ഇന്ത്യയിലെ ജി-20 ഉച്ചകോടി: അതിഥി രാജ്യമായി ഒമാനും
text_fieldsമസ്കത്ത്: അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ജി-20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഒമാൻ അതിഥിരാജ്യമാകും. ലോകരാജ്യങ്ങളുടെ സുപ്രധാന കൂട്ടായ്മയായ ജി-20യുടെ അടുത്ത അധ്യക്ഷസ്ഥാനം അലങ്കരിക്കുന്ന ഇന്ത്യ കഴിഞ്ഞദിവസമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2023 സെപ്റ്റംബർ 9,10 തീയതികളിലാണ് ഉച്ചകോടി തീരുമാനിച്ചിട്ടുള്ളത്. ഈ വർഷം ഡിസംബർ മുതൽ അടുത്തവർഷം നവംബർ വരെയാണ് കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനം ഇന്ത്യക്ക് ലഭിക്കുക.
അതിഥിരാജ്യമായി പങ്കെടുക്കാൻ ഇന്ത്യയിലേക്കുള്ള ഒമാന്റെ ക്ഷണം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ അടയാളമാണെന്ന് മസ്കത്തിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് പറഞ്ഞു. ഗള്‍ഫ് മേഖലയിലെ ഇന്ത്യയുടെ ഉത്തമ പങ്കാളിയാണ് സുല്‍ത്താനേറ്റ്. ഇന്ത്യക്കും ഒമാനും ഇടയില്‍ കൂടുതല്‍ സഹകരണങ്ങള്‍ രൂപപ്പെടുത്തുന്നതിനും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഉച്ചകോടിയിലെ ഒമാന്റെ പങ്കാളിത്തം വഴിയൊരുക്കുമെന്നും അമിത് നാരങ് പറഞ്ഞു.
ബംഗ്ലാദേശ്, ഈജിപ്ത്, മൗറീഷ്യസ്, നെതർലൻഡ്സ്, നൈജീരിയ, യു.എ.ഇ, സിംഗപ്പൂർ, സ്പെയിൻ എന്നീ രാജ്യങ്ങളെയും അതിഥികളായി പങ്കെടുപ്പിക്കും. ന്യൂഡൽഹിയിലാണ് ഉച്ചകോടി അരങ്ങേറുക. യു.കെ, യു.എസ്.എ, അർജന്റീന, ആസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമനി, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണകൊറിയ, മെക്സികോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യൂറോപ്യൻ യൂനിയൻ എന്നിവയാണ് ജി-20യിലെ ഇന്ത്യക്ക് പുറമെയുള്ള അംഗ രാജ്യങ്ങൾ.
ഇന്റർനാഷനൽ സോളാർ അലയൻസ്, കോയിലേഷൻ ഫോർ ഡിസാസ്റ്റർ റസിലിയന്റ് ഇൻഫ്രാസ്ട്രക്ചർ, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് എന്നീ അന്താരാഷ്ട്ര സംഘടനകളെയും ഉച്ചകോടിക്ക് ക്ഷണിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു. ജി-20രാജ്യങ്ങളാണ് ആഗോള ജി.ഡി.പിയുടെ 85 ശതമാനവും അന്താരാഷ്ട്ര വ്യാപാരത്തിന്റെ 75 ശതമാനവും ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും നിയന്ത്രിക്കുന്നത്. അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള പ്രധാന ഫോറം എന്ന നിലയിലാണ് കൂട്ടായ്മ വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

