വ്യാജ ഓണ്‍ലൈന്‍ പരസ്യം വഴി തട്ടിപ്പ്
text_fieldsമസ്കത്ത്: വ്യാജ ഓണ്‍ലൈന്‍ പരസ്യം വഴി തട്ടിപ്പ് നടത്തിയ സംഭവത്തിൽ രണ്ട് വിദേശികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഈജിപ്ത് പൗരന്മാരാണ് പിടിയിലായത്. വിവിധ ഗവര്‍ണറേറ്റുകളില്‍ വീട്, അപ്പാര്‍ട്മെന്റ്, വാണിജ്യസ്ഥാപനങ്ങള്‍, വിനോദ കെട്ടിങ്ങള്‍ തുടങ്ങിയവ വാടകക്ക് നല്‍കുന്നതായി കാണിച്ച് വ്യാജ പരസ്യം നല്കി തട്ടിപ്പ് നടത്തിവന്നയാളെയാണ് മസ്കത്ത് പൊലീസ് പിടികൂടിയത്.
ബുക്കിങ് ഉറപ്പാക്കാന്‍ ബാങ്ക് ട്രാന്‍സ്ഫര്‍ വഴി മുന്‍കൂര്‍ പണമടക്കാന്‍ ഇരകളെ നിര്‍ബന്ധിച്ചായിരുന്നു തട്ടിപ്പ്. ഒന്നിലധികം വ്യക്തികളെ വഞ്ചിച്ചതിന് മസ്കത്ത് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അന്വേഷണം നടത്തിവരുകയായിരുന്നു. പ്രതിക്കെതിരെ നിയമനടപടികള്‍ നടന്നുവരുകയാണെന്നും പൊലീസ് അറിയിച്ചു.
അതേസമയം, സമൂഹമാധ്യമങ്ങളിൽ ഫാമുകളുടെയും ഷാലെറ്റുകളുടെയും (ഉല്ലാസകേന്ദ്രങ്ങൾ) വ്യാജ പരസ്യങ്ങൾ നൽകി തട്ടിപ്പ് നടത്തുന്നിതനെതിരെ റോയൽ ഒമാൻ പൊലീസ് നേരേത്ത മുന്നറിയിപ്പ് നൽകിയിരുന്നു. ഗവർണറേറ്റുകളിലുടനീളമുള്ള അറിയപ്പെടുന്ന ഫാമുകൾ, ഷാലെറ്റുകൾ, ടൂറിസ്റ്റ് റിസോർട്ടുകൾ എന്നിവിടങ്ങളിൽ ബുക്കിങ് വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളാണ് തട്ടിപ്പ് സംഘം കൂടുതലായി പ്രചരിപ്പിക്കുന്നത്. നിലവിലില്ലാത്ത റിസർവേഷനുകൾക്കായി മുൻകൂട്ടി ഫണ്ട് കൈമാറാനായി ഈ പരസ്യങ്ങളിൽ തട്ടിപ്പ് സംഘത്തിന്റെ നമ്പറുകളും മറ്റുമാണ് നൽകുന്നത്.
തട്ടിപ്പാണെന്ന് മനസ്സിലാക്കാതെ ബാങ്ക് ട്രാൻസ്ഫറുകളിലൂടെയോ മൊബൈൽ ആപ്പുകളിലൂടെയോ പണമയച്ചുകഴിഞ്ഞാൽ പിന്നെ സംഘം പ്രതികരിക്കില്ല.
ബുക്കിങ് സ്ഥിരീകരണമോ മറ്റോ ലഭിക്കാതിരിക്കുമ്പോഴാണ് തട്ടിപ്പ് പലർക്കും മനസ്സിലാകുന്നത്. പണം സ്വീകരിക്കുന്നയാളുടെ ഐഡന്റിറ്റിയും സ്ഥാപനത്തിന്റെ ആധികാരികതയും പരിശോധിക്കാതെ ഏതെങ്കിലും തുക കൈമാറ്റം ചെയ്യുന്നത് ഒഴിവാക്കണമെന്നും ആർ.ഒ.പി ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

