Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആഞ്ഞു വീശിയ കാറ്റും...

ആഞ്ഞു വീശിയ കാറ്റും തിരിച്ചുകിട്ടിയ ജീവനും...

text_fields
bookmark_border
ആഞ്ഞു വീശിയ കാറ്റും തിരിച്ചുകിട്ടിയ ജീവനും...
cancel

തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിനടുത്തു കരൂപ്പടന്നയാണ് എന്റെ നാട്. ഫുട്ബാൾ എന്നും കരൂപ്പടന്നക്കാരുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണ്. 2002 ലോകകപ്പു കഴിഞ്ഞ് 24 വർഷത്തിന് ശേഷം ഒരാഴ്ചകാലം നാട്ടിൽ ഈ ലോകകപ്പ് കാണാൻ പറ്റി. ഒപ്പം എന്റെ ഗ്രാമമായ പെഴുംകാട് പാടം ബസാറിൽ വലിയ സ്ക്രീൻ ഒരുക്കാനും മറ്റും ഇന്നത്തെ തലമുറയോടൊപ്പം കൂടാനും പറ്റി എന്നുള്ളത് വലിയ സന്തോഷം.

1994 -ൽ റൊമാരിയോയുടെ വേഗതയും ബെബറ്റോയുടെ താരാട്ടുമൊക്കെ കണ്ടാണ് ഞാൻ ബ്രസീൽ ആരാധകനായി മാറുന്നത്. 1998 ലോകകപ് ആയപ്പോഴേക്കും ബ്രസീൽ ആവേശമായി മാറി. 1998 ലെ ലോകകപ്പു ഫ്രാൻസിലാണ് നടന്നത്. ഒരു ദിവസം രണ്ടു കളി വീതമാണ് നടന്നിരുന്നത്. ആദ്യത്തെ കളി 11 മണി ആകുമ്പോൾ തീരും. അടുത്ത കളി ആവണമെങ്കിൽ വെളുപ്പിന് മൂന്നു വരെ കാത്തിരിക്കണം. ഉറങ്ങിയാൽ പിന്നെ എഴുന്നേൽക്കാൻ ബുദ്ധിമുട്ടാണ്.

അങ്ങനെയാണ് ആദ്യത്തെ കളിക്ക് ശേഷം കുറച്ചു നേരത്തെ സൊറ പറച്ചിലിന് ശേഷം 12 മണി ആകുമ്പോൾ പുതിയറോട്ടിൽ കുന്നത്തെ പള്ളിയുടെ അടുത്തുള്ള കുഴിക്കണ്ടത്തിൽ അബ്ദുക്കാടെ കടയിൽ പോയി എന്തെകിലും കഴിച്ചു സമയം കളയാമെന്നു തീരുമാനമായത്. കിണ്ണത്തപ്പവും പപ്പടവും ആയിരുന്നു അവിടത്തെ സ്പെഷ്യൽ. എന്തൊക്കെ പറഞ്ഞാലും ആ രാത്രികളിൽ വല്ലാത്ത രുചിയായിരുന്നു ആ കിണ്ണത്തപ്പത്തിനും കൂടെ തരുന്ന പപ്പടത്തിനും. അതു കഴിഞ്ഞു ഒരു പൊടിക്കട്ടനും. ഇപ്പോഴും വായിൽ വെള്ളമൂറുന്നു. അന്ന് ഞങ്ങൾ 10 പേരോളം ഉണ്ടാകും കടയിൽ പിന്നെ സ്കൂളിന്റെ അവിടന്ന് വരുന്ന കുറച്ചു പേരും.

ഫൈനൽ ബ്രസീലും ഫ്രാൻസും തമ്മിലായിരുന്നു. ഫൈനലിനു മുൻപ് റൊണാൾഡോക്ക് പനി വന്നു, അപസ്മാരം വന്നു എന്നൊക്കെ വാർത്തകൾ ഉണ്ടായിരുന്നു. എന്തായാലും അതുവരെ കണ്ട റൊണാൾഡോയുടെ നിഴൽ മാത്രമാണ് ഫൈനലിൽ ഉണ്ടായിരുന്നത്. ഫലമോ സിനദിൻ സിദാൻ എന്ന ഒറ്റയാൻ ബ്രസീലിന്റെ കഥ കഴിച്ചു. ബ്രസീൽ ഫ്രാൻസിനോട് നല്ല നിലയിൽ തോറ്റെങ്കിലും കിണ്ണത്തപ്പവും പപ്പടവും നല്ല കൂട്ടുകരാണെന്നു തിരിച്ചറിഞ്ഞ ലോകകപ്പായിരുന്നു അത്.

