
നാലുപതിറ്റാണ്ട് മസ്കത്തിൽ; മടങ്ങിയിട്ടും വിധി തിരികെയെത്തിച്ചു, ഒടുവിൽ അന്നം നൽകിയ നാട്ടിൽ അന്ത്യവിശ്രമം!
text_fieldsമത്ര (മസ്കത്ത്): മസ്കത്തിലെ ആദ്യകാല പ്രവാസികളിലൊരാളായ കണ്ണൂർ തളിപ്പറമ്പ് കാക്കത്തോട് സ്വദേശി മഹ്മൂദ് എം.പിയുടെ മരണം പ്രവാസികളെയും സ്വദേശികളെയും ഒരുപോലെ സങ്കടത്തിലാഴ്ത്തി. 1982 ൽ പ്രവാസ ജീവിതത്തിന് തുടക്കം കുറിച്ച മഹ്മൂദ്, 2022 ജൂൺ ഒന്നിനാണ് പ്രവാസം അവസാനിപ്പിച്ച് വിശ്രമ ജീവിതത്തിനായി നാട്ടിലേക്ക് മടങ്ങിയത്. അടുത്തിടെ മത്രയിൽ വന്നു മടങ്ങിയിരുന്നു.
ഖുറമിലെ പെർഫ്യൂം ഷോപ്പിൽ മാനേജരായി ജോലി ചെയ്യുന്ന മകൻ മാസിന്റെ വിവാഹചടങ്ങിനായാണ് മഹ്മൂദും മറ്റു കുടുംബാംഗങ്ങളുമെല്ലാം വീണ്ടും മസ്കത്തിലെത്തിയത്. എന്നാൽ, വിധിയുടെ നിയോഗം മറ്റൊന്നായിരുന്നു. മകന്റെ നിക്കാഹും വിവാഹ സൽക്കാരവും നിശ്ചയിച്ച ദിവസംതന്നെ മഹ്മൂദ് ജീവിതത്തിൽനിന്ന് മടങ്ങി. ഒടുവിൽ നാലു പതിറ്റാണ്ട് തനിക്ക് അന്നമേകിയ സുൽത്തനേറ്റിലെ മണ്ണിൽ ആറടി മണ്ണിൽ മഹ്മൂദിന് അന്ത്യ വിശ്രമവുമൊരുങ്ങി.
1982 ൽ ജ്യേഷ്ഠൻ നല്‍കിയ വിസയില്‍ മത്ര സബാദിയില്‍ ഉണ്ടായിരുന്ന സഹോദരന്‍റെ ഫുഡ്സ്റ്റഫ് കടയിൽ ജോലിക്കാരനായാണ് പ്രവാസ ജീവിതം തുടങ്ങിയത്. തുടര്‍ന്ന് ഒമ്പത് വര്‍ഷത്തോളം സ്വന്തമായി ഫുഡ് സ്റ്റഫ് കട നടത്തി.ഇതിനിടയിലാണ് ചെറുകിട ഫുഡ് സ്റ്റഫ് കടകള്‍ സ്വദേശിവത്കരണത്തിന്റെ ഭാഗമായത്.
അതോടെ കട ഒഴിവാക്കി പച്ചക്കറി കച്ചവടം ആരംഭിക്കുകയായിരുന്നു. തുടക്കത്തില്‍തന്നെ ഡ്രൈവിങ്ങ് ലൈസന്‍സ് സ്വന്തമാക്കി വാഹനവും വാങ്ങി തുടങ്ങിയ പച്ചക്കറി കച്ചവടത്തിലാണ് പിന്നീട് മുന്നോട്ട് പോയത്. അതിരാവിലെ മാർക്കറ്റില്‍പോയി ആവശ്യമായ പച്ചക്കറികള്‍ ശേഖരിച്ച് കടകളിലും സ്വദേശി വീടുകളിലും എത്തിച്ചാണ് കച്ചവടം ചെയ്തിരുന്നത്.
ഓര്‍ഡറുകള്‍ മിതമായ നിരക്കില്‍ കൃത്യമായി എത്തിച്ചു നല്‍കുന്നതിനാല്‍ സ്വദേശികള്‍ക്കൊക്കെ വലിയ കാര്യമായിരുന്നു ഇദ്ദേഹത്തിനെ. മത്രയിൽനിന്ന്പോയാലും ഈ നാടിനെയും ഇവിടുത്തെ സ്നേഹ സമ്പന്നരായ ജനങ്ങളെയും ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്നായിരുന്നു പ്രവാസം അവസാനിപ്പിച്ച് മടങ്ങവെ മഹ്മൂദ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞത്.
ഇവിടെ ജോലി ചെയ്ത് മെച്ചപ്പെട്ട ജീവിതം കെട്ടിപ്പെടുക്കാന്‍ സാധിച്ചു എന്നതിനാല്‍ ഈ നാടിനോടുള്ള കടപ്പാട് വാക്കുകളില്‍ ഒതുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം അന്നു പറഞ്ഞിരുന്നു. പ്രവാസത്തിന്റെ തുടക്കം മുതലേ കുടുംബം കൂടെയുണ്ടായിരുന്നു. മൂന്ന് മക്കളില്‍ രണ്ടു പേര്‍ ജനിച്ചതും മൂവരും പഠിച്ചതുമൊക്കെ ഒമാനില്‍ തന്നെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
