സൗഹൃദ മത്സരം: പുതുവർഷത്തിൽ ഒമാന് വിജയത്തുടക്കം
text_fieldsയു.എ.ഇക്കെതിരെ ഗോൾ നേടിയ ഒമാൻ താരം അബ്ദുല്ല
ഫവാസിന്റെ ആഹ്ലാദം
മസ്കത്ത്: പുതുവർഷത്തിൽ വിജയത്തോടെ തുടങ്ങി ഒമാൻ ഫുട്ബാൾ ടീം. ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് മുന്നോടിയായുള്ള അവസാന സൗഹൃദ മത്സരത്തിൽ ആതിഥേയരായ യു.എ.ഇയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.
അബൂദബിയിലെ അൽനഹ്യാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മധ്യനിര താരം അബ്ദുല്ല ഫവാസാണ് റെഡ്വാരിയേഴ്സിനുവേണ്ടി വലകുലുക്കിയത്. കളിയുടെ ആദ്യമിനിറ്റുകളിൽ ഇരുടീമുകളുടെയും മുന്നേറ്റമായിരുന്നു കണ്ടിരുന്നത്. ഇതിനിടെയാണ് യു.എ.ഇയെ ഞെട്ടിച്ച് അഞ്ചാം മിനിറ്റിൽ ഒമാൻ ഗോൾ നേടിയത്. ഇതോടെ ഉണർന്നുകളിച്ച യു.എ.ഇ ആക്രമണം ശക്തമാക്കി. സമനിലക്കായുള്ള ആതിഥേയരുടെ ശ്രമങ്ങൾ പലപ്പോഴും പരുക്കൻ കളിയിലേക്കു നീങ്ങുകയും ചെയ്തു. ഒമാൻ കൂടുതൽ ഗോൾ നേടാനുള്ള ശ്രമത്തോടൊപ്പം പ്രതിരോധവും ശക്തമാക്കിയത് യു.എ.ഇക്ക് ആദ്യ പകുതിയിൽ വിലങ്ങുതടിയായി. രണ്ടാം പകുതിയൽ തിരിച്ചടിക്കാനുള്ള നിരവധി അവസരങ്ങൾ യു.എ.ഇക്ക് കിട്ടിയിരുന്നുവെങ്കിലും റെഡ്വാരിയേഴ്സിന്റെ പ്രതിരോധത്തിൽ തട്ടി മുനയൊടിഞ്ഞുപോകുകയായിരുന്നു. ആദ്യ മത്സരത്തിൽ ചൈനക്കെതിരെയും ഒമാൻ വിജയം നേടിയിരുന്നു.

