വെള്ളപ്പൊക്ക സംരക്ഷണം: അമീറാത്ത് ഡാം ഫെബ്രുവരി 10ന് നാടിന് സമർപ്പിക്കും
text_fieldsഅമീറാത്തിലെ വെള്ളപ്പൊക്ക സംരക്ഷണ അണക്കെട്ട്
മസ്കത്ത്: വെള്ളപ്പൊക്കത്തിൽനിന്ന് സംരക്ഷണം ലക്ഷ്യമിട്ട് അമീറാത്ത് വിലായത്തിൽ ഒരുക്കിയ ഡാം ഫെബ്രുവരി 10ന് നാടിന് സമർപ്പിക്കും. വിലായത്തിലെ അൽ ജുഫൈന പ്രദേശത്ത് ഔഖാഫ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അൽ മാമാരിയുടെ ആഭിമുഖ്യത്തിലായിരിക്കും ഉദ്ഘാടന ചടങ്ങുകൾ. സുൽത്താനേറ്റിന്റെ ജല ലഭ്യത ഉറപ്പുവരുത്താനും മറ്റുമായി വിവിധ വിലായത്തുകളിലായി രാജ്യത്ത് 191 അണക്കെട്ടുകളാണുള്ളത്. ഇവക്ക് 357.7 ദശലക്ഷം ഘനമീറ്റർ സംഭരണശേഷിയാണുള്ളത്. ഡാമുകളിൽ മൂന്ന് ബില്യൺ ക്യുബിക് മീറ്ററിലധികം വെള്ളം സംഭരിച്ചിട്ടുണ്ട്.
മസ്കത്ത് ഗവർണറേറ്റിലെ വാദി അദൈ അണക്കെട്ട്, വാദി അൽ ഖൂദ് സംരക്ഷണ അണക്കെട്ട്, ഖുറിയത്ത് വിലായത്തിലെ മജ്ലാസ് അണക്കെട്ട്, ബൗഷർ വിലായത്തിലെ അൽ അൻസാബ് രണ്ട്, മൂന്ന് അണക്കെട്ടുകൾ എന്നിങ്ങനെ നിരവധി വെള്ളപ്പൊക്ക സംരക്ഷണ പദ്ധതികൾ ഉൾപ്പെടുന്ന വിശാലമായ സംരംഭത്തിന്റെ ഭാഗമാണ് വരാനിരിക്കുന്ന അമീറാത്ത് അണക്കെട്ട്. ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനുമുള്ള സംയോജിത തന്ത്രം സൃഷ്ടിക്കുക എന്നതാണ് പദ്ധതികളുടെ ലക്ഷ്യം.ഈ പദ്ധതികളുടെ രൂപകൽപനാ ഘട്ടം 12 മാസവും മേൽനോട്ട കാലയളവ് 18 മാസവുമാണ്. ജലസംരക്ഷണത്തിനും പരിസ്ഥിതി സ്ഥിരതക്കും ഒമാന്റെ പ്രതിബദ്ധതയാണ് ഇവ തെളിയിക്കുന്നത്.
ഭൂഗർഭജല റീചാർജ് ഡാമുകൾ, ഉപരിതല സംഭരണ അണക്കെട്ടുകൾ, വെള്ളപ്പൊക്ക സംരക്ഷണ അണക്കെട്ടുകൾ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ഡാമുകളാണ് ഒമാനിലുള്ളത്. ഭൂഗർഭ ജല റീചാർജ് ഡാമുകൾ ഭൂഗർഭ ജലാശയങ്ങളിൽ വെള്ളം സംഭരിക്കാൻ സഹായിക്കുന്നു. ഉപരിതല സംഭരണ അണക്കെട്ടുകൾ പർവതപ്രദേശങ്ങൾക്ക് സുസ്ഥിരമായ ജലസ്രോതസ്സുകൾ നൽകുന്നു. വെള്ളപ്പൊക്ക അപകടങ്ങളിൽ നിന്നും കടൽ വെള്ളത്തിന്റെ കടന്നുകയറ്റത്തിൽനിന്നും പ്രദേശങ്ങളെ സംരക്ഷിക്കാനാണ് വെള്ളപ്പൊക്ക സംരക്ഷണ അണക്കെട്ടുകൾ ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

