ഇന്നു മുതൽ ഒമാൻ വിലക്കുകളില്ലാത്ത പുതിയ ജീവിതത്തിലേക്ക്
text_fieldsമസ്കത്ത്: ഒമാൻ ഇന്നു മുതൽ വിലക്കുകളില്ലാത്ത പുതിയ ജീവിതത്തിലേക്ക് കടക്കും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുടെ പ്രവേശന വിലക്ക് നീങ്ങുന്നതാണ് ഇളവുകളിൽ പ്രധാനപ്പെട്ടത്. ഉച്ചക്ക് 12 മണിയോടെ നാലു മാസം നീളുന്ന വിലക്ക് നീങ്ങും.
ഒമാനിൽ അംഗീകരിച്ച വാക്സിെൻറ രണ്ടു ഡോസ് സ്വീകരിച്ചവർക്കാണ് പ്രവേശനാനുമതി ലഭിക്കുക. ഒമാനിലെത്തുന്നതിന് 14 ദിവസം മുമ്പ് രണ്ടാമത്തെ ഡോസ് സ്വീകരിച്ചിരിക്കണം. സാധുവായ റെസിഡൻറ് വിസക്കാർക്ക് പുറമെ എക്സ്പ്രസ്, സന്ദർശന വിസകളുള്ളവർക്കും യാത്രാനുമതി ലഭിക്കും. ഫൈസർ, മൊഡേണ, ആസ്ട്രാസെനക, കോവിഷീൽഡ്, സ്പുട്നിക്, സിനോവാക്, ജോൺസൺ ആൻഡ് ജോൺസൺ, സിനോഫാം എന്നീ വാക്സിനുകൾക്കാണ് ഒമാനിൽ അനുമതിയുള്ളത്.
72 മണിക്കൂർ സമയത്തിനിടയിലെ പി.സി.ആർ പരിശോധനാ ഫലം കൈവശമുള്ളവർക്ക് സമ്പർക്ക വിലക്കിൽ നിന്ന് ഇളവ് ലഭിക്കും. ഒമാനിൽ നിന്ന് ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും വരാം. ഇവർക്ക് ഒമാനിലെത്തിയ ശേഷം പി.സി.ആർ പരിശോധനയും ഒരാഴ്ചത്തെ സമ്പർക്കവിലക്കും എട്ടാമത്തെ ദിവസം പി.സി.ആർ പരിശോധനയുമുണ്ടാകും. ഒമാനിലെത്തി വൈകാതെ രണ്ടാമത്തെ ഡോസ് എടുക്കുകയും വേണം. പി.സി.ആർ പരിശോധന നടത്താതെ ഒമാനിലെത്തുന്നവരും വിമാനത്താവളത്തിൽ പി.സി.ആർ പരിശോധനക്ക് വിധേയമാവുകയും തറാസുദ് പ്ലസ് ബ്രേസ്ലെറ്റ് ധരിച്ച് നെഗറ്റിവ് റിസൽട്ട് വരുന്നതുവരെ സമ്പർക്ക വിലക്കിൽ കഴിയുകയും വേണം. പോസിറ്റിവ് ആയാൽ പത്തു ദിവസമാണ് സമ്പർക്ക വിലക്ക്.
ക്യു.ആർ കോഡുള്ള വാക്സിൻ, പി.സി.ആർ സർട്ടിഫിക്കറ്റുകളാണ് യാത്രക്കാരുടെ കൈവശം ഉണ്ടാകേണ്ടത്. ഓൺലൈനിൽ ഇവ അപ്ലോഡ് ചെയ്യാൻ കഴിയാത്തതിനാൽ ക്യു.ആർ കോഡോടെയുള്ള കോപ്പികൾ വന്നിറങ്ങുന്നവരുടെ കൈവശമുണ്ടാകണം. കോവിഡ് വന്ന് ഭേദമായവർക്കും ഐസൊലേഷൻ തെളിവുകൾ കാണിച്ചാൽ ഐസൊലേഷനിൽനിന്ന് ഇളവു ലഭിക്കും.
