ദേശീയ ജീനോം സെന്ററിന് തറക്കല്ലിട്ടു
text_fieldsമസ്കത്ത്: ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ ജീനോം-ഹ്യൂമൻ ഡാറ്റാ സെന്ററിന്റെ (ഒമാൻ ജീനോം) തറക്കല്ലിടൽ ചടങ്ങ് നടന്നു. മസ്കത്ത് ഗവർണറേറ്റിലെ സീബിൽ ഒരുങ്ങുന്ന പദ്ധതിയുടെ തറക്കല്ലിടൽ കർമം ആരോഗ്യ മന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സബ്തി നിർവഹിച്ചു.
42 ലക്ഷത്തിലധികം ഒമാനി റിയാൽ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി 10,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് നിർമിക്കുന്നത്. ഒമ്പത് മാസം കൊണ്ട് കെട്ടിട നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. തുടർന്ന് 45 ദിവസത്തിനുള്ളിൽ ആധുനിക സജ്ജീകരണങ്ങളും ഉപകരണങ്ങളും ഇവിടെ സ്ഥാപിക്കും.
ഒമാൻ ജീനോം പ്രോഗ്രാമിന്റെ സുപ്രധാന അടിസ്ഥാന സൗകര്യ വികസനമാണ് ഈ ദേശീയ കേന്ദ്രത്തിലൂടെ യാഥാർത്ഥ്യമാകുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ (2025 -2030) രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള 20,000 ഒമാനി പൗരന്മാരുടെ സമ്പൂർണ ജീനോം സ്വീക്വൻസിങ് നടത്താൻ ലക്ഷ്യമിടുന്നു. തുടർന്ന് 2040-ഓടെ പങ്കാളികളുടെ എണ്ണം ഒരു ലക്ഷമായി ഉയർത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഇതിലൂടെ ഒമാനി സമൂഹത്തിന്റെ സമഗ്രമായ ഒരു ജനിതക ഡാറ്റാബേസ് രൂപീകരിക്കാനാകും. വ്യക്തികളുടെ ജനിതക ഘടനക്ക് അനുസൃതമായി രോഗപ്രതിരോധ-ചികിത്സാ മാർഗങ്ങൾ രൂപപ്പെടുത്തുന്ന ‘പ്രിസിഷൻ ആൻഡ് പേഴ്സണലൈസ്ഡ് മെഡിസിൻ’ രംഗത്ത് ഈ ഡാറ്റാബേസ് വലിയ വിപ്ലവം സൃഷ്ടിക്കും. പ്രമേഹം, ഹൃദ്രോഗം, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളും പാരമ്പര്യ രോഗങ്ങളും നേരത്തെ കണ്ടെത്താനും വിവാഹപൂർവ-നവജാത ശിശു പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കാനും ഇത് സഹായിക്കും. ഭാവിയിലെ ആരോഗ്യ പദ്ധതികൾ കൂടുതൽ കൃത്യതയോടെ ആസൂത്രണം ചെയ്യാൻ ആവശ്യമായ വിവരങ്ങൾ നൽകാനും ഈ കേന്ദ്രത്തിന് സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