ഫുട്ബോൾ ലോകകപ്പും കാലവർഷവും മിക്കവാറും ഒരുമിച്ചാണ് വിരുന്നു വരാറുള്ളത്. കാറ്റും മഴയും കറന്റ് പോക്കും പതിവാണ്. ലോകകപ്പിൽ അർജന്റിന -ഇംഗ്ലണ്ട് മത്സരം വലിയ ആവേശമാണ് ഉണ്ടാകാറുള്ളത്. മറഡോണയുടെ ദൈവത്തിന്റെ ഗോൾ പിറന്നത് ഇംഗ്ലണ്ടിന് എതിരായത് കൊണ്ട് അതിനു ശേഷം അവർ ഏറ്റുമുട്ടുമ്പോൾ വലിയ ആവേശമാണ്. ബ്രസീൽ ആരാധകരായ ഞങ്ങൾക്ക് അർജന്റീന തോൽക്കുന്നതാണല്ലോ ഇഷ്ടം . 1998 ലോകകപ്പിൽ അർജന്റിന- ഇംഗ്ലണ്ട് മത്സരം ഉണ്ടായിരുന്നു.

അന്ന് ഞങ്ങൾ കളി കാണുന്നത് എന്റെ കൂട്ടുകാരൻ ഹാരിസിന്റെ വീട്ടിലാണ്. അങ്ങനെ അർജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം തുടങ്ങി. ഞങ്ങൾ ബ്രസീൽ ആരാധകരുടെ പ്രാർത്ഥന പോലെ 18 വയസ്സുള്ള മൈക്കിൾ ഓവൻ എന്ന പ്രതിഭയുടെ മിന്നലാട്ടതോടെ ഇംഗ്ലണ്ട് ഗോളടിച്ചു. ആ ഗോൾ കഴിഞ്ഞു 10 മിനുട്ടു കഴിഞ്ഞില്ല പെട്ടെന്നൊരു ശക്തമായ ഒരു കാറ്റു വീശുന്നു. പൊടുന്നനെ കറന്റ് പോവുകയും എന്റെ വീട്ടിലെ പ്ലാവ് പകുതി വെച്ച് ചീന്തി ഹാരിസിന്റെ വീടിനെ തൊട്ടു തൊട്ടില്ല എന്ന വിധത്തിൽ വീണതും പെട്ടെന്നായിരുന്നു. തൃശൂർ ഭാഷയിൽ പറഞ്ഞാൽ ഒരൽപം കൂടി താഴേന്നു പ്ലാവ് മുറിഞ്ഞിരുന്നെങ്കിൽ ഞങ്ങൾ പത്തു പതിനഞ്ചേണ്ണം പടമായേനെ (പടച്ചവൻ കാത്തു). ഇപ്പോഴും ലോകകപ്പ് ആവുമ്പോൾ ആ പ്ലാവ് വീഴ്ച മനസ്സിലേക്ക് കടന്നു വരും.

അതിനു ശേഷം 2002 ലെ ലോകകപ്പ് നാട്ടിൽ തന്നെ കാണാൻ അവസരം കിട്ടി. ബ്രസീലിന്റെ സ്വപ്നതുല്യമായ ടീമായിരുന്നു 2002 ൽ പോരിനിറങ്ങിയത്. പ്രതീക്ഷിച്ച പോലെ ബ്രസീൽ- ജർമ്മനി സ്വപ്ന ഫൈനൽ. ഫൈനലിൽ ഞങ്ങളുടെ ചങ്കായ റൊണാൾഡോയുടെ മിന്നുന്ന രണ്ട് ഗോളിലൂടെ ബ്രസീൽ അഞ്ചാം ലോക കിരീടം സ്വന്തമാക്കി. അന്നാളുകളിൽ കളി കാണാൻ ഉണ്ടായിരുന്ന പലരും ഇന്ന് ആറടി മണ്ണിലാണ്. ഈ അവസരത്തിൽ അവരെയല്ലാം സ്മരിക്കുന്നു ഒപ്പം അവർക്കായി പ്രാർഥിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballGulf NewsFIFA World Cup
News Summary - football diary
Next Story