Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വേദനകളിൽനിന്ന് പ്രത്യാശയിലേക്ക്; ഉയിർപ്പിന്റെ വെളിച്ചം പകരുന്ന ഈസ്റ്റർ
cancel

ലോകചരിത്രത്തിൽ പ്രത്യാശയുടെ ഏറ്റവും ശക്തമായ പ്രതീകങ്ങളിലൊന്നാണ് ഈസ്റ്റർ. ദുഃഖത്തിന്റെയും പീഡനത്തിന്റെയും അനീതിയുടെയും ഇരുണ്ട വെള്ളിയാഴ്ചയെ മറികടന്ന് ജീവന്റെ വിജയമായി ഉയിർത്തെഴുന്നേൽക്കുന്ന ഞായറാഴ്ചയാണ് ഈസ്റ്റർ. ക്രിസ്തുവിന്റെ കുരിശുമരണവും പുനരുത്ഥാനവും വെറും മതവിശ്വാസത്തിന്റെ ആഘോഷമല്ല. മറിച്ച്, മനുഷ്യന്റെ ജീവിതയാത്രയിൽ നിരാശയെ പ്രത്യാശാഭരിതമാക്കുന്ന, വേദനയെ വിജയതരമാക്കുന്ന, മരണത്തെ ജീവന്റെ മഹത്വത്തിലേക്ക് ഉയർത്തുന്ന മാനവികതയുടെ പ്രതീകമാണ് ഈസ്റ്റർ.

ഡോ. സജി ഉതുപ്പാൻ

ഈ ഉയിർപ്പിന്റെ പ്രത്യാശയെ ഏറ്റവും മനോഹരമായി പ്രതിനിധീകരിക്കുന്ന പ്രതീകങ്ങളിലൊന്നാണ് ഈസ്റ്റർ എഗ്ഗ്. പുറമേ അടഞ്ഞതും നിശ്ശബ്ദവുമായ ഒരു മുട്ടയുടെ ഉള്ളിൽ പുതിയ ജീവൻ മറഞ്ഞിരിക്കുന്നതുപോലെ, ശവകുടീരത്തിന്റെ നിശ്ശബ്ദതയ്ക്കുള്ളിൽ പുതുജീവിതത്തിന്റെ അത്ഭുതം ഉദിച്ചുയരുന്നതാണ് ഈസ്റ്ററിന്റെ രഹസ്യം. പുറംതൊലി പൊട്ടിച്ചിറങ്ങുന്ന കുഞ്ഞുപക്ഷിയെപ്പോലെ, മരണത്തിന്റെ മുദ്ര തകർത്താണ് ക്രിസ്തു ഉയിർത്തെഴുന്നേറ്റത്.

അതുകൊണ്ട് ഈസ്റ്റർ എഗ്ഗ് ഒരു ആഘോഷചിഹ്നം മാത്രമല്ല, ഇരുളിന്റെ ഉള്ളിലും ജീവൻ വളരുന്നു, അവസാനമെന്ന് തോന്നിയാലും പുതിയ തുടക്കം ജനിക്കുന്നു എന്ന പ്രത്യാശയുടെ പ്രഖ്യാപനമാണ് അത്. ഈ പ്രത്യാശയിലേക്ക് മനുഷ്യനെ ഒരുക്കുന്നത് പെസഹ ദിനത്തിലെ പരസ്പരം കാൽ കഴുകൽ നൽകുന്ന സേവന, വിനയ സന്ദേശമാണ്. അന്ത്യവിരുന്നിൽ ശിഷ്യരുടെ കാൽ കഴുകിയ ക്രിസ്തു, യഥാർത്ഥ മഹത്വം അധികാരത്തിലല്ല, മറിച്ച് മറ്റൊരാളുടെ വേദനയിലേക്കു കുനിയുന്ന സ്നേഹത്തിലാണ് എന്ന് പഠിപ്പിച്ചു. പരസ്പരം കാൽ കഴുകൽ എന്നത് ഒരു ആചാരം മാത്രമല്ല, സ്വയം താഴ്ത്തി മറ്റൊരാളെ ഉയർത്തുന്ന മനോഭാവത്തിന്റെ ആത്മീയ പരിശീലനമാണ്.

ഇന്നത്തെ വേദനിക്കുന്ന ലോകത്തിൽ ഇതിന് അതീവ പ്രസക്തിയുണ്ട്. മനുഷ്യൻ മനുഷ്യന്റെ മുൻപിൽ കരുണയോടെ കുനിയുമ്പോഴാണ് ഉയിർപ്പിന്റെ വെളിച്ചം ലോകത്തിൽ തെളിയുന്നത്. ഇന്നത്തെ ലോകസാഹചര്യം നോക്കുമ്പോൾ യുദ്ധങ്ങളും ആഭ്യന്തര സംഘർഷങ്ങളും പട്ടിണിയും കുടിയൊഴിപ്പിക്കലും ജാതി, മത പീഡനങ്ങളും സാമൂഹിക അനീതികളും മനുഷ്യ കുലത്തെ വളരെ ഗൗരവത്തിൽ ബാധിക്കുന്നു. ലോകത്തിന്റെ ഓരോ കോണിലും അനേകം ജനതകൾ ദുരിതവും പീഡനവും അനുഭവിക്കുന്നു. പ്രത്യേകിച്ചും പശ്ചിമേഷ്യയിൽ. വീടുകളും കുടുംബങ്ങളും നഷ്ടപ്പെട്ട അഭയാർഥികൾ, അവകാശങ്ങൾ നിഷേധിക്കപ്പെട്ട സമൂഹങ്ങൾ, സമാധാനത്തിനായി കരയുന്ന കുഞ്ഞുങ്ങൾ.. ഇവർ എല്ലാവരും ഇന്നത്തെ ‘കുരിശിന്റെ വഴിയിലൂടെ’ നടക്കുകയാണ്.

