ഷ സ്ഥാനം; ഇന്ത്യക്ക് അഭിനന്ദനവുമായി ഒമാൻ
text_fieldsജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഒമാൻ പ്രതിനിധിസംഘം
മസ്കത്ത്: ജി20 അധ്യക്ഷസ്ഥാനം അലങ്കരിക്കുന്ന കാലയളവിലുടനീളം വിവിധ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് ഒമാൻ ഇന്ത്യയെ അഭിനന്ദിച്ചു. ന്യൂഡൽഹിയിൽ ശനിയാഴ്ച തുടങ്ങിയ ജി20 ഉച്ചകോടിയിൽ അഭിസംബോധന ചെയ്ത് സംസാരിക്കവേ അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രിയും സുൽത്താന്റെ വ്യക്തിഗത പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദാണ് ഇക്കാര്യം പറഞ്ഞത്. ഉച്ചകോടിക്ക് സുൽത്താന്റെ ആശംസകൾ കൈമാറുകയും ചെയ്തു. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ജി20 സന്ദേശത്തെ സ്വാഗതം ചെയ്യുന്നുവെന്നും എല്ലാ മനുഷ്യരാശിയുടെയും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള സംയുക്ത പ്രവർത്തനത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് ഊന്നിപ്പറയുകയും ചെയ്തു. സുൽത്താനേറ്റ് സഹകരണത്തിന്റെ ആത്മാവിൽ വിശ്വസിക്കുന്നു. ഭൂമിയുടെ സംരക്ഷണത്തിനും എല്ലാ മനുഷ്യരാശിയുടെയും പുരോഗതിയും സമൃദ്ധിയും ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്യുന്നു. ജി20 രാജ്യങ്ങളുമായി എല്ലാവർക്കും പ്രയോജനപ്പെടുന്ന മേഖലകളിൽ സഹകരണവും പങ്കാളിത്തവും തുടരാനും ശക്തിപ്പെടുത്താനും തങ്ങൾ ആഗ്രഹിക്കുന്നുണ്ട്.
2030 സാമ്പത്തിക വികസന ലക്ഷ്യങ്ങളും പാരിസ് കാലാവസ്ഥ ഉടമ്പടിയും കൈവരിക്കുന്നതിനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ദര്‍ശനങ്ങള്‍ക്കും ഒമാന്‍ പ്രതിബദ്ധത അറിയിക്കുന്നുവെന്നും അസദ് പറഞ്ഞു. ജി20 ഉച്ചകോടിയുടെ വേദിയിലെത്തിയ സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദിനെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു.
വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, സാമ്പത്തികകാര്യ മന്ത്രി ഡോ. സഈദ് മുഹമ്മദ് അല്‍ സഖ്രി, വാണിജ്യ, വ്യവസായ, നിക്ഷേപകാര്യ മന്ത്രി ഖാഇസ് മുഹമ്മദ് അല്‍ യൂസുഫ്, ഇന്ത്യയിലെ ഒമാന്‍ അംബാസഡര്‍ ഇസ്സ സാലിഹ് അല്‍ ശൈബാനി, സയ്യിദ് അസദിന്റെ ഓഫിസ് ഉപദേശകന്, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഉപദേശകന് പങ്കജ് ഖിംജി എന്നിവരാണ് സയ്യിദ് അസദ് നയിക്കുന്ന ഒമാൻ സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

