പ്രളയകെടുതി: ആശങ്കയിൽ പ്രവാസലോകം
text_fieldsമസ്കത്ത്: കേരളത്തെ വിഴുങ്ങിയ പ്രളയക്കെടുതിയെ കുറിച്ച ആശങ്കയിൽ തീ തിന്ന് പ്രവാസി മലയാളികളും. വിവിധ ജില്ലകളിൽ പ്രളയക്കെടുതിയിൽ കുടുങ്ങികിടക്കുന്നവരിൽ പ്രവാസികളിൽ പലരുടെയും കുടുംബാംഗങ്ങളും ഉറ്റബന്ധുക്കളും നാട്ടുകാരുമൊക്കെയുണ്ട്. പലരുടെയും വിവരങ്ങൾ അറിയാത്തതിനാൽ എന്ത് ചെയ്യണമെന്നറിയാതെ പരക്കം പായുകയാണ് പ്രവാസി സമൂഹം. പത്തനംതിട്ടയിലും ഇടുക്കിയിലും പ്രളയക്കെടുതി രൂക്ഷമായ പ്രദേശങ്ങളിൽ കഴിയുന്നവരുമായി ബന്ധപ്പെടാൻ പോലും കഴിയാത്ത അവസ്ഥയുണ്ട്. പലയിടങ്ങളിലും മൊബൈൽ ടവറുകളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്.
വെള്ളം കയറിയതിനെ തുടർന്ന് ഒറ്റനില വീടിെൻറ മേൽക്കൂരയിൽ അഭയം പ്രാപിച്ച സഹോദരിയും മകനും ഭർതൃമാതാവും സുരക്ഷിത സ്ഥാനത്ത് എത്തിയതിെൻറ ആശ്വാസത്തിലാണ് മസ്കത്തിൽ ജോലി ചെയ്യുന്ന ചെങ്ങന്നൂർ സ്വദേശി രാജീവ്. ബുധനാഴ്ച മുതൽ വീടിെൻറ ടെറസിൽ അഭയം തേടിയ ഇവരെ വ്യാഴാഴ്ച ഉച്ചയോടെ രക്ഷാ സംഘമെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അറിയാൻ സാധിച്ചതായി രാജീവ് പറഞ്ഞു.
പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിൽ പൊതുവെ സുരക്ഷിതമെന്ന് കരുതിയ സ്ഥലങ്ങളിൽ പോലും വെള്ളമുയരാൻ തുടങ്ങിയതിെൻറ ഞെട്ടലിലാണ് പലരും. മണിമലയാറിെൻറ കൈവഴിയുടെ തീരത്ത് തിരുവല്ല കാരക്കലിലുള്ള തെൻറ വീട്ടിൽ വ്യാഴാഴ്ച രാവിലെ മുതൽ വെള്ളമുയരാൻ തുടങ്ങിയതായി സാമൂഹിക പ്രവർത്തക സരസ്വതി മനോജ് പറഞ്ഞു. പ്രായമായ അച്ഛനും അമ്മയും മാത്രമാണ് ഇവിടെയുള്ളത്. സമീപത്തെ വീടുകളിൽ ആരുമില്ലാത്തതിനാൽ ഇവരോട് വീടൊഴിഞ്ഞു പോകാൻ പറഞ്ഞതായി സരസ്വതി പറഞ്ഞു. പിന്നീട് ഇവരുമായുള്ള ടെലിഫോൺ ബന്ധം നഷ്ടപ്പെട്ടതിെൻറ ആശങ്കയിലാണുള്ളത്. ആലുവയും പരിസരവും വെള്ളത്തിൽ മുങ്ങികഴിഞ്ഞു. ഇവിടെ ഫ്ലാറ്റിൽ നിന്ന് വീടൊഴിഞ്ഞ കുടുംബത്തെ കുറിച്ച വിവരങ്ങളൊന്നും അറിയാതെ കഴിയുകയാണ് സീബിൽ ജോലി ചെയ്യുന്ന നവാസ്. എറണാകുളത്തും കോട്ടയത്തും ആലപ്പുഴയിലും വയനാട്ടിലും പാലക്കാടിലുമൊക്കെ വെള്ളപ്പൊക്ക കെടുതിയനുഭവിക്കുന്നവരിൽ പ്രവാസികളുടെ കുടുംബാംഗങ്ങളും അവധിക്ക് നാട്ടിൽ പോയ പ്രവാസികളുമൊക്കെയുണ്ട്.
സകല കണക്കു കൂട്ടലും തെറ്റിച്ചാണ് പ്രകൃതിയുടെ സംഹാര താണ്ഡം. വെള്ളം പൊങ്ങില്ലെന്ന് കരുതിയ മേഖലകൾ കൂടി പ്രളയക്കെടുതിയിൽ മുങ്ങിയതോടെ പ്രവാസികളുടെ പരിഭ്രാന്തി പരകോടിയിൽ എത്തിനിൽക്കുകയാണ്. എംബസിയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് എത്തിയ അന്യ സംസ്ഥാനക്കാരായ ആളുകളും സംസാരിച്ചത് നാട്ടിലെ പ്രളയ കെടുതിയെ കുറിച്ചായിരുന്നു. നാട്ടിൽ മിക്കയിടത്തും വൈദ്യുതി ബന്ധം തകരാർ ആയതിനാൽ ടെലിവിഷനിൽ തത്സമയ വാർത്തകൾ കേൾക്കാൻ സാധിക്കാത്തവർ നാട്ടിലെ ദുരന്ത ചിത്രം അറിയുന്നത് ഇവിടെ നിന്നും വിളിക്കുമ്പോൾ മാത്രമാണ്.
മസ്കത്തിലെ പലയിടത്തും ആരാധനാലയങ്ങളിൽ മഴക്കെടുതിക്ക് ശമനമുണ്ടാകാൻ പ്രത്യേക പ്രാർത്ഥനകൾ നടത്തി. ജാതി, മത രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് നാട്ടിലെ ദുരിതബാധിതർക്ക് കൈതാങ്ങാകാൻ ഒമാനിലെ മലയാളികളും മുന്നിട്ടിറങ്ങിയിട്ടുണ്ട്.
ഇന്ന് മുതൽ നീണ്ട അവധി ദിനങ്ങൾ ആരംഭിക്കുന്നതിനാൽ ദുരിതാശ്വാസ ധന സമാഹരണത്തിനും മറ്റുമായി സന്നദ്ധ സംഘടനകൾ മുന്നിട്ടിറങ്ങും. അതോടൊപ്പം മാസങ്ങളോളം നീണ്ടു നിൽക്കാറുള്ള ഒമാനിലെ ഓണം ബക്രീദ് ആഘോഷങ്ങൾ ഇത്തവണ പേരിനു മാത്രമായിരിക്കും. പല കൂട്ടായ്മകളും ഇതിനോടകം തങ്ങളുടെ ഓണം ഈദ് ആഘോഷങ്ങൾ വേണ്ടെന്നു വെച്ച് ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
