Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപന്തും പ്രവാസവും:...

പന്തും പ്രവാസവും: അന്നും ഇന്നും മാറാത്ത ലോകകപ്പ് ആവേശം

text_fields
bookmark_border
പന്തും പ്രവാസവും: അന്നും ഇന്നും മാറാത്ത ലോകകപ്പ് ആവേശം
cancel

​‘‘അന്ന് നാട്ടിൽ ടിവി തിരഞ്ഞു നടന്ന ദൂരങ്ങളിൽ നിന്നും ഒമാന്റെ മണലാരണ്യത്തിലെ വലിയ സ്ക്രീനുകളിലേക്കും അവിടെനിന്ന് ഇന്നത്തെ അത്യാധുനിക ഡിജിറ്റൽ ലോകത്തേക്കുമുള്ള മാറ്റം ഫുട്ബാൾ എന്ന വികാരത്തിന്റെ വളർച്ച കൂടിയാണ്...’’

​ഫിഫ ലോകകപ്പ് അതിന്റെ മുഴുവൻ ആവേശത്തിലും മുന്നേറുകയാണ്. ലോകം മുഴുവൻ ഈ പുൽമൈതാനങ്ങളിലെ ചലനങ്ങൾക്കായി കണ്ണുനട്ടിരിക്കുമ്പോൾ, ഓരോ ഫുട്ബോൾ പ്രേമിയുടെയും ഉള്ളിൽ പഴയ ചില ലോകകപ്പ് കാലങ്ങളുടെ മധുരമുള്ള ഓർമകൾ ഇരമ്പിയാർക്കുന്നുണ്ടാകും. സാങ്കേതികവിദ്യ ഇത്രത്തോളം വളരുന്നതിന് മുമ്പ്, ഫുട്ബാൾ വെറുമൊരു കളി മാത്രമായിരുന്നില്ല; അതൊരു നാടിന്റെ കൂട്ടായ്മയും കാത്തിരിപ്പുമായിരുന്നു.

​ഇന്ന് മൊബൈൽ സ്ക്രീനിലും ലിവിങ് റൂമിലെ വലിയ ടിവികളിലും വിരൽത്തുമ്പിൽ കളി ലൈവായി എത്തുമ്പോൾ, മനസ്സിലേക്ക് ഓടിയെത്തുന്നത് കാതങ്ങൾ നടന്നുപോയി കളി കണ്ട ആ പഴയ കുട്ടിക്കാലമാണ്. അന്ന് നാട്ടിൽ ഒന്നോ രണ്ടോ വീടുകളിൽ മാത്രമാണ് ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി ഉള്ളത്. വീട്ടിൽ ടിവിയില്ലാത്തതുകൊണ്ട് മാത്രം, പ്രിയപ്പെട്ട ടീമിന്റെ കളി കാണാൻ വലിയ ദൂരങ്ങൾ താണ്ടി അയൽപക്കങ്ങളിലോ ദൂരെയുള്ള ക്ലബ്ബുകളിലോ ഓടിയെത്തിയിരുന്ന ആ രാത്രികൾ ഫുട്ബാൾ സമ്മാനിച്ച വലിയൊരു ലഹരിയായിരുന്നു.

​ചിലപ്പോൾ പകുതി വഴിയിൽ വെച്ച് കറന്റ് പോകുമ്പോൾ റേഡിയോ കമന്ററിക്ക് മുന്നിൽ ശ്വാസമടക്കിപ്പിടിച്ചിരുന്നതും വല്ലപ്പോഴും കെട്ടിവെച്ച വലിയ സ്ക്രീനിലെ പ്രൊജക്ടർ കളി കാണാൻ കിലോമീറ്ററുകൾ നടന്നതുമൊക്കെ ഇന്നത്തെ തലമുറക്ക് വിചിത്രമായി തോന്നാം. എന്നാൽ ആ ദൂരങ്ങൾ നടന്നു തീർത്തത് ഫുട്ബോളിനോടുള്ള അടങ്ങാത്ത പ്രണയം കൊണ്ടുമാത്രമായിരുന്നു.

​നാട്ടിലെ ആ ആവേശക്കടലിൽ നിന്നും പ്രവാസത്തിന്റെ മണലാരണ്യത്തിലേക്ക് മാറിയപ്പോഴും പന്തിനോടുള്ള ഭ്രാന്ത് ഒട്ടും കുറഞ്ഞില്ല. കഴിഞ്ഞ തവണ ഖത്തറിൽ ലോകകപ്പ് നടക്കുമ്പോൾ ഒമാനിൽ ഇരുന്നായിരുന്നു കളികൾ കണ്ടത്. ഗൾഫ് മണ്ണിലെ ആദ്യ ലോകകപ്പ് എന്ന നിലയിൽ ഒമാനിലും അതിന്റെ വലിപ്പവും ആവേശവും ഒട്ടും ചോരാതെ പ്രതിഫലിച്ചിരുന്നു.

​ജോലിത്തിരക്കുകൾക്കിടയിലും റൂമിലെ സുഹൃത്തുക്കൾക്കൊപ്പം ഒത്തുകൂടി, പ്രവാസത്തിന്റെ എല്ലാ ടെൻഷനുകളും മറന്ന്‌ ടിവി സ്ക്രീനിലേക്ക് നോക്കിയിരുന്ന ആ നാളുകൾ മറ്റൊരു മനോഹരമായ അനുഭവമായിരുന്നു. മലയാളി, അറബി, ബംഗാളി എന്ന വ്യത്യാസമില്ലാതെ ഒമാനിലെ ചായക്കടകളിലും കഫേകളിലും ഒരുമിച്ചിരുന്ന് പ്രിയപ്പെട്ട ടീമുകൾക്കായി ആർത്തുവിളിച്ചപ്പോൾ പ്രവാസമെന്ന ദൂരം ഫുട്ബാൾ ഇല്ലാതാക്കുകയായിരുന്നു.

ചരിത്രത്തിലാദ്യമായി 48 ടീമുകളുമായി നടക്കുന്ന ഈ 2026 ലോകകപ്പ് പുതിയൊരു അനുഭൂതിയാണ് സമ്മാനിക്കുന്നത്. സാങ്കേതികവിദ്യ മാറി, കാണുന്ന രീതികൾ മാറി, രാജ്യങ്ങൾ മാറി. എങ്കിലും കളിയോടുള്ള മനുഷ്യന്റെ വികാരം ഇന്നും മാറ്റമില്ലാതെ തുടരുന്നു.

​അന്ന് നാട്ടിൽ ടിവി തിരഞ്ഞു നടന്ന ദൂരങ്ങളിൽ നിന്നും ഒമാന്റെ മണലാരണ്യത്തിലെ വലിയ സ്ക്രീനുകളിലേക്കും അവിടെനിന്ന് ഇന്നത്തെ അത്യാധുനിക ഡിജിറ്റൽ ലോകത്തേക്കുമുള്ള മാറ്റം ഫുട്ബാൾ എന്ന വികാരത്തിന്റെ വളർച്ച കൂടിയാണ്. കാലം എത്ര കഴിഞ്ഞാലും, കളി എവിടെ നടന്നാലും ഈ പന്തുകളിയുടെ ആവേശം ഓരോ ഫുട്ബോൾ പ്രേമിയുടെയും ഉള്ളിൽ ഒരു വറ്റാത്ത ഉറവയായി അങ്ങനെ തന്നെ അവശേഷിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Football and exile: The excitement of the World Cup that has not changed since then
Next Story