ചതുർരാഷ്ട്ര ക്രിക്കറ്റ്: ഒമാന്‍ തോൽവി
text_fieldsഅമീറാത്ത് ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നേപ്പാളിനെതിരെ നടന്ന മത്സരത്തിൽ ഒമാന്റെ പ്രജാപതി ക്ലീൻബൗൾഡാകുന്നു // വി.കെ. ഷെഫീർ
മസ്കത്ത്: അമീറാത്ത് ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ തുടക്കമായ ചതുർരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യമത്സരത്തിൽ ഒമാന്‍ തോൽവി. നേപ്പാൾ ആറ് വിക്കറ്റിനാണ് ആതിഥേയരെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 135 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാൾ 19.3 ഓവറിൽ വിജയം കാണുകയായിരുന്നു. മുൻനിര ബാറ്റിങ് നിര തകർന്നടിഞ്ഞതാണ് ഒമാന്‍ തിരിച്ചടിയായത്. സീഷാൻ മഖ്സൂദ് (41 ബാളിൽ 43*), മുഹമ്മദ് നദീം (31), ജതീന്ദർ സിങ് (13) എന്നിവർ മാത്രമാണ് ഒമാൻ നിരയിൽ തിളങ്ങിയത്. നേപ്പാളിന്വേണ്ടി അഭിനാഷ് ബുഹ്റ 26 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.
ദീപേന്ദ്ര സിങ് ഐരിയുടെ അർധ സെഞ്ച്വറിയാണ് ( 53 ബാളിൽ 73* ) നേപ്പാളിന് വിജയം എളുപ്പമാക്കിയത്.എട്ട് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഇദ്ദേഹത്തിന്റെ ഇന്നിങ്സ്. 25 റൺസെടുത്ത മുഹമ്മദ് ആരിഫ് ശൈഖും മികച്ച പിന്തുണ നൽകി. ഒമാന്‍ വേണ്ടി നാലോവറില്‍ 24 റണ്‍സ് വഴങ്ങി കലീമുള്ള രണ്ട് വിക്കറ്റെടുത്തു. ടോസ് നേടിയ നേപ്പാൾ ഒമാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അതേസമയം, വെള്ളിയാഴ്ച രാവിലെ പത്തിന് നടക്കേണ്ടിയിരുന്ന അയർലൻഡ്- യു.എ.ഇ മത്സരം സാങ്കേതിക കാരണങ്ങളാൽ നടന്നില്ല. ഈ മത്സരം 13ന് രാവിലെ പത്തിന് നടത്തുമെന്ന് സംഘാടകർ അറിയിച്ചു. ശനിയാഴ്ച രാവിലെ പത്തിന് നേപ്പാൾ യു.എ.ഇയെയും ഉച്ചക്ക് രണ്ടിന് ഒമാൻ അയർലൻഡിനെയും നേരിടും. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കാണികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

