ഫുട്ബാൾ: എന്റെ ജീവിതത്തിന്റെ ഒരു യാത്ര
text_fieldsസജി രാജ, സീബ്
എന്റെ ബാല്യകാലത്ത് തന്നെ ഫുട്ബാൾ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. ആലപ്പുഴയിലെ യൂത്ത് വിങ് എഫ്.സി ആയിരുന്നു എന്റെ ആദ്യത്തെ ഫുട്ബാൾ തട്ടകം. ആ ക്ലബ്ബ് ഞങ്ങൾക്ക് ഒരു കളിസ്ഥലം മാത്രമായിരുന്നില്ല; സൗഹൃദങ്ങളും സ്വപ്നങ്ങളും ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുന്ന ഓർമ്മകളും പിറന്ന ഒരു ഇടമായിരുന്നു.
ഞങ്ങളുടെ ഗ്രൗണ്ടിന് അടുത്ത് തന്നെ ബീച്ച് ഉണ്ടായിരുന്നതിനാൽ, കളി കഴിഞ്ഞാൽ കടൽത്തീരത്തേക്ക് ഓടുമായിരുന്നു. മണലിൽ ഫുട്ബോൾ കളിക്കുന്നതിന്റെ രസം വേറെയായിരുന്നു. അവിടെയാണ് ഫുട്ബോളിനോടുള്ള എന്റെ പ്രണയം കൂടുതൽ ആഴമായത്. പഠനവും ചെറുപ്പകാലവും പിന്നിട്ട് ജീവിതത്തിനായി ഗൾഫിലേക്ക് യാത്രയായി. പക്ഷേ, രാജ്യം മാറിയെങ്കിലും ഫുട്ബാൾ ജീവിതത്തിനോടൊപ്പമുണ്ടായിരുന്നു. ബഹ്റൈനിൽ ഇന്റർറ ർ ഹോട്ടൽ ടീമിനുവേണ്ടി ഗോൾകീപ്പറായി കളിച്ചു. ലോകകപ്പ് ഞങ്ങൾക്ക് ഒരു ആഘോഷം തന്നെയായിരുന്നു. ജോലി കഴിഞ്ഞ് എല്ലാവരും റൂമിലെത്തി. ആരോ ചായ ഉണ്ടാക്കും. മറ്റൊരാൾ ഭക്ഷണം കൊണ്ടുവരും. മത്സരം തുടങ്ങുന്നതിന് മണിക്കൂറുകൾ മുമ്പേ എല്ലാവരും ടിവിയുടെ മുന്നിൽ സ്ഥാനം പിടിക്കും.
ബ്രസീലിന്റെ മഞ്ഞ ജേഴ്സി, അർജന്റീനയുടെ നീലയും വെള്ളയും , ജർമനിയുടെ കറുപ്പും വെള്ളയും, പോർച്ചുഗലിന്റെ ചുവപ്പും പച്ചയും... ആ ജഴ്സികൾ കാണുമ്പോൾ തന്നെ ശരീരത്തിലൂടെ ഒരു പ്രത്യേക ആവേശം പായും. 2014 ലോകകപ്പിലെ നെയ്മറിന്റെ പരിക്ക് കണ്ടപ്പോൾ ബ്രസീൽ ആരാധകരായ ഞങ്ങൾ ശരിക്കും വിഷമിച്ചു. പക്ഷേ അതിനേക്കാൾ വലിയ ഞെട്ടൽ സെമിഫൈനലിൽ സംഭവിച്ചു. ജർമനി ബ്രസീലിനെ 7-1ന് പരാജയപ്പെടുത്തിയ ആ രാത്രി. ആദ്യ ഗോൾ വീണപ്പോൾ ‘ഇനി തിരിച്ചു വരും’ എന്ന് കരുതി. ഏഴാമത്തെ ഗോളും വീണു. ഒടുവിൽ ആരും ഒന്നും സംസാരിച്ചില്ല. ഗൾഫിലെ ആ ചെറിയ റൂം അന്ന് ഞങ്ങൾക്ക് മാറക്കാന സ്റ്റേഡിയമായി മാറിയിരുന്നു. ഫുട്ബോൾ എത്ര സന്തോഷം തരുന്നുവോ, അത്ര തന്നെ കണ്ണീരും സമ്മാനിക്കുമെന്ന് അന്നാണ് മനസ്സിലായത്.
2022 ലോകകപ്പ് മറ്റൊരു വികാരമായിരുന്നു. ഫൈനലിലെ ഓരോ നിമിഷവും ശ്വാസം പിടിച്ചിരുന്നാണ് കണ്ടത്. അർജന്റീന ലോകചാമ്പ്യന്മാരായപ്പോൾ, മെസ്സി ലോകകപ്പ് ട്രോഫി ഉയർത്തിയ ആ നിമിഷം കണ്ടപ്പോൾ, ഞങ്ങളുടെ റൂമിൽ കൈയടിയും ആർപ്പുവിളിയും നിറഞ്ഞു. പിന്നീട് കുവൈത്തിലേക്ക് ട്രാൻസ്ഫർ ആയി. അവിടെയും ഫുട്ബോൾ എന്നെ കൈവിട്ടില്ല. എന്റെ പ്രിയ സുഹൃത്തായ ഗുലാം ഭായി മുഖേന ബ്രദേഴ്സ് കേരള ക്ലബിൽ കളിക്കാൻ അവസരം ലഭിച്ചു.
ആ കാലഘട്ടത്തിലെ ഏറ്റവും വലിയ അനുഭവങ്ങളിലൊന്ന് ഇന്ത്യൻ ദേശീയ ടീമിനായി കളിച്ചിരുന്ന ജയകുമാർ ഞങ്ങളോടൊപ്പം കളിക്കാൻ എത്തിയതായിരുന്നു. പിന്നീട് ജീവിതം എന്നെ ഒമാനിലെത്തിച്ചു. സിയാദ് ഭായിയിലൂടെയാണ് യുനൈറ്റഡ് കാർഗോ എഫ്.സിയുടെ ഭാഗമായി. ജോലിയുടെ തിരക്കുകൾക്കിടയിൽ എല്ലാവരും ഒരുമിച്ച് ചേരുന്ന ഒരു സന്തോഷ വേദിയായി ക്ലബ്ബ്. പുതിയ സൗഹൃദങ്ങൾ, പുതിയ അനുഭവങ്ങൾ, പുതിയ ഓർമ്മകൾ...
ഫുട്ബോൾ ഒരു കളി മാത്രമല്ല. അത് നാടിനെയും ഭാഷയെയും മതത്തെയും സംസ്കാരത്തെയും മറികടന്ന് മനുഷ്യരെ ഒന്നിപ്പിക്കുന്ന ഒരു വികാരമാണ്. ലോകകപ്പ് രാത്രികളിൽ മലയാളികളും തമിഴരും ബംഗാളികളും അറബികളും ആഫ്രിക്കക്കാരും ഫിലിപ്പീൻസുകാരും എല്ലാവരും ഒരേ സ്ക്രീനിന് മുന്നിൽ ഇരുന്നു ഒരേ ആവേശത്തിൽ ആർപ്പുവിളിക്കുന്നു. എല്ലാവരുടെയും ഹൃദയമിടിപ്പ് ഒന്നായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

