ഗസ്സയിലേക്ക് ഒമാന്റെ കൈത്താങ്ങ്; ഭക്ഷ്യവസ്തുക്കൾ റഫ അതിർത്തി വഴി കയറ്റിയയച്ചു
text_fieldsഒമാന്റെ ഭക്ഷ്യവസ്തുക്കളടങ്ങിയ വാഹനങ്ങൾ റഫ അതിർത്തിയിൽ എത്തിയപ്പോൾ
മസ്കത്ത്: ഗസ്സ മുനമ്പിലെ ഫലസ്തീൻ ജനതക്കുള്ള ഒമാന്റെ ഭക്ഷ്യവസ്തുക്കൾ റഫ അതിർത്തി വഴി കയറ്റിയയച്ചു. ദിവസങ്ങൾക്കുമുമ്പ് ഒമാൻ ചാരിറ്റബ്ൾ ഓർഗനൈസേഷൻ (ഒ.സി.ഒ), കൈറോയിലെ ഒമാൻ എംബസിയുടെയും ഈജിപ്ഷ്യൻ റെഡ് ക്രസന്റിന്റെയും ഏകോപനത്തിൽ ഈജിപ്തിലെ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 100 ടൺ ഭക്ഷ്യവസ്തുക്കൾ എത്തിച്ചിരുന്നു. ഇതാണ് റഫ അതിർത്തി വഴി ഫലസ്തീൻ റെഡ് ക്രസന്റിന് കൈമാറാൻ കയറ്റിയയച്ചത്.
ഒ.സി.ഒ പ്രതിനിധികൾ റഫ അതിർത്തിയിൽ
ഫലസ്തീനിലേക്കുള്ള ദുരിതാശ്വാസസഹായം അതിന്റെ ഗുണഭോക്താക്കളിൽ എത്തുന്നുവെന്ന് ഉറപ്പാക്കുന്നുണ്ടെന്ന് ഒ.സി.ഒ നേരത്തേ അറിയിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ ചിലർ ആശങ്കയുമായെത്തിയതോടെയാണ് ഒ.സി.ഒ ഇക്കാര്യം വ്യക്തമാക്കിയത്. ജറൂസലം, ഗസ്സ നഗരങ്ങളിലെ പ്രതിനിധി ഓഫിസുകൾ വഴിയും റാമല്ലയിലെ ഒമാൻ എംബസിയുടെയും നേരിട്ടുള്ള ഏകോപനത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.
താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ ഒമാനടക്കമുള്ള വിവിധ രാജ്യങ്ങളിൽനിന്നുള്ള കൂട്ടായ്മകൾ ഫലസ്തീനിലേക്ക് സഹായവുമായി എത്തുന്നുണ്ട്. ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം വിവിധ സമയങ്ങളിൽ ഒമാൻ ആവർത്തിച്ച് പ്രഖ്യാപിച്ചതാണ്. അവിടത്തെ ജനങ്ങളോടൊപ്പമാണ് ഒമാൻ നിലകൊള്ളുന്നതെന്ന് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ദിവസങ്ങൾക്കുമുമ്പ് നടന്ന ഒമാൻ കൗൺസിലിന്റെ എട്ടാം ടേമിന്റെ ആദ്യ വാർഷിക സെഷനിലും അതിനുമുമ്പ് നടന്ന മന്ത്രിസഭ യോഗത്തിലും വ്യക്തമാക്കിയിരുന്നു. ഫലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട് വിവിധ വിദേശകാര്യ മന്ത്രിമാരുമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയും സംസാരിച്ചിരുന്നു.
സംഭാവനകൾ നൽകാം...
ഫലസ്തീനിലെ ജനങ്ങളെ സഹായിക്കാൻ ഒമാൻ ചാരിറ്റബ്ൾ ഓർഗനൈസേഷൻ (ഒ.സി.ഒ) നേരത്തേതന്നെ സംവിധാനമൊരുക്കിയിരുന്നു. ഇതിനകം നിരവധി ആളുകളും സ്ഥാപനങ്ങളുമാണ് ഒ.സി.ഒ വഴി ധനസഹായം കൈമാറിയത്. സംഭാവനകൾ സ്വീകരിക്കുന്നതിനായി വിവിധ മാർഗങ്ങളാണ് ഒ.സി.ഒ ഒരുക്കിയിരിക്കുന്നത്.
ഒനീക് (ഒ.എൻ. ഇ.ഐ.സി) ഓട്ടോമേറ്റഡ് പേമെന്റ് മെഷീനുകൾ വഴിയോ ബാങ്ക് അക്കൗണ്ടിലൂടെയോ (ബാങ്ക് മസ്കത്ത്: 0423010869610013, ഒമാൻ അറബ് ബാങ്ക് അക്കൗണ്ട്: 3101006200500) സംഭാവന കൈമാറാവുന്നതാണ്. പൊതുജനങ്ങൾക്ക് ഫോണിൽനിന്ന് ടെക്സ്റ്റ് മെസേജ് അയച്ചും സംഭാവനയിൽ പങ്കാളിയാകാം. ഒമാൻടെൽ ഉപയോക്താക്കൾക്ക് 90022 എന്ന നമ്പറിലേക്ക് “donate” എന്ന് ടൈപ് ചെയ്തും ഉരീദോയിൽനിന്ന് ‘Palestine’ എന്ന് ടൈപ് ചെയ്തും സന്ദേശങ്ങൾ അയക്കാവുന്നതാണ്. www.jood.om, www.oco.org.om എന്നീ വെബ്സൈറ്റ് വഴിയും സംഭാവന ചെയ്യാം.
ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യവും അവിടത്തെ ജനങ്ങളോടൊപ്പമാണ് ഒമാൻ നിലകൊള്ളുന്നതെന്നും ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ദിവസങ്ങൾക്കുമുമ്പ് നടന്ന ഒമാൻ കൗൺസിലിന്റെ എട്ടാം ടേമിന്റെ ആദ്യ വാർഷിക സെഷനിലും അതിനുമുമ്പ് നടന്ന മന്ത്രിസഭ യോഗത്തിലും വ്യക്തമാക്കിയിരുന്നു.
ഫലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട് വിവിധ വിദേശകാര്യ മന്ത്രിമാരുമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയും സംസാരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