ഈ സാഹചര്യത്തിൽ ഈസ്റ്റർ ഏറെ സമകാലിക പ്രസക്തമാകുന്നു. കാരണം ഈസ്റ്റർ നമ്മോടു പറയുന്നത്, ഇരുട്ട് എത്ര ആഴമുള്ളതായാലും പ്രഭാതം വരും എന്നതാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ ലോകത്തിൽ പീഡനം അനുഭവിക്കുന്ന ജനതകൾക്ക് ഈസ്റ്റർ ഒരു ആത്മീയ ആശ്വാസം മാത്രമല്ല, നീതിക്കായുള്ള പ്രത്യാശയുടെ വിളിയുമാണ്. അനീതിക്കൊടുവിൽ നീതി ജയിക്കും, മരണത്തിനൊടുവിൽ ജീവൻ വിജയിക്കും, വെറുപ്പിനൊടുവിൽ സ്നേഹം ഭരിക്കും എന്ന ഉറപ്പാണ് ഈസ്റ്റർ നൽകുന്നത്.

ഏവർക്കും സമാധാനവും സന്തോഷവും ലഭ്യമാകുന്ന ‘ഉയിർപ്പിന്റെ ദിനം’ എപ്പോഴായിരിക്കും? ഈ ചോദ്യം വെറും മതപരമല്ല, അത് മനുഷ്യ സമൂഹത്തിന്റെ നൈതിക ഉത്തരവാദിത്തത്തെ ചോദ്യം ചെയ്യുന്നതാണ്. ഓരോ മനുഷ്യനും മറ്റൊരാളുടെ വേദന തിരിച്ചറിയുകയും കരുണയോടെ സമീപിക്കുകയും ചെയ്യുന്നിടത്താണ് യഥാർത്ഥ ഈസ്റ്റർ ആരംഭിക്കുന്നത്. പെസഹയിലെ കാൽ കഴുകൽ പഠിപ്പിക്കുന്നതുപോലെ, സേവനത്തിലൂടെ സ്നേഹം പ്രകടമാകുമ്പോഴും, ഈസ്റ്റർ എഗ്ഗ് സൂചിപ്പിക്കുന്നതുപോലെ പുതിയ ജീവന്റെ സാധ്യതകൾ വിരിയുമ്പോഴും, ഉയിർപ്പിന്റെ വെളിച്ചം മനുഷ്യജീവിതത്തിൽ യാഥാർഥ്യമാകുന്നു.

ഈ പുതിയ യുഗത്തിൽ ഈസ്റ്ററിന്റെ പ്രസക്തി മനുഷ്യജീവിതത്തിൽ പ്രാവർത്തികമാകേണ്ടത് പ്രത്യാശ, വിനയം, ക്ഷമ, സ്നേഹം എന്നീ അടിസ്ഥാന മൂല്യങ്ങളിലൂടെയാണ്. ഇന്നത്തെ മനുഷ്യജീവിതത്തിൽ ഈസ്റ്റർ വെറും ദേവാലയാചരണങ്ങളിൽ ഒതുങ്ങരുത്. കുടുംബത്തിൽ പരസ്പര ബഹുമാനം, സമൂഹത്തിൽ സഹവർത്തിത്വം, രാജ്യങ്ങൾക്കിടയിൽ സമാധാന ശ്രമങ്ങൾ, പാവപ്പെട്ടവരോടുള്ള കരുണ, ഇവയൊക്കെയാണ് ഈസ്റ്ററിന്റെ യഥാർത്ഥ പ്രാവർത്തിക രൂപങ്ങൾ.

പീഡനത്തിന്റെ വെള്ളിയാഴ്ചക്കുശേഷം ഉയിർപ്പിന്റെ ഞായർ ഉറപ്പായും വരും എന്ന പ്രത്യാശ. എന്നാൽ ആ ഉയിർപ്പ് കേവലം അത്ഭുതം മാത്രമല്ല മറിച് മനുഷ്യന്റെ പ്രവർത്തനത്തിലൂടെയും സ്നേഹത്തിലൂടെയും നീതിയിലൂടെയും സമാധാന ശ്രമങ്ങളിലൂടെയും യാഥാർത്ഥ്യമാകേണ്ടതാണ്.

അതുകൊണ്ട് ഈസ്റ്റർ കേവലം ഒരു ഉത്സവദിനമല്ല, വിനയത്തിൽ നിന്നു സേവനത്തിലേക്കും, സേവനത്തിൽ നിന്നു ഉയിർപ്പിലേക്കും, ഉയിർപ്പിൽ നിന്നു ലോകത്തിന്റെ പുതുജന്മത്തിലേക്കും നയിക്കുന്ന മഹത്തായ ആത്മീയ ആഹ്വാനമായി മാറട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsEasterpainResurrection
News Summary - From pain to hope; Easter sheds the light of resurrection
Next Story