ദോഫാർ ഖരീഫ്: ഒമാനി രുചികളറിഞ്ഞ് തുറന്ന ബസിൽ സൗജന്യ യാത്ര
text_fieldsമസ്കത്ത്: ഒമാന്റെ തനത് ഭക്ഷണവിഭവങ്ങളും സംസ്കാരവും ആതിഥേയത്വവും സഞ്ചാരികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘ഒമാനി ടേസ്റ്റ് ജേർണി’ പദ്ധതിയുമായി പൈതൃക-വിനോദസഞ്ചാര മന്ത്രാലയം. പൊതുഗതാഗത സർവിസായ മുവാസലാത്തുമായി സഹകരിച്ച് ദോഫാർ ഖരീഫ്- 2026 സീസണിന്റെ ഭാഗമായി തുറന്ന ബസുകളിലാണ് ഈ സൗജന്യ യാത്ര ഒരുക്കിയിരിക്കുന്നത്.
ദോഫാറിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനൊപ്പം പരമ്പരാഗത ദോഫാരി ആതിഥേയത്വം ആസ്വദിക്കാനും ഒമാനി വിഭവങ്ങളെക്കുറിച്ചുള്ള പ്രെസന്റേഷനുകൾ, ഇന്ററാക്ഷൻ പരിപാടികൾ, മത്സരങ്ങൾ എന്നിവയിൽ പങ്കാളികളാകാനും സ്വദേശികൾക്കും വിദേശികൾക്കും ഇതിലൂടെ അവസരം ലഭിക്കും. യാത്ര പൂർണമായും സൗജന്യമാണെങ്കിലും ഓരോ ട്രിപ്പിലും 40 യാത്രക്കാർക്ക് മാത്രമായിരിക്കും പ്രവേശനം. താൽപര്യമുള്ളവർ മന്ത്രാലയം നൽകിയിട്ടുള്ള ക്യു.ആർ കോഡ് വഴി മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
ജൂലൈ 24 മുതൽ 30 വരെയും, ആഗസ്റ്റ് എട്ടു മുതൽ 14 വരെയുമുള്ള രണ്ട് ഘട്ടങ്ങളിലായാണ് ഈ വിനോദയാത്രാ പരിപാടി ക്രമീകരിച്ചിരിക്കുന്നത്. ഒമാനി വിഭവങ്ങളെ രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയുടെ ഭാഗമായി ഉയർത്തിക്കാട്ടുന്നതിനൊപ്പം പ്രാദേശിക പാചക വിദഗ്ദർ, ചെറുകിട-ഇടത്തരം സംരംഭകർ എന്നിവരെ പിന്തുണക്കുക എന്നതുകൂടിയാണ് ഈ സംരംഭത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
ജൂലൈ 24 മുതൽ 30 വരെയും, ആഗസ്റ്റ് എട്ടു മുതൽ 14 വരെയുമുള്ള തീയതികളിലാണ് ഈ പ്രത്യേക വിനോദയാത്രാ പ്രോഗ്രാം നടക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള ഒന്നാം റൂട്ട് അൽ ഹാഫ മാർക്കറ്റ്, ചരിത്രപ്രസിദ്ധമായ അൽ ബലീദ് പുരാവസ്തു കേന്ദ്രം , മനോഹരമായ അൽ ദഹാരിസ് ബീച്ച് എന്നിവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടാണ് സർവീസ് നടത്തുന്നത്. രണ്ടാം റൂട്ടിൽ തിങ്കളാഴ്ച ആദ്യ സർവിസ് നടത്തി. ചൊവ്വാഴ്ചയും തുടരും.
അൽ ഹാഫ ബീച്ച് മാർക്കറ്റിൽ നിന്ന് ആരംഭിച്ച് അൽ ഗർഫ് വഴി അൽ നഹ്ദ ടവർ റൗണ്ട് എബൗട്ടിലേക്ക് നീളുന്ന ഈ റൂട്ട് ഏകദേശം 20 കിലോമീറ്ററോളമാണ് ഉള്ളത്. വൈകുന്നേരം നാലു മുതൽ രാത്രി 10 വരെ ഓരോ 50 മിനിറ്റിലും ഈ റൂട്ടിൽ ബസ് സർവീസുകൾ ലഭ്യമായിരിക്കും. ഒരു വശത്തേക്കുള്ള യാത്രയ്ക്ക് ഏകദേശം 40 മിനിറ്റോളം സമയമെടുക്കും. ആഗസ്റ്റ് 11, 12 തീയതികളിലും ഈ റൂട്ടിൽ സർവീസ് നടത്തും.
പൈതൃക വേദിയായ ‘റിട്ടേൺ ടു ദി പാസ്റ്റ്’ സങ്കേതത്തെ അൽ വഫ വാക്ക്‌വേയുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതിയുടെ മൂന്നാമത്തെ റൂട്ട്. നിശ്ചയിക്കപ്പെട്ടിട്ടുള്ള ദിവസങ്ങളിൽ ഈ റൂട്ടുകളിൽ പ്രതിദിനം ഒന്നിലധികം സർവിസുകൾ ഉണ്ടായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

