സലാല: കേരളത്തിലെ പ്രളയത്തിൽ വീടും വീട്ടുപകരണങ്ങളും മറ്റു സ്വത്തുക്കളും രേഖകളും നഷ്ടമായ പ്രവാസികൾക്ക് വേണ്ട നഷ്ടപരിഹാരങ്ങളും സഹായങ്ങളും ഉറപ്പാക്കാൻ നോർക്കയും ഇന്ത്യൻ സോഷ്യൽ ക്ലബും കാര്യമായ ഇടപെടലുകൾ നടത്തണമെന്ന് ഇന്ത്യൻ വെൽഫെയർ ഫോറം സലാലയിൽ സംഘടിപ്പിച്ച പ്രളയബാധിതരുടെ സംഗമം ആവശ്യപ്പെട്ടു. വിവിധ ജില്ലകളിലെ പ്രളയ ബാധിതരായ നിരവധി പ്രവാസികൾ പരിപാടിയിൽ പെങ്കടുത്തു.
പ്രവാസികളായ ദുരിതബാധിതരെ സഹായിക്കുക എന്നത് ഓരോരുത്തരുടെയും കടമയാണെന്ന് സംഗമത്തിൽ അധ്യക്ഷത വഹിച്ച ഇന്ത്യൻ വെൽഫെയർ ഫോറം പ്രസിഡൻറ് യു.പി. ശശീന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരണം നടത്തുന്ന ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം, ശേഖരിക്കുന്ന തുകയുടെ ഒരു വിഹിതം പ്രളയത്തിൽ ദുരിതമനുഭവിച്ച സലാലയിലെ പ്രവാസികൾക്ക് ലഭിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാർ ഇതുവരെ പ്രഖ്യാപിച്ച സഹായങ്ങൾ നേടിയെടുക്കാൻ ദുരിതബാധിതർ ശ്രമിക്കണമെന്നും അതിന് വേണ്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവെന്ന് എല്ലാവരും ഉറപ്പാക്കണമെന്നും വെൽഫെയർ പാർട്ടി കേരള അധ്യക്ഷൻ ഹമീദ് വാണിയമ്പലം വിഡിയോ സന്ദേശത്തിൽ പറഞ്ഞു. നാട്ടിൽ വെൽഫെയർ പാർട്ടി പ്രാദേശിക ഘടകങ്ങൾ അതിനാവശ്യമായ പിന്തുണയും സഹായങ്ങളും നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
ഐക്യത്തോടെയും പരസ്പര സഹകരണത്തോടെയും ഈ ദുരന്തത്തെ അതിജീവിച്ചുകൊണ്ടിരിക്കുന്ന കേരളം ലോകത്തിന് തന്നെ മാതൃകയാണെന്ന് ചർച്ചകൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ വെൽഫെയർ ഫോറം ജനറൽ സെക്രട്ടറി എ.കെ.വി. ഹലീം പറഞ്ഞു.
പരിസ്ഥിതിയെ ഒട്ടും പരിഗണിക്കാത്ത അന്ധമായ വികസന കാഴ്ചപ്പാടുകൾ മാറണമെന്നും പരിസ്ഥിതി സൗഹൃദ വികസന നയങ്ങൾ സർക്കാറുകൾ രൂപപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ.ജി സുബ്രൻ, സുദർശനൻ, ഹരിദാസ്, ഐ.എസ്.സി മലയാളം വിഭാഗം കൺവീനർ ആർ.എം. ഉണ്ണിത്താൻ, സലീം സേട്ട്, സായ് റാം എന്നിവർ സംസാരിച്ചു. എസ്.എൻ.ഡി.പി, ഐ.എം.ഐ, എൻ.എസ്.എസ് തുടങ്ങിയ സംഘടനകൾ വെൽഫെയർ ഫോറത്തിെൻറ നേതൃത്വത്തിൽ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തു.
വെൽഫെയർ ഫോറം ജനസേവന വിഭാഗം കൺവീനർ അലി അരുണിമ സംബന്ധിച്ചു. ദുരന്തത്തിൽ മരണമടഞ്ഞവരോടുള്ള ആദരസൂചകമായി ഒരു മിനിറ്റ് മൗനമാചരിച്ചു. സെക്രട്ടറി തഴവ രമേശ് സ്വാഗതവും ന്യൂ സലാല ഏരിയ പ്രസിഡൻറ് ഡെന്നി ജോൺ നന്ദിയും പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2018 10:13 AM GMT Updated On
date_range 2019-03-18T10:59:55+05:30പ്രളയ നഷ്ടപരിഹാരം: നോർക്ക ഇടപെടണം –പ്രളയബാധിതരുടെ സംഗമം
text_fieldsNext Story