‘ഫ്ലക്സിബിള്‍’ ജോലിസമയം വീട്ടിലേക്ക് ഇനി ശുഭയാത്ര
text_fieldsമസ്കത്ത് നഗരത്തിലെ റോഡുകളിലെ വാഹനങ്ങളുടെ നീണ്ടനിര (ഫയൽ)
മസ്കത്ത്: സർക്കാർ മേഖലയിലെ റമദാൻ മാസത്തിൽ ‘ഫ്ലക്സിബിള്‍’ രീതി അനുസരിച്ചുള്ള ജോലി സമയം ജീവനക്കാർക്ക് ഗുണകരമാകുന്നതോടൊപ്പം നിരത്തുകളിലെ തിരക്കൊഴിവാക്കുന്നതിനും സഹായകമാകും. ‘ഫ്ലക്സിബിൾ’ സംവിധാനം അനുസരിച്ച് സർക്കാർ മേഖലയിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് രണ്ടുമണി വരെയാണ് ഔദ്യോഗിക പ്രവൃത്തി സമയം.
എന്നാൽ, യൂനിറ്റ് മേധാവികൾക്ക് രാവിലെ ഏഴുമുതൽ ഉച്ചക്ക് 12, എട്ട് മുതൽ ഉച്ചക്ക് ഒരുമണി, ഒമ്പത് മുതൽ ഉച്ചക്ക് രണ്ടു മണി, രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് എന്നിങ്ങനെയുള്ള തൊഴിൽ സമയക്രമം അനുസരിച്ച് തീരുമാനിക്കാവുന്നതാണെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. സാധാരണയായി വൈകീട്ടോടെ പ്രധാന റോഡുകളിൽ, പ്രത്യേകിച്ച് മസ്കത്ത് എക്സ്പ്രസ് വേയിലും റുസൈലിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലും വാഹനങ്ങളുടെ നീണ്ട നിര കാണാറുണ്ട്. ജോലി കഴിഞ്ഞ് ആളുകൾ വീട്ടിലേക്ക് മടങ്ങുന്ന സമയമായതിനാലാണ് ഇത്തരം കുരുക്കുകൾ പലപ്പോഴും അനുഭവപ്പെടുന്നത്.
റമദാൻ മാസത്തിലും ആളുകൾ പെട്ടെന്ന് വീടണയാൻ ശ്രമിക്കുന്നവരായിരിക്കും. എന്നാൽ, ഫ്ലക്സിബിൾ ജോലി സമയം കാരണം ആളുകൾ ഘട്ടംഘട്ടമായായിരിക്കും ഓരോ ഓഫിസുകളിൽനിന്നും ഇറങ്ങുക. ഇത് നിരത്തുകളിലെ കുരുക്ക് കുറക്കാനും അപകടങ്ങൾ ഒഴിവാക്കാനും സഹായകമാകുമെന്ന് ചൂണ്ടിക്കാണിക്കുന്നു.

