ഫ്രണ്ട്സ് ഓഫ് റൂവി പ്രവാസി ക്ഷേമനിധി കാമ്പയിന് സംഘടിപ്പിച്ചു
text_fieldsഫ്രണ്ട്സ് ഓഫ് റൂവി കൂട്ടായ്മയുടെ പ്രവാസി ക്ഷേമനിധി ബോധവത്കരണ ക്ലാസും അംഗത്വ കാമ്പയിനും റൂവി ഹൈ സ്ട്രീറ്റിലെ ഗ്ലോബല്‍ മണി എക്സ്ചേഞ്ച് ഹാളില്‍ പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ ബോര്‍ഡ് അംഗവും ലോക കേരളസഭാംഗവുമായ വില്സന് ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: ഫ്രണ്ട്സ് ഓഫ് റൂവി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പ്രവാസി ക്ഷേമനിധി ബോധവത്കരണ ക്ലാസും അംഗത്വ കാമ്പയിനും സംഘടിപ്പിച്ചു. റൂവി ഹൈസ്ട്രീറ്റിലെ ഗ്ലോബല്‍ മണി എക്സ്ചേഞ്ച് ഹാളില്‍ നടന്ന പരിപാടി പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ ബോര്‍ഡ് അംഗവും ലോക കേരളസഭാംഗവുമായ വില്സന് ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
ക്ഷേമനിധിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിശദമാക്കുന്ന അവതരണവും നടന്നു. രാജ്യത്തിനുതന്നെ മാതൃകയായി കേരള സര്‍ക്കാര്‍ ആരംഭിച്ച കേരള പ്രവാസി ക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം കേരളീയരായ മുഴുവന്‍ പ്രവാസികള്‍ക്കും കൈത്താങ്ങായി മാറിക്കഴിഞ്ഞിട്ടുണ്ടെന്ന് വില്സന് ജോര്‍ജ് പറഞ്ഞു.
60 വയസ്സ് പൂര്‍ത്തിയായതും അഞ്ചുവര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ തുടര്‍ച്ചയായി അംശാദായം അടച്ചിട്ടുള്ളതുമായ പ്രവാസികള്‍ക്ക് മിനിമം പെന്ഷന് 3500 രൂപയാക്കി രാജ്യത്ത് ഏറ്റവും കൂടുതല്‍ തുക ക്ഷേമ പെന്‍ഷനായി നല്കുന്ന ബോര്‍ഡാക്കി കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിനെ കേരള സര്‍ക്കാര്‍ മാറ്റിക്കഴിഞ്ഞെന്നും അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ കാലം തുടര്‍ച്ചയായി അംശദായം അടച്ചിട്ടുള്ള അംഗങ്ങള്‍ക്ക് അവര്‍ പൂര്‍ത്തിയാക്കിയ ഓരോ അംഗത്വ വര്‍ഷത്തിനും നിശ്ചയിച്ചിട്ടുളള മിനിമം പെന്ഷന് തുകയുടെ മൂന്ന് ശതമാനത്തിന് തുല്യമായ തുക കൂടി അധിക പെന്‍ഷനായി നല്‍കുന്നുണ്ടെന്നും വില്സന് ജോര്‍ജ് സൂചിപ്പിച്ചു.
ഗ്ലോബല്‍ മണി എക്സ്ചേഞ്ച് എക്സിക്യൂട്ടിവ് ഉപദേശകന് അഡ്വ. ആര്. മധുസൂദനന് ക്ഷേമനിധിയുമായും നോര്‍ക്ക ഇന്ഷുറസന്സുമായും ബന്ധപ്പെട്ട വിവരങ്ങള്‍ വിശദീകരിച്ചു. ജീവിതകാലം മുഴുവന്‍ വിദേശത്ത് ജോലി ചെയ്ത് വിശ്രമജീവിതം നയിക്കേണ്ടി വരുന്ന പ്രവാസികള്‍ക്ക് നിശ്ചിത തുക പ്രതിമാസം ലഭിക്കുന്നത് വലിയ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യക്ഷത്തില്‍ ലഘുവെന്ന് തോന്നുമെങ്കിലും പ്രവാസികളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ പ്രവാസി ക്ഷേമനിധി പെന്ഷന് പദ്ധതി സ്തുത്യര്‍ഹമായ പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബോധവത്കരണ ക്ലാസില്‍ പങ്കുകൊള്ളാനും ക്ഷേമനിധി അംഗത്വമെടുക്കുന്നതിനും നിരവധി പ്രവാസികളാണ് എത്തിച്ചേര്‍ന്നതെന്ന് ഫ്രണ്ട്സ് ഓഫ് റൂവി കൂട്ടായ്മ ഭാരവാഹികളായ സുബിന്, വരുണ്‍, ഹരിദാസ്, സുരേഷ് എന്നിവര്‍ അറിയിച്ചു. റൂവിയിലെ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിരന്തര സാന്നിധ്യമായ കൂട്ടായ്മ, പ്രവാസിക്ഷേമവുമായി ബന്ധപ്പെട്ട അവബോധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