ഒമാൻ ഇന്നു മുതൽ എല്ലാ വിസകളും അനുവദിച്ച് തുടങ്ങുകയും ചെയ്യും. നേരത്തേയനുവദിച്ച വിസകളുടെ കാലാവധി പിഴയില്ലാതെ ഈ വർഷം അവസാനം വരെ നീട്ടുകയും ചെയ്തിട്ടുണ്ട്. സർക്കാർ ഓഫിസുകൾ ഇന്നു മുതൽ നൂറു ശതമാനം ശേഷിയിൽ പ്രവർത്തിച്ചുതുടങ്ങും. സർക്കാർ, സ്വകാര്യ ഓഫിസുകളിലും പൊതുസ്ഥലങ്ങളിലും മാളുകളിലും പ്രവേശിക്കുന്നതിന് ഇന്നു മുതൽ വാക്സിനേഷൻ നിർബന്ധമായിരിക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഒരു ഡോസ് വാക്സിനെടുത്തവർക്കാണ് വിസ പുതുക്കി നൽകുക. കര അതിർത്തികളും ഇന്നു മുതൽ തുറക്കും. വാക്സിനെടുത്ത കോവിഡ് പരിശോധന ഫലം ൈകവശമുള്ളവർക്കാണ് പ്രവേശനം അനുവദിക്കുക. മുൻകരുതൽ നടപടികൾ പാലിച്ചു പുതിയ സാധാരണ ജീവിതത്തിലേക്ക് കടക്കാനാണ് സുപ്രീം കമ്മിറ്റിയുടെ നിർദേശം. സുപ്രീം കമ്മിറ്റി മാർഗനിർദേശങ്ങൾ പാലിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി വിവിധ വാണിജ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
ഒമാനിലേക്ക് വരുന്ന രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ ഇ–മുഷ്രിഫ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ട വിധം
https://covid19.emushrif.om വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്യുക
ടൈപ്പ് ഓഫ് രജിസ്ട്രേഷനിൽ travelform
ക്ലിക്ക് ചെയ്യുക
ആദ്യമായി രജിസ്റ്റർ ചെയ്യുന്നവർ new registrationൽ ക്ലിക്ക് ചെയ്യുക
രണ്ട് ഡോസ് വാക്സിനെടുത്തവർ Exemption തിരഞ്ഞെടുക്കുക
തുടർന്ന് രണ്ട് ബോക്സിലും ശരിയിട്ട ശേഷം I agree എന്നത് തിരഞ്ഞെടുക്കുക
18 ന് മുകളിലാണോ അതോ 17 ഉം അതിൽ താഴെയുമാണോ പ്രായം എന്നത് തിരഞ്ഞെടുക്കുക
തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വിവരങ്ങൾ പൂരിപ്പിക്കുക. തുടർന്ന് validateൽ ക്ലിക്ക് ചെയ്യുക
Agree with Above എന്ന ബോക്സിൽ ക്ലിക്ക് ചെയ്ത് Submit നൽകുക
പേമെന്റ് പേജിൽ മേക്ക് പി.സി.ആർ പേമെൻറിൽ ക്ലിക്ക് ചെയ്യുക. 3 റിയാൽ രജിസ്ട്രേഷൻ ഫീസ് അടക്കണം.
പേമെന്റ് ഓപ്ഷൻ തിരഞ്ഞെടുത്ത് proceed നൽകുക (ഒമാനിൽ നിന്നാണ് ലോഗിൻ ചെയ്യുന്നതെങ്കിൽ ഒമാൻ ഡെബിറ്റ് കാർഡ് സുഗമമായി പ്രവർത്തിക്കും).
രജിസ്ട്രേഷൻ വിവരങ്ങൾ പരിശോധിച്ച് പേമെന്റ് ഗേറ്റ് വേയിൽ വിവരങ്ങൾ നൽകി പണമടക്കുക
ക്യു ആർ കോഡ് അടങ്ങിയ രജിസ്ട്രേഷൻ പേജിെൻറ പ്രിൻറൗട്ട് എടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

