ഭക്ഷ്യസുരക്ഷ; കൃഷി സ്മാർട്ടാണ്
text_fieldsഡ്രോൺ ഉപയോഗിച്ച് കൃഷിക്ക് മരുന്ന് തളിക്കുന്നു
മസ്കത്ത്: സംരക്ഷിത കൃഷി, സ്മാർട്ട് ജലസേചനം, ഡ്രോൺ ഉപയോഗം എന്നിവയുൾപ്പെടെയുള്ള ആധുനിക കാർഷിക സാങ്കേതികവിദ്യകൾക്ക് രാജ്യത്തിന്റെ കാർഷികമേഖലയിൽ പ്രചാരമേറുന്നു. ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനും പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള തന്ത്രത്തിന്റെ ഭാഗമായി ഒമാൻ അടുത്തിടെ സ്മാർട്ട് കൃഷി സ്വീകരിച്ചു. കാർഷികമേഖലയെ ആധുനീകരിക്കാനും വികസിപ്പിക്കാനും ലക്ഷ്യമിടുന്ന ‘ഒമാൻ വിഷൻ 2040’ ന്റെ ലക്ഷ്യങ്ങളുമായി യോജിപ്പിച്ചാണ് നൂതന കൃഷിരീതികൾ നടപ്പിലാക്കി വരുന്നത്.
ഒമാനിലെ കൃഷിത്തോട്ടങ്ങളിൽനിന്നുള്ള കാഴ്ച
നൂതന കൃഷിരീതികളുടെ വിപുലീകരണ ഘട്ടത്തിലാണ് നിലവിൽ സുൽത്താനേറ്റ്. പ്രധാനമായും ഗവേഷണത്തിലും സ്വകാര്യമേഖലയുടെ പിന്തുണയുള്ള നിക്ഷേപ പദ്ധതികളിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. വിള ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും ചെലവ് കുറക്കുന്നതിനും സ്മാർട്ട് ഫാമിങ് ഉപകരണങ്ങൾ ഉപയോഗിച്ച് കർഷകരെ ശാക്തീകരിക്കുന്നതിനുമായി ആധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾചറൽ ആൻഡ് ലൈവ്സ്റ്റോക്ക് റിസർച്ചിലെ സ്മാർട്ട് അഗ്രികൾചർ ഡിപ്പാർട്മെന്റ് മേധാവി എൻജിനീയർ ബദ്രിയ സെയ്ഫ് അൽ ഹുസ്നി പറഞ്ഞു.
പരമ്പരാഗത സമ്പ്രദായങ്ങളിൽ നൂതനാശയങ്ങൾ സംയോജിപ്പിച്ച്, ഒമാന്റെ കാർഷിക പൈതൃകത്തിന്റെ സംരക്ഷണം ആധുനിക കാർഷിക സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലൂടെ സന്തുലിതമാക്കാൻ തുടർച്ചയായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. ജീൻ ബാങ്കുകളിലൂടെ പ്രാദേശിക സസ്യ ഇനങ്ങൾ സംരക്ഷിക്കുന്നതും ഫലജുകളിലെ (പരമ്പരാഗത ജലസേചന മാർഗങ്ങൾ) ജലവിതരണം മെച്ചപ്പെടുത്തുന്നതും ഇതിനുള്ള ഉദാഹരണങ്ങളാണെന്ന് അവർ പറഞ്ഞു. സമീപ വർഷങ്ങളിൽ മണ്ണില്ലാത്ത കൃഷി (ഹൈഡ്രോപോണിക്സ്), സംയോജിത അക്വാകൾചർ-അഗ്രികൾചർ (അക്വാപോണിക്സ്), ജലസേചന ഷെഡ്യൂളുകളും അളവുകളും നിർണയിക്കാൻ ഭൂമിശാസ്ത്രപരവും കാലാവസ്ഥ ഡേറ്റ വിശകലനവും ആശ്രയിക്കുന്ന പ്രിസിഷൻ ഫാമിങ് സംവിധാനങ്ങൾ തുടങ്ങിയ നിരവധി നൂതന കാർഷിക സാങ്കേതികവിദ്യകൾ ഒമാൻ നടപ്പാക്കിയിട്ടുണ്ട്. മണ്ണിലെ ഈർപ്പം സെൻസറുകൾ ഉപയോഗിച്ചുള്ള സ്മാർട്ട് ഇറിഗേഷൻ സംവിധാനങ്ങൾക്കൊപ്പം, കീടനിയന്ത്രണം, തെങ്ങ് പരാഗണം, വിള നിരീക്ഷണം എന്നിവക്കായി ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്. കൂടാതെ, കൃഷിക്കും ഹരിതഗൃഹ സംവിധാനങ്ങൾക്കും ഊർജം പകരാൻ സൗരോർജം പ്രോത്സാഹിപ്പിക്കുന്നു.
കാർഷിക, കന്നുകാലി ഗവേഷണ ഡയറക്ടറേറ്റ് ജനറൽ കർഷകർക്ക് സ്മാർട്ട് കാർഷിക സാങ്കേതികവിദ്യകളെക്കുറിച്ച് പ്രത്യേക പരിശീലന പരിപാടികൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അൽ ഹോസ്നി ചൂണ്ടിക്കാട്ടി. കാർഷിക പരിപാലനത്തിനായുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ, ഡ്രോൺ പ്രവർത്തനം, മണ്ണില്ലാത്ത കൃഷി എന്നിവ ഇതിൽ ഉൾപ്പെടുന്നു. സാങ്കേതികവിദ്യ കൈമാറുന്നതിനും കർഷകരെ പരിശീലിപ്പിക്കുന്നതിനുമായി പൈലറ്റ് ഫീൽഡ് പ്രോജക്ടുകളും നടപ്പാക്കുന്നുണ്ട്.
ഭക്ഷ്യസുരക്ഷക്കും കാർഷികസുസ്ഥിരതക്കും വേണ്ടിയുള്ള മന്ത്രാലയത്തിന്റെ തന്ത്രത്തിൽ ഈ സാങ്കേതികവിദ്യകൾ കേന്ദ്രബിന്ദുവാണെന്നും സ്മാർട്ട് കൃഷി സ്വീകരിക്കുന്നതിൽ ഒമാൻ നല്ല നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. കർഷകർക്കുള്ള അവബോധ, പരിശീലനപരിപാടികൾക്കൊപ്പം ഗവേഷണ പദ്ധതികളിലൂടെയും ഫീൽഡ് ആപ്ലിക്കേഷനുകളിലൂടെയും ഡിജിറ്റൽ പരിഹാരങ്ങളും ആധുനിക സാങ്കേതികവിദ്യകളും മന്ത്രാലയം സംയോജിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

