ജൂദ്, യമാൽ നഗര വികസന പദ്ധതികൾക്ക് തറക്കല്ലിട്ടു
text_fieldsയമാൽ പദ്ധതിയുടെ തറക്കല്ലിടൽ കർമം സാംസ്കാരിക-കായിക- യുവജനകാര്യ മന്ത്രി സയ്യിദ് തെയ്സിൻ ബിൻ ഹൈതം അൽ സഈദ് നിർവഹിക്കുന്നു
മസ്കത്ത്: 1.7 ബില്യൺ റിയാൽ നിക്ഷേപത്തിൽ ടി.എം.ജി ഗ്രൂപ്പ് നിർമിക്കുന്ന ജൂദ്, യമാൽ നഗര വികസന പദ്ധതികളുടെ ശിലാസ്ഥാപനം സാംസ്കാരിക-കായിക- യുവജനകാര്യ മന്ത്രി സയ്യിദ് തെയ്സിൻ ബിൻ ഹൈതം അൽ സഈദ് നിർവഹിച്ചു. സുൽത്താൻ ഹൈതം സിറ്റിയിലും തീരപ്രദേശമായ അൽ മനൂമയിലുമായാണ് ശിലാസ്ഥാപന ചടങ്ങുകൾ നടന്നത്. ചടങ്ങിൽ രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
രാജ്യാന്തര നിലവാരമുള്ള നഗരം രൂപപ്പെടുത്താനുള്ള പദ്ധതികളുടെ ഭാഗമായാണ് ഈ രണ്ട് മെഗാ പ്രൊജക്ടുകളും നിർമിക്കുന്നത്. ഒമാൻ വിഷൻ 2040-ന്റെ പ്രധാന ലക്ഷ്യങ്ങളായ സാമ്പത്തിക വൈവിധ്യവൽക്കരണം, സ്വകാര്യ മേഖലയ്ക്ക് ശാക്തികരിക്കൽ, നിക്ഷേപ പ്രോത്സാഹനം, ദേശീയ സാമ്പത്തിക മൂല്യം വർധന എന്നിവയുമായി യോജിക്കുന്നവയാണ് ഈ പദ്ധതികൾ.
2.7 ദശലക്ഷം ചതുരശ്ര മീറ്ററിൽ ഉയരുന്ന ‘ജൂദ്’ പദ്ധതിയിൽ 7,000-ത്തിലധികം വസതികൾ, വ്യാപാര, ആരോഗ്യ, വിദ്യാഭ്യാസ, വിനോദ സൗകര്യങ്ങൾ, ഹരിത മേഖലകൾ, സോഷ്യൽ - സ്പോർട്സ് ക്ലബ് എന്നിവയും ഉൾപ്പെടും. ആദ്യഘട്ടത്തിൽ 600 യൂനിറ്റുകൾ വിൽക്കും.
2.2 ദശലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചു കിടക്കുന്ന തീരനഗര പദ്ധതിയാണ് ‘യമാൽ’. 1,760 മീറ്റർ നീളമുള്ള ഒമാൻ കടൽതീരമാണ് പ്രധാന പ്രത്യേകത. അന്താരാഷ്ട്ര മറീന, ആഡംബര ഹോട്ടലുകൾ, സമുദ്ര വിനോദങ്ങൾ, 6,000-ത്തിലധികം വാസ-ഹോസ്പിറ്റാലിറ്റി യൂനിറ്റുകൾ എന്നിവയാകും ആകർഷണം. ആദ്യഘട്ടത്തിൽ 700 യൂനിറ്റുകൾ വിപണിയിൽ അവതരിപ്പിക്കും. ആദ്യഘട്ട വിൽപന ചൊവ്വാഴ്ച ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

