മസ്കത്ത്: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം ലക്ഷ്യത്തിലേക്കെത്തുന്നു. ഡിസംബർ മുതൽ മേയ് വരെ കാലയളവിനുള്ളിൽ സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ 25,000 തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനാണ് മന്ത്രിസഭ കൗൺസിൽ തീരുമാനിച്ചത്. ഇൗ കാലാവധി അവസാനിക്കാൻ ഒരുമാസത്തിലധികം ബാക്കി നിൽക്കെ ലക്ഷ്യത്തിെൻറ 96.6 ശതമാനവും പൂർത്തീകരിക്കാൻ സാധിച്ചതായി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 16 വരെയുള്ള കണക്ക് പ്രകാരം 24,172 സ്വദേശികൾക്കാണ് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിച്ചത്. ഇതിൽ 16,293 പേർ പുരുഷന്മാരാണ്. ഇതിൽ 48.3 ശതമാനം പേരും ഡിപ്ലോമക്ക് താഴെ യോഗ്യതയുള്ളവരാണ്. 34.3 ശതമാനം പേർക്ക് ഡിപ്ലോമ യോഗ്യതയും 17.4 ശതമാനം പേർക്ക് ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുമുണ്ട്. നിർമാണ മേഖലയിലാണ് കൂടുതൽ തൊഴിലവസരങ്ങൾ ലഭിച്ചത്, 32.5 ശതമാനം. ഹോൾസെയിൽ, റീെട്ടയിൽ വ്യാപാര മേഖലയിൽ 14.3 ശതമാനം പേർക്കും ഉൽപാദന മേഖലയിൽ 13.5 ശതമാനം പേർക്കും ഗതാഗത മേഖലയിൽ 7.1 ശതമാനം പേർക്കും തൊഴിൽ ലഭിച്ചു. സ്വദേശിവത്കരണം തുടർപ്രക്രിയയാണെന്ന് മാനവ വിഭവശേഷി മന്ത്രാലയം വക്താവ് നേരത്തേ അറിയിച്ചിരുന്നു. സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ തുടരും. ആദ്യഘട്ടം അവസാനിച്ച ശേഷമുള്ള മൂന്നു മാസം ഡിപ്ലോമ, സർവകലാശാല ബിരുദധാരികൾക്ക് തൊഴിൽ ലഭ്യത ഉറപ്പാക്കും. സ്വകാര്യ, സർക്കാർ മേഖലകളിലെ നിയമനത്തിൽ സ്വദേശികൾക്കായിരിക്കും എല്ലാ പരിഗണനയും. യോഗ്യരായ സ്വദേശികളെ ലഭിക്കാത്ത സാഹചര്യത്തിൽ മാത്രമായിരിക്കും ഇൗ മേഖലകളിൽ വിദേശികൾക്ക് അവസരം നൽകുക. സ്വദേശിവത്കരണത്തിന് വേഗത വർധിപ്പിക്കുന്നതിനായി കഴിഞ്ഞ ജനുവരി 25 മുതൽ വിദേശികൾക്ക് 87 തസ്തികകളിൽ ആറുമാസത്തേക്ക് വിസാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. െഎടി, മീഡിയ, എയർ ട്രാഫിക്, എൻജിനീയറിങ്, അക്കൗണ്ടിങ്, ഫിനാൻസ്, ടെക്നീഷ്യൻ, ഇൻഷുറൻസ്, മാർക്കറ്റിങ്, സെയിൽ, അഡ്മിനിസ്ട്രേഷൻ, ഹ്യുമൻ റിസോഴ്സ് തുടങ്ങിയ മേഖലകളിലാണ് വിസാ വിലക്കുള്ളത്. വിസാ വിലക്ക് തൊഴിൽമേഖലയെ എത്രമാത്രം ബാധിച്ചുവെന്നതടക്കം വിഷയങ്ങൾ ആറുമാസം പൂർത്തിയാകുന്ന ജൂലൈയിൽ അവലോകനം ചെയ്യുമെന്നും മന്ത്രാലയം വക്താവ് അറിയിച്ചിരുന്നു. കൂടുതൽ മേഖലകളിലേക്ക് നിയന്ത്രണം ഏർപ്പെടുത്തണമോ അതോ ചില നിയന്ത്രണങ്ങൾ എടുത്തുകളയണമോയെന്നതടക്കം പുതിയ തീരുമാനങ്ങൾ ഇതിന് ശേഷം മാത്രമാകും കൈക്കൊള്ളുക. സ്വകാര്യ മേഖലയിലെ സ്വദേശി തൊഴിലാളികളുടെ ശതമാനം 2015ൽ 11.4 ശതമാനമായിരുന്നത് കഴിഞ്ഞവർഷം 12.1 ശതമാനമായി ഉയർന്നിട്ടുണ്ടെന്നും മാനവ വിഭവ ശേഷി മന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു. ധനകാര്യ, ഇൻഷുറൻസ് മേഖലയിലാണ് കൂടുതൽ സ്വദേശികൾ ജോലിക്കുള്ളത്. 80.4 ശതമാനമാണ് ഇൗ മേഖലയിലെ സ്വദേശിവത്കരണ തോത്. തസ്തിക തിരിച്ച് കണക്കെടുത്താൽ ക്ലറിക്കൽ തസ്തികകളിലാണ് കൂടുതൽ സ്വദേശികൾ തൊഴിലെടുക്കുന്നത്, 95.5 ശതമാനമാണ്. സർക്കാർ മേഖലയിലാകെട്ട നിലവിൽ 87 ശതമാനമാണ് സ്വദേശികളുടെ എണ്ണം. സർക്കാർ മേഖലയിലെ സ്വദേശിവത്കരണ തോത് ഉയർത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 12:21 PM GMT Updated On
date_range 2018-12-19T23:29:54+05:30സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം ലക്ഷ്യത്തിലേക്ക്
text_fieldsNext Story